ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് മുമ്പ് കൊവിഡ് ബാധിച്ച് ടീമില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്.
രോഹിത് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം താരം ആരോഗ്യവാനാണെന്ന് വ്യക്തമാക്കുന്നതായിരുന്നു.
പുഞ്ചിരിച്ചുകൊണ്ട് തമ്പ്‌സ് അപ് നല്‍കുന്ന സെല്‍ഫിയാണ് താരം കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. സ്റ്റോറി പങ്കുവെച്ചതിന് പിന്നാലെ ചിത്രം വൈറലായിരുന്നു.
നിരവധി ആരാധകരായിരുന്നു താരത്തിന്റെ സ്‌റ്റോറിയുടെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ രോഹിത് തരംഗമായിരുന്നു.
താരത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കിലും അഞ്ചാം ടെസ്റ്റിന് മുമ്പ് താരം ടീമിനൊപ്പം ചേരുമോ എന്ന കാര്യത്തില്‍ ഇനിയും ഉറപ്പായിട്ടില്ല. രോഹിത് അഞ്ചാം ടെസ്റ്റില്‍ ടീമിനൊപ്പമുണ്ടാകില്ല എന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, രോഹിത് ശര്‍മ ടീമിനൊപ്പം ചേര്‍ന്നില്ലെങ്കില്‍ ആര് ക്യാപ്റ്റനാവും എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്. ഉപനായകന്‍ കെ.എല്‍. രാഹുലും ടീമിനൊപ്പമില്ലാത്തതിനാല്‍ ഈ ചോദ്യം ബി.സി.സി.ഐയെ കുഴക്കിയേക്കാം.
ജസ്പ്രീത് ബുംറയോ റിഷബ് പന്തോ ആയിരിക്കും ഇന്ത്യയെ നയിക്കാന്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. വിരാട് കോഹ്‌ലിയെ ഒരിക്കല്‍ക്കൂടി ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുക്കാന്‍ ടീം ആവശ്യപ്പെടുമോ എന്നതും സംശയമാണ്.
റിഷബ് പന്തിനെ ടെസ്റ്റില്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കുക പോലും ചെയ്യരുതെന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരങ്ങളും മറ്റുടീമിലെ സീനിയര്‍ താരങ്ങളും രംഗത്തുവന്നിട്ടുണ്ട്.
ഇന്ത്യയ്ക്ക് ഇപ്പോള്‍ ആവശ്യം എക്‌സ്പീരിയന്‍സ്ഡ് ആയ ഒരു ക്യാപ്റ്റനെയാണെന്നും റിഷബ് പന്തിന് ക്യാപ്റ്റനാവാനുള്ള പക്വത ഇനിയും കൈവന്നിട്ടില്ല എന്നുമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കൊവിഡ് മൂലം മാറ്റിവെച്ച ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരമാണ് ബെര്‍മിങ്ഹാമില്‍ നടക്കുന്നത്. നിലവില്‍ 2-1 ന് മുമ്പിലാണ് ഇന്ത്യ.
അഞ്ചാം ടെസ്റ്റില്‍ വിജയിക്കാനായാലോ സമനില നേടിയാലോ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. അങ്ങനെയെങ്കില്‍ 2007ന് ശേഷം ആദ്യമായി ഇംഗ്ലണ്ടില്‍ പരമ്പര നേടാനും ഇന്ത്യയ്ക്ക് സാധിക്കും.
Content Highlight: Rohit Sharma’s latest picture goes viral on social media