| Monday, 15th April 2024, 6:56 pm

18-1; ഐ.പി.എല്ലിലെ 'ഡെഡ് മാന്‍'; റെസില്‍മാനിയ സ്ട്രീക് പോലെ കാത്തുവെച്ച റെക്കോഡും സ്വന്തം മണ്ണില്‍ നഷ്ടപ്പെട്ടു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചിരുന്നു. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് മുംബൈ പരാജയപ്പെട്ടത്. സീസണില്‍ ടീമിന്റെ നാലാം തോല്‍വിയാണിത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്, സൂപ്പര്‍ താരം ശിവം ദുബെ, എം.എസ്. ധോണി എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്സാണ് ചെന്നൈയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി മുന്‍ നായകന്‍ രോഹിത് ശര്‍മ മികച്ച പ്രകടനം പുറത്തെടുത്തു. കരിയറിലെ രണ്ടാം ഐ.പി.എല്‍ സെഞ്ച്വറി നേടിയാണ് രോഹിത് മുംബൈ ഇന്ത്യന്‍സിനെ വീഴാതെ താങ്ങി നിര്‍ത്തിയത്.

63 പന്തില്‍ പുറത്താകാതെ 105 റണ്‍സാണ് രോഹിത് നേടിയത്. എന്നാല്‍ രോഹിത്തിന്റെ ഇന്നിങ്‌സിനും മുംബൈയെ രക്ഷിക്കാന്‍ സാധിച്ചില്ല. 20 റണ്‍സകലെ മുംബൈ കാലിടറി വീഴുകയായിരുന്നു.

ഇതോടെ രോഹിത് ശര്‍മയുടെ പേരിലുണ്ടായിരുന്ന ഒരു തകര്‍പ്പന്‍ റെക്കോഡിനും അവസാനമായിരിക്കുകയാണ്. രോഹിത് പുറത്താകാതെ ക്രീസില്‍ തുടര്‍ന്ന മത്സരങ്ങളില്‍ ടീം ഒരിക്കല്‍പ്പോലും പരാജയപ്പെട്ടിട്ടില്ല എന്ന നേട്ടമാണ് സ്വന്തം മണ്ണില്‍ ഇല്ലാതായത്.

ഇതിന് മുമ്പ് രോഹിത് ശര്‍മ പുറത്താകാതെ ക്രീസില്‍ തുടര്‍ന്ന 18 മത്സരത്തിലും ടീം വിജയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ രോഹിത്തിന്റെ ഈ അണ്‍ ബീറ്റണ്‍ സ്ട്രീക്ക് അവസാനിച്ചിരിക്കുകയാണ്.

36* (Won)
32* (Won)
5* (Won)
68* (Won)
27* (Won)
20* (Won)
73* (Won)
20* (Won)
14* (Won)
7* (Won)
84* (Won)
68* (Won)
85* (Won)
40* (Won)
56* (Won)
56* (Won)
24* (Won)
55* (Won)
105* (Lost) – എന്നിങ്ങനെയായിരുന്നു രോഹിത് പുറത്താകാതെ നിന്ന മത്സരത്തിലെ ഫലം.

ഇതിന് പിന്നാലെ രോഹിത് ശര്‍മയെ ദി അണ്ടര്‍ടേക്കറുമായാണ് ആരാധകര്‍ താരതമ്യം ചെയ്യുന്നത്. ലോകം കണ്ട ഏറ്റവും മികച്ച പ്രൊഫഷണല്‍ റെസ്‌ലര്‍/ സ്‌പോര്‍ട്‌സ് എന്റര്‍ടെയ്‌നറായ അണ്ടര്‍ടേക്കറിന്റെ റെസില്‍മാനിയ സ്ട്രീക്ക് അവസാനിച്ചതിനൊപ്പമാണ് രോഹിത്തിന്റെ അണ്‍ബീറ്റണ്‍ സ്ട്രീക്കും അവസാനിച്ചത്.

തുടര്‍ച്ചയായ 21 റെസില്‍മാനിയകള്‍ വിജയിച്ച അണ്ടര്‍ടേക്കര്‍ ബിഗ് ഇവന്റിന്റെ 30ാം വാര്‍ഷികത്തില്‍ ബ്രോക്ക് ലെസ്‌നറിനോട് പരാജയപ്പെടുകയായിരുന്നു. 22ാം വിജയം ലക്ഷ്യമിട്ടിറങ്ങിയ അണ്ടര്‍ടേക്കര്‍ പരാജയപ്പെട്ടതോടെ 21-1 എന്ന നിലയില്‍ സ്ട്രീക് അവസാനിച്ചു.

അതേസമയം, കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പരാജയപ്പെട്ടതോടെ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മുംബൈ. പോയിന്റ് പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്സിനെതിരെ ഏപ്രില്‍ 18നാണ് മുംബൈയുടെ അടുത്ത മത്സരം. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മഹാരാജ യാദവീന്ദ്ര സ്റ്റേഡിയമാണ് വേദി.

Content Highlight: Rohit Sharma’s historic IPL streak is over

We use cookies to give you the best possible experience. Learn more