ഐ.പി.എല്ലില്‍ ഇന്നലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈക്കെതിരെ ചെന്നൈ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. 20 റണ്‍സിനാണ് മുംബൈയെ ചെന്നൈ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് ആണ് നേടിയത്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് ആണ് മുംബൈയ്ക്ക് നേടാന്‍ സാധിച്ചത്.
മുംബൈയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് രോഹിത് ശര്‍മയാണ്. 63 പന്തില്‍ നിന്ന് 11 ഫോറും അഞ്ച് സിക്സ് ഉള്‍പ്പെടെ 105 റണ്‍സ് നേടി പുറത്താകാതെയാണ് താരം മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇതോടെ രോഹിത് തന്റെ ഐ.പി.എല്‍ കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് നേടുന്നത്.
മാത്രമല്ല ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന ഇന്ത്യന്‍ താരമെന്നനേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു. 501 സിക്‌സറുകളാണ് താരം അടിച്ചെടുത്തത്.
ടീമിന് വേണ്ടി 105* റണ്‍സ് നേടിയിട്ടും വിജയിക്കാന്‍ സാധിക്കാത്തതില്‍ രോഹിത് ഏറെ നിരാശനായി കളം വിട്ട് പോകുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
രോഹിത്തിന് പുറമേ ഇഷാന്‍ കിഷന്‍ 23 റണ്‍സും തിലക് 31 റണ്‍സും നേടി ടീമിന് ഉയര്‍ന്ന സ്‌കോര്‍ നല്‍കി. മറ്റാര്‍ക്കും തന്നെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മുംബൈയ്ക്ക് വേണ്ടി ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ശ്രേയസ് ഗോപാല്‍, ജെറാള്‍ഡ് കോട്സി എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
ഇതോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ മൂന്നാം സ്ഥാനത്തും മുംബൈ എട്ടാം സ്ഥാനത്തുമാണ്. എപ്രില്‍ 19ന് ലഖ്‌നൗവുമായിട്ടാണ് ചെന്നൈയുടെ അടുത്ത മത്സരം.
Content Highlight: Rohit Sharma Sad After Lose Against CSK