| Sunday, 12th November 2023, 4:38 pm

റെക്കോഡിട്ട് മടുക്കുന്നില്ലേ! ഇവനെ തടുക്കാന്‍ ആര്‍ക്ക് പറ്റും? രോഹിത്തിന്റെ അശ്വമേധം അവസാനിക്കുന്നില്ല

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പില്‍ ഇന്ത്യയുടെ അവസാന ലീഗ് ഘട്ട മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍. 2023 ലോകകപ്പില്‍ ഇതുവരെ പരാജയം രുചിക്കാത്ത ഇന്ത്യ തങ്ങളുടെ അവസാന മത്സരത്തിലും വിജയം നേടി സെമിയിലേക്ക് പറക്കാനുള്ള ഒരുക്കത്തിലാണ്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ഇന്ത്യക്കായി നല്‍കിയത്. ഒന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തി. നൂറ് റണ്‍സാണ് ആദ്യ വിക്കറ്റില്‍ രോ-ഗില്‍ സഖ്യം സ്വന്തമാക്കിയത്.

32 പന്തില്‍ 51 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പോള്‍ വാന്‍ മീകരന്റെ പന്തില്‍ തേജ നിദമാനുരുവിന് ക്യാച്ച് നല്‍കിയാണ് ഗില്‍ പുറത്തായത്.

അധികം വൈകാതെ രോഹിത്തും പുറത്തായി. ഇന്ത്യന്‍ സ്‌കോര്‍ 129ല്‍ നില്‍ക്കവെ ബാസ് ഡി ലീഡിന്റെ പന്തില്‍ വെസ്‌ലി ബെറാസിക്ക് ക്യാച്ച് നല്‍കിയായിരുന്നു രോഹിത്തിന്റെ മടക്കം.

54 പന്തില്‍ 61 റണ്‍സടിച്ചാണ് രോഹിത് പുറത്തായത്. എട്ട് ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ നായകന്റെ ഇന്നിങ്‌സ്.

ഈ റെക്കോഡ് നേട്ടത്തിന് പിന്നാലെ പല റെക്കോഡുകളും രോഹിത് ശര്‍മയെ തേടിയെത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയുമടക്കം പല റെക്കോഡ് നേട്ടങ്ങളും മറികടന്നാണ് രോഹിത് ഈ റെക്കോഡിട്ടത്.

തുടര്‍ച്ചയായ ലോകകപ്പുകളില്‍ 500+ റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരം എന്ന റെക്കോഡാണ് ഇതില്‍ പ്രധാനപ്പെട്ടത്. 2019 ലോകകപ്പില്‍ 648 റണ്‍സ് നേടിയ രോഹിത് ഈ മത്സരത്തിലെ അര്‍ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ 500 റണ്‍സ് മാര്‍ക് പിന്നിടുകയും ചെയ്തു.

ഇതിന് പുറമെ ഒരു ലോകകപ്പില്‍ ക്യാപ്റ്റന്റെ റോളിലെത്തി ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം (24), ഏറ്റവുമധികം ബൗണ്ടറി നേടിയ താരം എന്ന റെക്കോഡും രോഹിത് സ്വന്തമാക്കി. ഇതിന് പുറമെ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം എന്ന റെക്കോഡും ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ക്യാപ്റ്റന്‍ എന്ന റെക്കോഡും രോഹിത്തിനെ തേടിയെത്തി.

ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോഡും രോഹിത് സ്വന്തമാക്കി. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ 465 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ഇതിനൊപ്പം ലോകകപ്പ് എഡിഷനില്‍ 500 റണ്‍സ് മാര്‍ക് പിന്നിടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന ഖ്യാതിയും രോഹിത് സ്വന്തമാക്കി.

അതേസമയം, 33 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 224 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. 44 പന്തില്‍ 44 റണ്‍സുമായി ശ്രേയസ് അയ്യരും 12 പന്തില്‍ ഒമ്പത് റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസില്‍.

രോഹിത്തിനും ഗില്ലിനും പുറമെ വിരാട് കോഹ്‌ലിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 56 പന്തില്‍ 51 റണ്‍സ് നേടി നില്‍ക്കവെ വാന്‍ ഡെര്‍ മെര്‍വിന്റെ പന്തില്‍ ബൗള്‍ഡായാണ് വിരാട് പുറത്തായത്.

Content highlight: Rohit Sharma’s  records

We use cookies to give you the best possible experience. Learn more