|

അവന് ഭ്രാന്താടാ; ജഡേജക്ക് മുന്നറിയിപ്പ് നല്‍കി രോഹിത്; സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്ത ഡയലോഗുമായി വൈറല്‍ വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പര മിന്നും വിജയത്തോടെ സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യ. റെക്കോഡ് നേട്ടങ്ങളാണ് ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയ ഒട്ടുമിക്ക കളിക്കാരും വാരിക്കൂട്ടിയത്.

ഇക്കൂട്ടത്തില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത രണ്ട് പേരാണ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. മാച്ചില്‍ സെഞ്ച്വറി നേടാനായതോടെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി രോഹിത് മാറി.

ആറ് മാസത്തിന് ശേഷം ക്രീസിലേക്ക് മടങ്ങിയെത്തിയ ജഡേജയും തന്റെ പെര്‍ഫോമന്‍സ് ഒട്ടും മോശമാക്കിയില്ല. കളിയില്‍ 10 വിക്കറ്റും, ഒരു അര്‍ധസെഞ്ചറിയും നേടി ജഡേജ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

മാച്ചിലെ ഓരോ വൗ മൊമന്റുകളും വീണ്ടും കാണുകയാണ് ആരാധകരിപ്പോള്‍. ഇതിനിടയില്‍ സെക്കന്റുകള്‍ മാത്രമുള്ള ഒരു വീഡിയോയും അതില്‍ രോഹിത് ജഡേജയോട് പറയുന്ന ഒരു വാചകവുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

77ാം ഓവറിലാണ് സംഭവം. മാര്‍നു ലബുഷെയ്‌നെറിഞ്ഞ പന്തില്‍ ഒരു സിംഗിളെടുത്ത് വന്ന ജഡേജയോട് രോഹിത് ശര്‍മ പറയുന്ന ഒരു കാര്യം സ്റ്റമ്പ് മൈക്ക് വഴി കേള്‍ക്കാനാകുന്നുണ്ട്.

‘അവന് ശരിക്കും കുറച്ച് ഭ്രാന്തുണ്ടെടാ, സത്യമായിട്ടും’ എന്നാണ് രോഹിത്തിന്റെ വാക്കുകള്‍. മര്‍നുവിന്റെ ബോളുകളെ സൂക്ഷിക്കണമെന്ന് ജഡേജക്ക് നിര്‍ദേശം കൊടുക്കുകയായിരുന്നു രോഹിത് ശര്‍മയെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ആരാധകര്‍ പറയുന്നത്.

പൊട്ടിച്ചിരി ഇമോജികളുമായാണ് പലരും ഈ വീഡിയോ പങ്കുവെക്കുന്നതെങ്കിലും ചിലര്‍ രോഹിത്തിനെതിരെ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്.

എതിര്‍ ടീം കളിക്കാരന് ഭ്രാന്താണ് എന്നെല്ലാം പറയുന്നത് ശരിയല്ലെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍
മികച്ച പ്രകടനം നടത്തുന്ന എതിര്‍ ടീം കളിക്കാരന്റെ കഴിവിനെ അംഗീകരിച്ചു കൊണ്ട് തന്നെയുള്ള വാക്കുകളാണ് ഇതെന്നാണ് എതിര്‍പക്ഷക്കാര്‍ പറയുന്നത്.

ഭ്രാന്ത് എന്നാല്‍ മാനസികരോഗമെന്ന് ഇവിടെ അര്‍ത്ഥമില്ലെന്നും ക്രേസി ലെവലില്‍ കളിക്കുന്ന ഒരാളെ എതിരുടുമ്പോള്‍ ക്രീസില്‍ വെച്ച് സ്വഭാവികമായും പറയുന്ന വാക്കുകളാണിതെന്നും ഇവര്‍ പറയുന്നു.

അതേസമയം മത്സരം ഇന്നിങ്സിനും, 132 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. ഫെബ്രുവരി 17 ന് ദല്‍ഹിയില്‍ വെച്ചാണ് സീരീസിലെ അടുത്ത മല്‍സരം.

Content Highlight: Rohit Sharma’s Funny Conversation With Ravindra Jadeja Caught On Stump Mic