| Thursday, 2nd May 2024, 8:32 pm

'ഐ.പി.എല്ലില്‍ ഹാട്രിക് ഒക്കെയുണ്ട്'; ലോകകപ്പ് ടീമില്‍ ഓഫ് സ്പിന്നര്‍ ഇല്ലല്ലോ എന്ന ചോദ്യത്തിന് ഞാനില്ലേ എന്ന് രോഹിത്; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

രണ്ട് ദിവസം മുമ്പാണ് ഇന്ത്യ ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയെ നായകനാക്കിയും ഹര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായും ചുമതലയേല്‍പിച്ചാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെയാണ് ഇന്ത്യ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുല്‍ദീപ് യാദവും യൂസ്വേന്ദ്ര ചഹലും സ്പിന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ ഭാഗമാകുമ്പോള്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തില്‍ മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങുമാണ് പേസാക്രമണത്തില്‍ നിര്‍ണായകമാവുക.

ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ എന്നീ ഓള്‍ റൗണ്ടര്‍മാരും ഇന്ത്യക്കൊപ്പമുണ്ട്. ഇതിന് പുറമെ ട്രാവല്‍ റിസര്‍വുകളായി പേസര്‍മാരായ ഖലീല്‍ അഹമ്മദും ആവേശ് ഖാനും വിന്‍ഡീസിലേക്ക് പറക്കും.

ലോകകപ്പിന് മുന്നോടിയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയുള്ള രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

ടീമിലെ ഓഫ് സ്പിന്നറുടെ അഭാവത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള രോഹിത്തിന്റെ മറുപടിയാണ് ചര്‍ച്ചക്ക് വഴിവെച്ചിരിക്കുന്നത്.

ഈ ചോദ്യത്തിന് പിന്നാലെ ഞാന്‍ ഉണ്ടല്ലോ എന്ന മട്ടില്‍ രോഹിത് കൈ ഉയര്‍ത്തുകയായിരുന്നു. ഇതുകണ്ട മാധ്യമപ്രവര്‍ത്തകരെല്ലാം തന്നെ ചിരിക്കുകയായിരുന്നു.

രോഹിത് കൈ ഉയര്‍ത്തിയതൊന്നുമറിയാതിരുന്ന അഗാര്‍ക്കര്‍ സംഭവമെന്താണെന്ന് രോഹിത്തിനോട് ചോദിക്കുകയും പന്തെറിയാന്‍ ഞാന്‍ ഇവിടെയുണ്ടല്ലോ എന്ന തരത്തില്‍ രോഹിത് ആംഗ്യം കാണിക്കുകയുമായിരുന്നു.

സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്.

ഇതിന് പിന്നാലെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഹാട്രിക് നേടിയതടക്കമുള്ള രോഹത്തിന്റെ പ്രകടനങ്ങളും ആരാധകര്‍ ചര്‍ച്ചയാക്കുന്നുണ്ട്.

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍)

യശസ്വി ജെയ്സ്വാള്‍

വിരാട് കോഹ്‌ലി

സൂര്യകുമാര്‍ യാദവ്

റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍)

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍)

ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍)

ശിവം ദുബെ

രവീന്ദ്ര ജഡേജ

അക്സര്‍ പട്ടേല്‍

കുല്‍ദീപ് യാദവ്

യൂസ്വേന്ദ്ര ചഹല്‍

അര്‍ഷ്ദീപ് സിങ്

ജസ്പ്രീത് ബുംറ

മുഹമ്മദ് സിറാജ്

ട്രാവലിങ് റിസര്‍വ് താരങ്ങള്‍

ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

ജൂണ്‍ രണ്ടിനാണ് ടി-20 ലോകകപ്പിന് കളമൊരുങ്ങുന്നത്. 20 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മാറ്റുരയ്ക്കാനെത്തുന്നത്.

അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ അഞ്ചിന് നടക്കുന്ന മത്സരത്തിന് ഈസ്റ്റ് മെഡോയാണ് വേദിയാകുന്നത്.

ലോകകപ്പിലെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ജൂണ്‍ 05 vs അയര്‍ലന്‍ഡ് – ഈസ്റ്റ് മെഡോ

ജൂണ്‍ 09 vs പാകിസ്ഥാന്‍ – ഈസ്റ്റ് മെഡോ

ജൂണ്‍ 12 vs യു.എസ്.എ – ഈസ്റ്റ് മെഡോ

ജൂണ്‍ 15 vs കാനഡ – സെന്‍ട്രല്‍ ബോവന്‍സ് റീജ്യണല്‍ പാര്‍ക്

Content Highlight: Rohit Sharma’s funny video during press meet goes viral

We use cookies to give you the best possible experience. Learn more