ന്യൂദല്‍ഹി: റഫയിലെ അഭയാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ വലതുപക്ഷ സൈബറാക്രമണത്തിന് ഇരയായി രോഹിത് ശര്‍മയുടെ പങ്കാളി ഋതിക സജ്‌ദെ. ‘ഓള്‍ ഐസ് ഓണ്‍ റഫ’ എന്ന ഹാഷ്ടാഗോട് കൂടി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചുകൊണ്ടായിരുന്നു ഋതികയുടെ പ്രതികരണം. തുടര്‍ന്ന് വലതുപക്ഷ പ്രൊഫൈലുകളില്‍ നിന്ന് ഋതിക സൈബറാക്രമണത്തിന് ഇരയാവുകയായിരുന്നു.
ഇന്ത്യന്‍ വിഷയങ്ങളില്‍ സംസാരിക്കാതെ ഫലസ്തീനിന് വേണ്ടി ശബ്ദമുയര്‍ത്തി എന്നതാണ് ഋതികക്കെതിരെ വലതുപക്ഷ പ്രൊഫൈലുകള്‍ ഉയര്‍ത്തിയ ആരോപണം. സമൂഹ മാധ്യമങ്ങളിലെ ആക്രമണത്തിന് പിന്നാലെ ഋതികക്ക് തന്റെ പോസ്റ്റുകളും സ്റ്റോറികളും ഡിലീറ്റ് ചെയ്യേണ്ടി വന്നു.
കശ്മീരി പണ്ഡിറ്റുകളെ കുറിച്ചും പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കളെ കുറിച്ചും സംസാരിക്കാത്ത ഋതിക റഫയിലെ ഫലസ്തീനികളോട് അമിതമായ കരുതല്‍ കാണിക്കുന്നുവെന്നാണ് വലതുപക്ഷ പ്രൊഫൈലുകള്‍ പറയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടയിലാണ് ഓള്‍ ഐസ് ഓണ്‍ റഫ എന്ന ഹാഷ്ടാഗും ചിത്രങ്ങളും ട്രെന്‍ഡിങ്ങാവുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 24 മണിക്കൂറിനുള്ളില്‍ 10 മില്യണിലധികം ആളുകളാണ് ഇത് ഷെയര്‍ ചെയ്തത്. അതേസമയം എക്സില്‍ ഇതേ ഹാഷ് ടാഗ് ട്രെന്‍ഡിങ്ങിലുമായിരുന്നു.
മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യന്‍ സെലിബ്രിറ്റികളും സ്‌പോര്‍ട്‌സ് താരങ്ങളും ഇതേ ഹാഷ്ടാഗുമായി റഫയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. കുറച്ചധികം നാളുകള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ ഇത്തരത്തില്‍ ഒരു ഹാഷ്ടാഗ് ക്യാമ്പയിന്‍ ശ്രദ്ധേയമാവുന്നതും ചര്‍ച്ചചെയ്യപെടുന്നതും.
ബി.ജെ.പി അനുകൂലികളായ അഭിനേത്രി മേനകയുടെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും മകളും നടിയുമായ കീര്‍ത്തി സുരേഷും ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. നിമിഷ സജയന്‍, രാജേഷ് മാധവന്‍, ബേസില്‍ ജോസഫ്, നൈല ഉഷ, ഭാവന, ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വതി, നിഖില വിമല്‍ തുടങ്ങിയ മലയാളി താരങ്ങളും റഫയിലെ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് മറികടന്നുകൊണ്ട് റഫയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 45 ഫലസ്തീനികള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്. റഫയിലെ സൈനിക നടപടി ഉടനെ അവസാനിപ്പിക്കണമെന്നും ഗസയിലേക്ക് മാനുഷിക സഹായമെത്തിക്കാന്‍ റഫാ അതിര്‍ത്തി തുറക്കണമെന്നും ഐ.സി.ജെ ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി ഉത്തരവിനെ വകവെക്കാതെ ഇസ്രഈല്‍ കൂടുതല്‍ ബ്രിഗേഡുകളെ റഫയില്‍ വിന്യസിക്കുകയാണ്.
Content Highlight: Rohit Sharma’s partner Ritika Sajde under right-wing cyber attack after expressing solidarity with refugees in Rafah