| Thursday, 25th August 2022, 8:00 pm

പാകിസ്ഥാന്‍ കണ്ടം വഴി ഓടുമെന്നുറപ്പ്; ഹിറ്റ്മാന്‍ പണി തുടങ്ങി മക്കളേ...

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് നിലനിര്‍ത്തുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പരിവാരങ്ങളും യു.എ.ഇയിലേക്ക് പറന്നിരിക്കുന്നത്.

നിലവിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വളരെ മികച്ചതാണ്. സിംബാബ്‌വേക്കെതിരെയും വെസ്റ്റ് ഇന്‍ഡീസിനെതിരെയും പരമ്പര സ്വന്തമാക്കിയ ഇന്ത്യ, ഏഷ്യാ കപ്പിലും ആ പ്രകടനം ആവര്‍ത്തിക്കാന്‍ തന്നെയാണ് ഒരുങ്ങുന്നത്.

ഓഗസ്റ്റ് 28ന് പാകിസ്ഥാനെതിരായാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. മത്സരത്തിന് മുന്നോടിയായി രോഹിത് ശര്‍മയുടെ നെറ്റ്‌സിലെ പ്രാക്ടീസ് വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ ബൗളര്‍മാരെ പേസ് – സ്പിന്‍ വ്യത്യാസമില്ലാതെ എടുത്തിട്ടലക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും, സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിനെയും ലോങ് ഓണിലേക്ക് പറത്തിയ സെന്‍സേഷണല്‍ ഫോമിലാണ് താരം നെറ്റ്‌സില്‍ പന്തടിച്ചുപറത്തിയത്.

നെറ്റ്‌സില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഷോട്ട് പിറന്നത് അശ്വിനെതിരെയായിരുന്നു. അശ്വിന്റെ തലക്കുമുകളിലൂടെ പന്തടിച്ചുപറത്തുമ്പോള്‍ നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു അശ്വിന് കഴിഞ്ഞത്.

ഇടംകൈയന്‍ പേസര്‍മാരും, ലെഗ് സ്പിന്നര്‍മാരുമാണ് രോഹിത്തിന്റെ അക്കിലിസ് ഹീല്‍. എന്നാല്‍ ഇടംകയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെതിരെയും യുസ്വേന്ദ്ര ചഹലിനെതിരെയും താളം കണ്ടെത്താന്‍ രോഹിത്തിനായി. ഇന്ത്യയെ സംബന്ധിച്ച് രോഹിത്തിന്റെ പ്രകടനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

ഏഷ്യാ കപ്പില്‍ ഇന്ത്യ ആദ്യം നേരിടുന്നത് പാകിസ്ഥാനെയാണ്. വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നുമില്ല.

2021 ലോകകപ്പിലെ റീമാച്ച് എന്ന നിലയിലാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരം വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബ്ലെമിഷായിരുന്നു ഐ.സി.സി ടി-20 ലോകകപ്പില്‍ പാകിസ്ഥാനോടേറ്റ പരാജയം.

കഴിഞ്ഞ തവണ കൊമ്പുകോര്‍ത്തപ്പോള്‍ പാകിസ്ഥാനോട് പത്ത് വിക്കറ്റിന് തോറ്റതിന്റെ നാണക്കേട് മറികടക്കാന്‍ ഇന്ത്യയും, ടി-20 ലോകകപ്പിന് മുമ്പ് തന്നെ ഇന്ത്യയെ തോല്‍പിച്ച് അപ്പര്‍ ഹാന്‍ഡ് നേടാന്‍ പാകിസ്ഥാനും ഒരുങ്ങുമ്പോള്‍ പോരാട്ടം തീപാറുമെന്നുറപ്പ്.

Content highlight: Rohit Sharma’s practice video before Asia Cup goes viral

We use cookies to give you the best possible experience. Learn more