|

എല്ലാവരും വാ പൊത്തി ഇരിക്കുമെങ്കില്‍ എനിക്ക് കളിക്കാന്‍ ഒരു കുഴപ്പവുമില്ല; തുറന്നടിച്ച് രോഹിത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-സൗത്ത് ആഫ്രിക്ക പരമ്പരയിലെ രണ്ടാം മത്സരം വെറും ഒന്നര ദിവസം കൊണ്ട് അവസാനിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മത്സരത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

ഇന്ത്യയിലെ പിച്ചുകളെ കുറിച്ച് മറ്റു ടീമുകള്‍ പരാതി പറയാത്തിടത്തോളം കാലം ഇത്തരത്തിലുള്ള പിച്ചുകളില്‍ കളിക്കുന്നത് തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് പറയുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മത്സരത്തിന് ശേഷമുള്ള പത്ര സമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.

ഐ.സി.സി വേള്‍ഡ് കപ്പ് ഫൈനലിന് ഉപയോഗിച്ച പിച്ചിനെ ശരാശരിയിലും താഴെ (ബിലോ ആവറേജ്) എന്ന ഐ.സി.സിയുടെ വിലയിരുത്തലിന് മറുപടിയെന്നോണമാണ് രോഹിത് ഇക്കാര്യം പറഞ്ഞത്. ഒരു ബാറ്റര്‍ സെഞ്ച്വറി നേടിയ പിച്ചിനെ ബിലോ ആവറേജ് എന്ന് എന്ത് അടിസ്ഥാനത്തിലാണ് വിളിക്കുക എന്നും രോഹിത് ചോദിച്ചു.

‘ഇന്ത്യയിലെ പിച്ചുകളെ കുറിച്ച് ആരും തന്നെ പരാതിപ്പെടാതെ വായ മൂടി ഇരിക്കുന്നിടത്തോളം കാലം ഇത്തരം പിച്ചില്‍ കളിക്കുന്നത് എന്നെ സംബന്ധിച്ച് ഒരു പ്രശ്‌നവുമില്ല.

നിങ്ങള്‍ സ്വയം ചലഞ്ച് ചെയ്യുന്നതിനായാണ് ഇവിടെ എത്തിയിരിക്കുന്നത്. മറ്റു ടീമുകള്‍ ഇന്ത്യയിലെത്തുമ്പോള്‍ അതും ഒരു വെല്ലുവിളി തന്നെയാണ്. രോഹിത് പറഞ്ഞു.

‘വേള്‍ഡ് കപ്പ് ഫൈനലിന്റെ പിച്ചിന് ബിലോ ആവറേജ് റേറ്റിങ്ങാണ് നല്‍കിയത് എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഒരു ബാറ്റര്‍ (ട്രാവിസ് ഹെഡ്) അവിടെ സെഞ്ച്വറി നേടിയതാണ്. അപ്പോള്‍ ആ പിച്ച് എങ്ങനെയാണ് ഒരു മോശം പിച്ചെന്ന് വിലയിരുത്താന്‍ സാധിക്കുക?’ രോഹിത് ചോദിച്ചു.

നേരത്തെ ഇന്ത്യന്‍ പിച്ചുകളെ കുറിച്ച് മൈക്കല്‍ വോണ്‍ അടക്കമുള്ള മുന്‍ ക്രിക്കറ്റ് താരങ്ങള്‍ പരാതി ഉയര്‍ത്തിയിരുന്നു. സ്പിന്നിനെ തുണയ്ക്കുന്ന രീതിയില്‍ ഇന്ത്യ പിച്ചൊരുക്കിയെന്ന ആരോപണമുന്നയിച്ചാണ് വോണ്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നത്.

അതേസമയം, സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സിന്റെ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിച്ചാണ് ഇന്ത്യ പരമ്പര തോല്‍ക്കാതെ രക്ഷപ്പെട്ടത്.

സ്‌കോര്‍

സൗത്ത് ആഫ്രിക്ക – 55 & 176

ഇന്ത്യ (T:79) 176 & 80/3

ആദ്യ ഇന്നിങ്‌സില്‍ മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് നേട്ടമാണ് ഇന്ത്യക്ക് തുണയായതെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ ബുംറയാണ് പ്രോട്ടിയാസ് വിക്കറ്റുകള്‍ പിഴുതെറിഞ്ഞത്. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ കരിയറിലെ ഒമ്പതാം ഫൈഫര്‍ നേട്ടവും ആഘോഷമാക്കിയിരുന്നു.

നേരത്തെ നടന്ന ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടി-20 പരമ്പരയും സമനിലയില്‍ കലാശിച്ചിരുന്നു. മൂന്ന് മത്സരങ്ങളുട പരമ്പരയിലെ ആദ്യ മത്സരം മഴയെടുക്കുകയും തുടര്‍ന്നുള്ള ഓരോ മത്സരത്തില്‍ ഇരു ടീമും വിജയിക്കുകയും ചെയ്തതോടെയാണ് പരമ്പര സമനിലയില്‍ അവസാനിച്ചത്. ശേഷം നടന്ന ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.

Content highlight: Rohit Sharma’s fiery statement about cricket pitches