| Friday, 11th August 2023, 11:02 pm

അയാളെ പോലെ മറ്റൊരാള്‍ അത്ര എളുപ്പമാവില്ലല്ലോ! ഇന്ത്യന്‍ ടീമിന്റെ പ്രധാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ലോകകപ്പിന് ഇനി നാളുകള്‍ ഏറെയില്ല. ഒക്ടോബര്‍ അഞ്ചിന് കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മില്‍ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടും. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പായത്‌കൊണ്ട് തന്നെ ഇന്ത്യക്ക് ഒരുപാട് പ്രതീക്ഷകള്‍ ആ ലോകകപ്പിലുണ്ട്.

തട്ടകത്തിന്റെ മുന്‍തൂക്കത്തോടൊപ്പം വമ്പന്‍ താരനിരയും ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. പരിക്കുകളും ചില താരങ്ങളുടെയും ഫോമില്ലായ്മയും ടീമിനെ പുറകോട്ടടിപ്പിക്കുന്നുണ്ട്. ഇതിനെയെല്ലാം മറികടന്ന് ഇന്ത്യ ലോകകപ്പ് നേടുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഇതത്ര എളുപ്പമാവില്ല.

ടീമിന്റെ പ്രധാന ദൗര്‍ബല്യത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ടീമിന്റെ നായകനായ രോഹിത് ശര്‍മ. മധ്യനിരയിലെ പ്രശ്‌നങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. നാലാം നമ്പറാണ് ഇന്ത്യയെ അലട്ടുന്നതെന്നും യുവരാജ് സിങ്ങിന് ശേഷം ആ പൊസിഷനില്‍ നിലയുറപ്പിച്ചയാരുമില്ലെന്നുമാണ് രോഹിത് പറയുന്നു.

‘നാലാം നമ്പര്‍ ഏറെ നാളുകളായി ഇന്ത്യക്ക് മുന്നിലുള്ള പ്രധാന പ്രശ്നമാണ്. യുവരാജ് സിങ്ങിന് ശേഷം ഈ പൊസിഷനില്‍ നിലയുറപ്പിച്ച മറ്റൊരു താരവുമില്ല’- രോഹിത് ശര്‍മ പറഞ്ഞു. ഇത് ഇന്ത്യക്ക് മുന്നിലെ പ്രധാന പ്രശ്നം തന്നെയാണ്. നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാം നമ്പറില്‍ കെ.എല്‍. രാഹുലുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടുപേരുടെയും ഫിറ്റ്നസാണ് പ്രശ്നം. ഏറെ നാളുകളായി ഇവര്‍ ടീമിന് പുറത്താണ്.

ലോകകപ്പിന് മുമ്പ് ഇവര്‍ക്ക് ഫിറ്റ്നസ് വീണ്ടെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഫിറ്റ്നസ് വീണ്ടെടുത്താലും പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. ഇത് ഇന്ത്യക്ക് മുന്നിലെ പ്രധാന ആശങ്കയാണ്. ഇരുവര്‍ക്കും കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ആരാവും പകരമെന്നതും വലിയ ചോദ്യം. ഇന്ത്യക്ക് നാലാം നമ്പറിലേക്ക് ബാക്കപ്പായി പരിഗണിക്കാന്‍ സാധിക്കുന്നത് സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരെയാണ്.

ഇവരെയെല്ലാം ബാക്കപ്പായി നിലവില്‍ ഇന്ത്യ പിന്തുണക്കുന്നുണ്ട്. പക്ഷെ ഇവരെയൊന്നും വിശ്വസ്തരെന്ന് പറയാന്‍ സാധിക്കില്ല. ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ്. ലോകകപ്പിന് മുമ്പ് ശ്രേയസിന് ഫോം കണ്ടെത്താനായാല്‍ ഇന്ത്യക്കത് വലിയ ആശ്വാസമാവും. അല്ലാത്ത പക്ഷം കാര്യങ്ങള്‍ പ്രയാസകരമായിരിക്കും.

യുവതാരം തിലക് വര്‍മയെ നാലാം നമ്പറിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്. നിലവില്‍ ഇന്ത്യക്കായി ടി-20 അരങ്ങേറ്റം നടത്താന്‍ തിലകിന് സാധിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 മത്സരങ്ങളിലൂടെ അദ്ദേഹം കഴിവ് തെളിയിച്ചിട്ടുമുണ്ട്. പക്ഷെ ഇതുവരെ ഏകദിന ഫോര്‍മാറ്റില്‍ അരങ്ങേറാത്ത താരത്തെ പെട്ടെന്ന് ലോകകപ്പ് പദ്ധതികളുടെ ഭാഗമാക്കാന്‍ ഇന്ത്യ തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്. മികച്ച ഇടം കയ്യന്‍ ബാറ്റര്‍മാരുടെ അഭാവം ഇന്ത്യക്കുണ്ട്.

Content Highlight: Rohit Sharma says Indian Teams problem for worldcup

We use cookies to give you the best possible experience. Learn more