Sports News
ഒരുങ്ങിക്കോ രോഹിത് ശര്‍മയുമായുള്ള അങ്കത്തിനായി ഒരുങ്ങിക്കോ! ഓസീസിനെതിരെ ഹിറ്റ്മാന്‍ ഷോ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 27, 03:07 pm
Wednesday, 27th September 2023, 8:37 pm

 

ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി നായകന്‍ രോഹിത് ശര്‍മ. 353 റണ്‍സ് ചെയ്‌സ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് രോഹിത് നല്‍കിയത്.

57 പന്ത് നേരിട്ട രോഹിത് ശര്‍മ അഞ്ച് ഫോറും ആറ് സിക്‌സറുമടിച്ചുകൊണ്ട് 81 റണ്‍സാണ് നേടിയത്. ലോകകപ്പ് അടുക്കുന്തോറും താരം തന്റെ ഫോമിന്റെ പീക്കിലെത്തുന്നത് ഇന്ത്യക്ക് ഒരുപാട് ഗുണം ചെയ്യും.

തുടക്കം തൊട്ട് ആക്രമിച്ച് കളിച്ച രോഹിത് ശര്‍മ ഇന്ത്യക്ക് അപ്പര്‍ഹാന്‍ഡ് നല്‍കുകയായിരുന്നു. ഓപ്പണിങ് പാര്‍ട്ണറായ വാഷിങ്ടണ്‍ സുന്ദറിനെ കാഴ്ചക്കാരനാക്കിയാണ് രോഹിത് അഴിഞ്ഞാട്ടം നടത്തിയത്.

ആദ്യ വിക്കറ്റില്‍ സുന്ദറിനൊപ്പം 74 റണ്‍സ് കൂട്ടുക്കൈട്ടുണ്ടാക്കിയ രോഹിത് ശര്‍മ രണ്ടാം വിക്കറ്റില്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയോടൊപ്പം 70 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് രോഹിത് സൃഷ്ടിച്ചത്.

കഴിഞ്ഞ 23 ഏകദിന മത്സരത്തില്‍ നിന്നുമായ രോഹിത്തിന്റെ ഒമ്പതാമത്തെ അര്‍ധസെഞ്ച്വറിയാണ് ഇന്നത്തെ മത്സരത്തിലേത്.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് നേടിയിരുന്നു.

തുടക്കം തൊട്ട് ആക്രമിച്ച് കളിച്ച ഓസീസിന്റെ ടോപ് സ്‌കോറര്‍ 96 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ്. 84 പന്തില്‍ 13 ഫോറിന്റെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെയാണ് മാര്‍ഷിന്റെ ഇന്നിങ്‌സ്.

ഓസീസിനായി ടോപ് ഓര്‍ഡറില്‍ കളിച്ച ആദ്യ നാല് പേരും അര്‍ധസെഞ്ച്വറി നേടി. ഡേവിഡ് വാര്‍ണര്‍ 34 പന്തില്‍ 56 റണ്‍സ് നേടിയപ്പോള്‍ സ്റ്റീവ് സ്മിത് 74ഉം മാര്‍നസ് ലബുഷെയ്ന്‍ 72ഉം റണ്‍സ് സ്വന്തമാക്കി.

ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജും, പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

Content Highlight: Rohit Sharma’s Exta Ordinary Batting Against Ausrtalia