ഐ.പി.എല്ലിന്റെ മില്ലേനിയം മാച്ചാണ് മുംബൈ ഇന്ത്യന്‍സിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഐ.പി.എല്ലിലെ ചരിത്രമുഹൂര്‍ത്തത്തില്‍ കൊമ്പുകോര്‍ത്തത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടിയിരുന്നു. യുവതാരം യശസ്വി ജെയ്‌സ്വാളിന്റെ സെഞ്ച്വറിയാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ തുടക്കത്തിലേ നഷ്ടപ്പെട്ടാണ് മുംബൈ ഇന്ത്യന്‍സ് തപ്പിത്തടയുന്നത്.
രണ്ടാം ഓവറിലെ അവസാന പന്തിലാണ് രോഹിത് ശര്‍മ മടങ്ങിയത്. സ്റ്റാര്‍ പേസര്‍ സന്ദീപ് ശര്‍മയെറിഞ്ഞ നക്ക്ള്‍ ബോളിന് മുമ്പില്‍ ഉത്തരമില്ലാതെയാണ് രോഹിത് ശര്‍മ പുറത്തായത്. അഞ്ച് പന്തില്‍ നിന്നും മൂന്ന് റണ്‍സായിരുന്നു പുറത്താകുമ്പോള്‍ രോഹിത്തിന്റെ സമ്പാദ്യം.
തന്റെ പിറന്നാള്‍ ദിവസം മികച്ച ഇന്നിങ്‌സ് പുറത്തെടുത്ത് താരം ഫോം ഔട്ടില്‍ നിന്നും മടങ്ങിയെത്തുമെന്ന ആരാധകരുടെ മോഹം കൂടിയാണ് വാംഖഡെയില്‍ വീണുടഞ്ഞത്.
കഴിഞ്ഞ വര്‍ഷത്തെ പിറന്നാള്‍ ദിവസവും രോഹിത് മോശം ഇന്നിങ്‌സായിരുന്നു പുറത്തെടുത്തത്. അഞ്ച് പന്തില്‍ നിന്നും രണ്ട് റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. അന്നും രാജസ്ഥാന്‍ തന്നെയായിരുന്നു എതിരാളികള്‍. ആര്‍. അശ്വിനായിരുന്നു അന്ന് രോഹിത്തിനെ മടക്കിയത്.
ഫോം ഔട്ടില്‍ വലയുന്ന രോഹിത്തിന് ഒരു മടങ്ങി വരവ് അനിവാര്യമാണ്. സീസണില്‍ എട്ട് മത്സരം കളിച്ച താരം 184 റണ്‍സ് മാത്രമാണ് ഇതുവരെ നേടിയത്.
അതേസമയം, മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ മുംബൈ 29 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. അഞ്ച് പന്തില്‍ നിന്നും 14 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനും എട്ട് പന്തില്‍ നിന്നും പത്ത് റണ്‍സ് നേടിയ ഇഷാന്‍ കിഷനുമാണ് മുംബൈക്കായി ക്രീസില്‍.
Content Highlight: Rohit Sharma’s poor innings against Rajasthan Royals