| Tuesday, 8th October 2024, 9:01 am

ടെസ്റ്റില്‍ അവന്‍ വൈകാതെ വിരമിച്ചേക്കും അതിന് കാരണമുണ്ട്; പരിശീലകന്‍ ദിനേശ് ലാഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാല്യകാല പരിശീലകന്‍ ദിനേശ് ലാഡ് അടുത്തിടെ താരത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും രോഹിത്തിന്റെ വിരമിക്കല്‍ തീരുമാനങ്ങളുടെ സാധ്യതകളെക്കുറിച്ചാണ് മുന്‍ പരിശീലന്‍ പറഞ്ഞത്.

രോഹിത് ശര്‍മയുടെ ബാല്യകാല പരിശീലകന്‍ ദിനേശ് ലാഡ് പറഞ്ഞത്

‘ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് ശേഷം അവന്‍ ടെസ്റ്റ് ഫോര്‍മാറ്റ് ഉപേക്ഷിക്കുമെന്ന് ഞാന്‍ പറയുന്നില്ല. എന്നിരുന്നാലും, പ്രായം കൂടിയതിനാല്‍ അവന്‍ ഈ ഫോര്‍മാറ്റിനോട് വിടപറയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന് തോന്നുന്നു,’ ദിനേശ് ദൈനിക് ജാഗരനോട് പറഞ്ഞു.

രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 2024 ടി-20 ലോകകപ്പ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു രോഹിത്തിന്റെ വിരമിക്കല്‍. 2023 ഏകദിന ലോകകപ്പില്‍ ഫൈനലില്‍ എത്തിയെങ്കിലും രോഹിത്തിന് ഓസ്‌ട്രേലിയയോട് കീഴടങ്ങേണ്ടി വന്നിരുന്നു.

ഐ.സി.സിയുടെ എല്ലാടൂര്‍ണമെന്റും ലക്ഷ്യം വെച്ച് ഇറങ്ങുന്ന രോഹിത്തിന് ഇനി 2027 ഏകദിന ലോകകപ്പ് കളിക്കാന്‍ സാധിക്കുമോ അതോ 2025ല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്ന ചര്‍ച്ചകളും സജീവമാണ്. ഇപ്പോള്‍ ഇതിനെക്കുറിച്ചും മുന്‍ പരിശീലകന്‍ പറഞ്ഞു. 2027ല്‍ രോഹിത് ഇന്ത്യന്‍ ജഴ്സി അണിയുമെന്ന് ദിനേശ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

2027 ഏകദിന ലോകകപ്പില്‍ രോഹിത്തിന്റെ സാധ്യതയെക്കുറിച്ച് പരിശീലകന്‍ പറഞ്ഞത്

‘അമ്പത് ഓവര്‍ ഫോര്‍മാറ്റിന് അനുയോജ്യനായി തുടരാന്‍ അദ്ദേഹത്തിന് ടെസ്റ്റ് ക്രിക്കറ്റ് വിടാം. 2027ലെ ഏകദിന ലോകകപ്പ് രോഹിത് കളിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം ഇപ്പോള്‍ നന്നായി കളിക്കുന്നുണ്ട്, ‘അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സിന്റെ വിജയലക്ഷ്യം 49 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

Content Highlight: Rohit Sharma’s coach reveals he could retire from Test cricket

We use cookies to give you the best possible experience. Learn more