എല്ലാം ആ ലോകകപ്പിലെ പോലെ നടക്കാന്‍ ആഗ്രഹിക്കുന്നില്ല , ഇത് 2023 ആണ്; ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ
Sports News
എല്ലാം ആ ലോകകപ്പിലെ പോലെ നടക്കാന്‍ ആഗ്രഹിക്കുന്നില്ല , ഇത് 2023 ആണ്; ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 26th September 2023, 8:21 pm

2023 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നിരവധി ട്രോഫികളിലേക്ക് നയിച്ച രോഹിത് ഇന്ത്യയെ നയിക്കുന്ന ആദ്യ ഏകദിന ലോകകപ്പാണിത്.

അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പ് ഉള്‍പ്പടെ ഇന്ത്യക്ക് രണ്ട് ഏഷ്യാ കപ്പ് കിരീടം നേടികൊടുത്ത നായകനാണ് രോഹിത്. 2011ന് ശേഷം ഇന്ത്യയില്‍ വെച്ച് നടക്കുന്ന ലോകകപ്പ് ആയതിനാല്‍ ഒരുപാട് പ്രതീക്ഷളുമായാണ് രോഹിത്തിന്റെ കീഴില്‍ ഇന്ത്യ ഇറങ്ങുന്നത്.

2019ല്‍ അവസാനമായി ഇംഗ്ലണ്ട് വേദിയായ ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികളുമായി രോഹിത് ചരിത്രം കുറിച്ചിരുന്നു. ഇത്തവണയും സമാനമായൊരു പ്രകടനം പുറത്തെടുക്കുമോയെന്ന ചോദ്യത്തിനു അദ്ദേഹം നല്‍കിയ മറുപടി വൈറലായിരിക്കുകയാണ്. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാറിനു അദ്ദേഹത്തിന്റെ യൂട്യുബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹിറ്റ്മാന്‍.

താനോ, ടീമിലെ മറ്റേതെങ്കിലും താരമോ സെഞ്ച്വറികള്‍ നേടുന്നതിലല്ല കാര്യമെന്നും ഇന്ത്യ ലോകകപ്പ് നേടുകയെന്നതാണ് അതിനേക്കാള്‍ പ്രധാനമെന്നുമായിരുന്നു വിമല്‍ കുമാറിനു നല്‍കിയ അഭിമുഖത്തില്‍ രോഹിത്തിന്റെ വാക്കുകള്‍. 2019 ലോകകപ്പില്‍ താന്‍ ഒരുപാട് പരിശീലനം നത്തിയിരുന്നുവെന്നും ഇത്തവണയും അങ്ങനെതന്നെയാണ് വിശ്വാസമെന്നും രോഹിത് പറയുന്നു.

നേരത്തെ സംഭവിച്ച കാര്യം വീണ്ടു സംഭവിക്കണമെന്ന പ്രവണത നമുക്കെല്ലാമുണ്ടെന്നും എന്നാല്‍ 2019ലെ പോലെ എല്ലാ കാര്യവും നടന്നാല്‍ നമുക്ക് ലോകകപ്പ് ലഭിക്കില്ലെന്നും രോഹിത് അഭിപ്രായപ്പെട്ടു.

‘ഈ ലോകകപ്പിലും ഞാന്‍ നന്നായി പെര്‍ഫോം ചെയ്യാനും നല്ല മാനസികാവസ്ഥയില്‍ തുടരാനും ശ്രമിക്കും. കാരണം 2019ലെ കഴിഞ്ഞ ലോകകപ്പില്‍ സംഭവിച്ചത് ഇതായിരുന്നു. ആ വര്‍ഷം ഞാന്‍ വളരെ നന്നായി പരിശീലനം നടത്തിയിരുന്നു. ഈ വര്‍ഷവും ഞാന്‍ അത് തന്നെയാണ് ആഗ്രഹിക്കുന്നത്. പക്ഷെ ഒരിക്കല്‍ക്കൂടി പറയട്ടെ അത് 2019ഉം ഇതു 2023ഉം ആണ്.

നേരത്തേ സംഭവിച്ച ഒരു കാര്യം വീണ്ടും സംഭവിക്കണമന്നു ആഗ്രഹിക്കുന്ന ഒരു പ്രവണത നമുക്കുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ഞാന്‍ അഞ്ച് സെഞ്ച്വറികള്‍ നേടിയിരുന്നു, പക്ഷെ നമ്മള്‍ ലോകകപ്പില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ 2019ലെ ലോകകപ്പിലേതു പോലെ എല്ലാ കാര്യങ്ങളും നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ സംഭവിക്കേണ്ടതില്ല. ഇത്തവണ ലോകകപ്പില്‍ ഞാന്‍ ഒന്നോ, രണ്ടോ സെഞ്ച്വറികളോ അല്ലെങ്കില്‍ ഒന്നു പോലും നേടാതിരിക്കുകയോ ചെയ്താലോ അത് കാര്യമാക്കുന്നില്ല. ലോകകപ്പ് ജയിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആര്, എത്ര സെഞ്ച്വറികള്‍ നേടുന്നു എന്നതിലൊന്നും കാര്യമില്ല. ലോകകപ്പ് ട്രോഫിയാണ് പ്രധാനം. അതു ജയിക്കാനായില്ലെങ്കില്‍ അതു വലിയ നിരാശയായിരിക്കും ്,’ രോഹിത് വ്യക്തമാക്കി.

ഇംഗ്ലണ്ട് ജേതാക്കളായ അവസാനത്തെ ലോകകപ്പില്‍ കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ രോഹിത് കാഴ്ചവച്ചത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു എഡിഷനില്‍ ഏറ്റവുമധികം സെഞ്ച്വറികളടിച്ച താരമെന്ന ലോക റെക്കോര്‍ഡും അന്നു അദ്ദേഹം തന്റെ പേരിലാക്കിയിരുന്നു.
ശ്രീലങ്കയുടെ ഇതിഹാസ താരമായ സംഗയുടെ റെക്കോഡായിരുന്നു രോഹിത് തകര്‍ത്തത്.

 

Content Highlight: Rohit Sharma Says he is Not Focusing On Scoring Hundreds but to win worldcup