ലോകകപ്പിന് മുന്നോടിയായി ക്യാപ്റ്റന്‍മാര്‍ ഒന്നിച്ച് പങ്കെടുത്ത ചടങ്ങിലെ രോഹിത് ശര്‍മയുടെ വാക്കുകളാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. 2019 ലോകകപ്പിന്റെ ഫൈനലിനോടുബന്ധിച്ച ചോദ്യത്തിനുള്ള രോഹിത്തിന്റെ റിയാക്ഷനും മറുപടിയുമാണ് വൈറലാകുന്നത്.
2019 ലോകകപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡും ഇംഗ്ലണ്ടും ഏറ്റുമുട്ടിയപ്പോള്‍ കിരീടം കൊണ്ടുപോയത് ത്രീ ലയണ്‍സായിരുന്നു. മത്സരം സമനിലയില്‍ കലാശിക്കുകയും സൂപ്പര്‍ ഓവറിലും ടൈ ആവുകയും ചെയ്തപ്പോള്‍ ബൗണ്ടറിയുടെ എണ്ണമെടുത്താണ് ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിച്ചത്.
‘സൂപ്പര്‍ ഓവറും സമനിലയില്‍ കലാശിച്ചതോടെ ഇരുവരെയും വിജയികളായി പ്രഖ്യാപിക്കാന്‍ സാധിക്കുമായിരുന്നു, എന്നാല്‍ ഇംഗ്ലണ്ടിനെയാണ് ജേതാക്കളായി പ്രഖ്യാപിച്ചത്. ഇതിനെ കുറിച്ച് എന്താണ് പറയാന്‍ ഉള്ളത്,’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
എന്നാല്‍ ‘ഇതെന്ത് ചോദ്യമാടോ’ എന്ന മട്ടിലായിരുന്നു രോഹിത്തിന്‍രെ പ്രതികരണം. ‘ഇത് തന്റെ ജോലിയല്ല, വിജയികളെ പ്രഖ്യാപിക്കല്‍ എന്റെ ജോലിയല്ല’ എന്നാണ് ഇതിന് മറുപടിയായി രോഹിത് പറഞ്ഞത്.
മാധ്യമപ്രവര്‍ത്തകനും രോഹിത്തും തമ്മിലുള്ള സംഭാഷണങ്ങള്‍ ഹിന്ദിയിലായതിനാല്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ അടക്കമുള്ള താരങ്ങള്‍ക്ക് സംഭവം പിടികിട്ടിയിരുന്നില്ല. എന്നാല്‍ ബട്‌ലറിന്റെ തൊട്ടടുത്തിരുന്ന പാക് നായകന്‍ ബാബര്‍ അസമാകട്ടെ ഇതെല്ലാം കേട്ടുകൊണ്ട് ഊറിച്ചിരിക്കുകയാണ് ചെയ്തത്.
Babar translating to Jos Butler was Gold🤣🤣pic.twitter.com/AHFfdWzFgb https://t.co/b9o00RPhbe
— Shivani (@meme_ki_diwani) October 4, 2023
സംഭവം ബാബറിന് പിടികിട്ടി എന്ന് മനസിലായതോടെ രോഹിത് പറഞ്ഞതെന്താണെന്ന് ബട്‌ലര്‍ പാക് നായകനോട് ചോദിക്കുകയായിരുന്നു.
രോഹിത്തിന്റെ ഈ മറുപടിക്ക് പിന്നാലെ ആരാധകരും രംഗത്തെത്തിയിരുന്നു. ‘ബാബര്‍ ഭായ് സംഭവം എന്താണെന്ന് ബട്‌ലറിന് പറഞ്ഞുകൊടുക്കല്ലേ, അങ്ങേര്‍ക്ക് സങ്കടമാകും’ ‘ചോദ്യം ചോദിച്ചവനെയും ഐ.സി.സിയെയും ഒന്നിച്ച് ട്രോളി’ എന്നിങ്ങനെയാണ് ആരാധകരുടെ പ്രതികരണം.
അതേസമയം, കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ തനിപ്പകര്‍പ്പാണ് 2023 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിലുള്ളത്. ഇംഗ്ലണ്ടും ന്യൂസിലാന്‍ഡുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
കഴിഞ്ഞ ലോകകപ്പ് വിജയം ആവര്‍ത്തിക്കാന്‍ ഇംഗ്ലണ്ട് ഒരുങ്ങുമ്പോള്‍, തീര്‍ക്കാന്‍ ബാക്കിവെച്ച കണക്കുകള്‍ തുടക്കത്തിലേ തീര്‍ത്ത് ലോകകപ്പ് ക്യാമ്പെയന്‍ ആരംഭിക്കാനാണ് ന്യൂസിലാന്‍ഡ് ഒരുങ്ങുന്നത്.
Content highlight: Rohit Sharma’s reaction to 2019 World Cup final goes viral