| Friday, 12th May 2023, 8:15 pm

'തന്നെ ആളാക്കിയ ടീമിനെ വെറുതെ കേറി ചൊറിഞ്ഞു, ഇപ്പോള്‍ ഫോമിന്റെ ഏഴയലത്തില്ലാത്ത രോഹിത് ശര്‍മ വരെ എടുത്തിട്ടലക്കുന്നു'

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 67ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മികച്ച തുടക്കമാണ് മുംബൈ ഇന്ത്യന്‍സിന് ലഭിച്ചത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 61 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്.

മുംബൈ നായകന്‍ രോഹിത് ശര്‍മ ഫോമിലേക്ക് മടങ്ങിയെത്തിയതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. നിലവില്‍ 17 പന്തില്‍ നിന്നും 29 റണ്‍സാണ് രോഹിത് നേടിയത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെയാണ് രോഹിത്തിന്റെ വെടിക്കെട്ട്.

രോഹിത്തിന് പുറമെ ഇഷാന്‍ കിഷനും വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെക്കുന്നത്. 19 പന്തില്‍ നിന്നും നാല് ബൗണ്ടറിയും ഒരു സിക്‌സറുമായി 31 റണ്‍സോടെയാണ് ഇഷാന്‍ കിഷന്‍ ക്രീസില്‍ തുടരുന്നത്.

ഗുജറാത്ത് ടൈറ്റന്‍സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തിനായി ദില്‍ സേ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു. സ്വന്തം തട്ടകത്തില്‍ മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക് പാണ്ഡ്യയുടെ ടീമിനെ പരാജയപ്പെടുത്തുന്നത് കാണാന്‍ വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതിന് കാരണമോ, ഹര്‍ദിക് പാണ്ഡ്യ അടുത്തിടെ നടത്തിയ പ്രസ്താവനകളും.

മുംബൈ ഇന്ത്യന്‍സ് പണമെറിഞ്ഞ് മികച്ച താരങ്ങളെ ടീമിലെത്തിച്ചാണ് ഇക്കണ്ട കിരീടങ്ങള്‍ മുഴുവനും നേടിയതെന്നായിരുന്നു ഹര്‍ദിക് പാണ്ഡ്യ പറഞ്ഞത്. കളിക്കാരെ കൈകാര്യം ചെയ്യുന്നതില്‍ മുംബൈ ഇന്ത്യന്‍സ് മോശമാണെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഇക്കാര്യം ഭംഗിയായി ചെയ്തതെന്നും പാണ്ഡ്യ പറഞ്ഞിരുന്നു.

താരത്തിന്റെ ഈ പ്രസ്താവനക്ക് പിന്നാലെ നിരവധി ആരാധകരാണ് താരത്തിനെതിരെ രംഗത്തെത്തിയത്. ഹര്‍ദിക്കിനെ ടീമിലെത്തിക്കുമ്പോള്‍ അദ്ദേഹം ആരുമറിയാത്ത ഡൊമസ്റ്റിക് താരം മാത്രമായിരുന്നുവെന്നും മുംബൈ ഇന്ത്യന്‍സാണ് താരത്തെ നാലാളറിയുന്ന താരമാക്കിയതെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

വാംഖഡെയില്‍ നടക്കുന്ന ഈ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഗുജറാത്ത് ടൈറ്റന്‍സിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധിക്കും. എന്നാല്‍ മുംബൈ ഇന്ത്യന്‍സാണ് വിജയിക്കുന്നതെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താന്‍ അവര്‍ക്ക് സാധിക്കും.

Content Highlight: Rohit Sharma’s good batting performance against Gujarat Titans

We use cookies to give you the best possible experience. Learn more