ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന ടി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റായിരുന്നു ഇന്ത്യ തങ്ങളുടെ രണ്ടാം കിരീടമെന്ന മോഹം അടിയറ വെച്ചത്. ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാര്‍ കളം നിറഞ്ഞാടിയ മത്സരത്തില്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം.
ഇന്ത്യയുടെ പരാജയത്തേക്കാളേറെ ആരാധകരെ ഏറെ നിരാശരാക്കിയത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മോശം ഫോമാണ്. ടൂര്‍ണമെന്റില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമായിരുന്നു താരത്തിന്റെ എടുത്തുപറയാനുള്ള ഏക നേട്ടം.
ടി-20 ലോകകപ്പിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റും ബി.സി.സി.ഐയും ഐ.പി.എല്‍ 2023നുള്ള മുന്നൊരുക്കത്തിലാണ്. ഡിസംബറില്‍ കൊച്ചിയില്‍ വെച്ച് നടക്കുന്ന മിനിലേലവും മറ്റ് പരിപാടികളുമെല്ലാം തന്നെ ബി.സി.സി.ഐ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മയടക്കമുള്ള താരങ്ങള്‍ തങ്ങളുടെ വര്‍ക്‌ലോഡ് ക്രമീകരിക്കണമെന്നും അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനുള്ളതാണെന്നും ഓര്‍മിപ്പിച്ചിരിക്കുകയാണ് രോഹിത് ശര്‍മയുടെ ചൈല്‍ഡ്ഹുഡ് കോച്ചായിരുന്ന ദിനേഷ് ലാഡ്.
‘നമ്മളുടേത് സ്ഥിരതയുള്ള ഒരു ടീമല്ല. വേള്‍ഡ് കപ്പിനിറങ്ങുകയാണെങ്കില്‍ മികച്ച അടിത്തറയുള്ള ഒരു ടീമായിരിക്കണം നമ്മള്‍ക്കുണ്ടാവേണ്ടത്. ഏഴ് മാസത്തിനുള്ളില്‍ ആരൊക്കെയോ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു, ആരൊക്കെയോ ബൗള്‍ ചെയ്തു. ഒരു സ്ഥിരതയുമില്ല.
ലോകത്തെ മറ്റുള്ളവരും ക്രിക്കറ്റ് കളിക്കുന്നതിനാല്‍ വര്‍ക്‌ലോഡിനെ കുറിച്ച് പറയരുത്. എന്തിനാണ് അവര്‍ ഐ.പി.എല്‍ കളിക്കുന്നത്? ലോകകപ്പ് നേടണമെങ്കില്‍ ഐ.പി.എല്‍ കളിക്കരുത്. അവര്‍ എല്ലാ അന്താരാഷ്ട്ര മത്സരങ്ങളും കളിക്കണം. ഒന്നുപോലും ഒഴിവാക്കാന്‍ പാടില്ല,’ അദ്ദഹം പറഞ്ഞു.
അതേസമയം, ഇന്ത്യ – ന്യൂസിലാന്‍ഡ് ആദ്യ ഏകദിനത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 306 റണ്‍സ് സ്വന്തമാക്കിയിരുന്നു.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ടോം ലാഥമിന്റെയും ക്യാപറ്റന്‍ കെയ്ന്‍ വില്യംസണിന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
104 പന്തില്‍ നിന്നും 19 ബൗണ്ടറിയുടെയും അഞ്ച് സിക്‌സറിന്റെയും അകമ്പടിയോടെ പുറത്താകാതെ 145 റണ്‍സാണ് ടോം ലാഥം സ്വന്തമാക്കിയത്. 98 പന്തില്‍ നിന്നും 94 റണ്‍സുമായി കെയ്ന്‍ വില്യംസണും പുറത്താകാതെ നിന്നു.
അതേസമയം, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് ന്യൂസിലാന്‍ഡ് മുമ്പിലെത്തിയിരിക്കുകയാണ്. ഇനി നടക്കാനിരിക്കുന്ന രണ്ട് മത്സരത്തിലും വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പര നേടാന്‍ സാധിക്കൂ.