ഇന്ത്യന്‍ ആരാധകരെയും ക്രിക്കറ്റ് നിരീക്ഷകരേയും ഞെട്ടിച്ച് രോഹിത്തിന്റെ ക്യാപ്റ്റന്‍സി; ഇതായിരുന്നല്ലെ പന്തിനെ കളിപ്പിക്കാതിരുന്നത്
Cricket
ഇന്ത്യന്‍ ആരാധകരെയും ക്രിക്കറ്റ് നിരീക്ഷകരേയും ഞെട്ടിച്ച് രോഹിത്തിന്റെ ക്യാപ്റ്റന്‍സി; ഇതായിരുന്നല്ലെ പന്തിനെ കളിപ്പിക്കാതിരുന്നത്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 28th August 2022, 10:52 pm

ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഇന്ത്യ-പാക് മത്സരം പുരോഗമിക്കുകയാണ്. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി മികച്ച പ്രകടനമാണ് ബൗളര്‍മാര്‍ നടത്തിയത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 19.5 ഓവറില്‍ 147 റണ്‍സാണ് നേടാന്‍ സാധിച്ചത്. മീഡിയം പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റുകള്‍ നേടിയപ്പോള്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി കൊണ്ട് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ മികച്ച പിന്തുണ് നല്‍കി. ബുംറയ്ക്ക് പകരക്കാരനായി ടീമിലെത്തിയ അര്‍ഷദീപ് സിങ്ങ് രണ്ട് വിക്കറ്റ് സ്വന്തമാക്കി തന്റെ സെലക്ഷനെ ജസ്റ്റിഫൈ ചെയ്തു. ആവേശ് ഖാന്‍ ഒരു വിക്കറ്റ് നേടിയിരുന്നു.

പാകിസ്ഥാന് വേണ്ടി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ 42 പന്തുകളില്‍ നിന്നും 43 റണ്‍സ് നേടിയപ്പോള്‍ നായകനായ ബാബര്‍ അസമിന് തിളങ്ങനായില്ല. ഒമ്പത് പന്ത് നേരിട്ട ബാബര്‍ 10 റണ്‍സുമായി ഭുവിക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

ടോസ് ടൈമില്‍ സൂപ്പര്‍താരം റിഷബ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ആരാധകരെയും ക്രിക്കറ്റ് നിരീക്ഷകരേയും ഞെട്ടിച്ചിരുന്നു. പന്തിന് പകരം വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്കിനെയായിരുന്നു ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ഇതിനെതിരെ ആരാധകരും ക്രിക്കറ്റ് അനലിസ്റ്റുകളും രംഗത്തെത്തിയിരുന്നു. മിഡില്‍ ഓര്‍ഡറില്‍ ഒരു ലെഫ്റ്റ് ഹാന്‍ഡര്‍ പോലുമില്ലാതെ എന്താണ് ഉദ്ദേശിക്കുന്നത് എന്നായിരുന്നു എല്ലാവരും ഉന്നയിച്ച സംശയം. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യന്‍ ടീമില്‍ ലെഫ്റ്റ് ഹാന്‍ഡഡ് ബാറ്ററായി ടീമില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ എല്ലാം കൃത്യമായി പ്ലാന്‍ ചെയ്തുകൊണ്ടാണ് രോഹിത്തും സംഘവും മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ ബാറ്റിങ്ങിന്റെ രണ്ടാം വിക്കറ്റ് നഷ്ടമായപ്പോള്‍ വിമര്‍ശകര്‍ക്കും ആരാധകര്‍ക്കും ഇക്കാര്യം മനസിലായിട്ടുണ്ട്. നാലാമനായി ക്രീസിലെത്തിയത് ഒരേ ഒരു ലെഫ്റ്റ് ഹാന്‍ഡഡ് ബാറ്ററായ ജഡേജയാണ്.

ഒരു ബാറ്റര്‍ എന്ന നിലയില്‍ അണ്ടര്‍ റേറ്റഡാായ ജഡ്ഡുവിനെ ഉപയോഗിക്കാന്‍ തന്നെയാണ് രോഹിത്തെന്ന നായകന്റെ ഉദ്ദേശമെന്ന് ഇതിലൂടെ വ്യക്തമാണ്. മത്സരത്തില്‍ ബാറ്റ് കൊണ്ട് ഇംപാക്റ്റ് ഉണ്ടാക്കാന്‍ ജഡേജക്ക് സാധിച്ചാല്‍ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയായിരിക്കുമത്.

Content Highlight: Rohit Sharma’s  tactical move promote Ravindra Jadeja to number four