| Friday, 27th January 2023, 12:12 pm

13ല്‍ 13, ക്യാപ്റ്റന്‍ ന്നാ സുമ്മാവാ... ബാബറേ ഇതൊക്കെ ഒന്ന് കണ്ടുപഠിച്ചേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

സ്വന്തം മണ്ണില്‍ കാലങ്ങളായി തോറ്റിട്ടില്ല എന്ന കുത്തക ഇന്ത്യ വീണ്ടും നിലനിര്‍ത്തിയിരിക്കുകയാണ്. കാലങ്ങലായി ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയുടെ വിന്നിങ് സ്ട്രീക്ക് തകര്‍ക്കാന്‍ ഒരു ടീമിനും സാധിച്ചിട്ടില്ല. 2019 മുതലിങ്ങോട്ട് സ്വന്തം മണ്ണില്‍ ഇന്ത്യ അജയ്യരാണ്.

2019ല്‍ ഓസ്‌ട്രേലിയയോടാണ് ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര തോല്‍ക്കുന്നത്. 3-2നായിരുന്നു ഓസീസിന്റെ ജയം. ദല്‍ഹിയില്‍ വെച്ച് നടന്ന സീരീസ് ഡസൈഡര്‍ മത്സരത്തില്‍ 35 റണ്‍സിന് പരാജയപ്പെട്ടതോടെയാണ് മത്സരവും പരമ്പരയും ഇന്ത്യക്ക് കൈവിട്ടുപോയത്.

അതിന് ശേഷം ഇന്ത്യയെ ഇന്ത്യയില്‍ വെച്ച് തോല്‍പികാന്‍ ടീം ഒരിക്കല്‍ പോലും അനുവദിച്ചിരുന്നില്ല. ക്യാപ്റ്റന്‍ സ്ഥാനത്ത് വിരാട് കോഹ്‌ലിയായപ്പോഴും ശേഷം രോഹിത് ശര്‍മ നായകസ്ഥാനം ഏറ്റെടുത്തപ്പോഴും ആ പതിവിന് മാറ്റം വന്നിട്ടില്ല.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ 13ാമത് പരമ്പരയാണ് ഇന്ത്യ ഇന്ത്യയില്‍ കളച്ചത്. അതില്‍ എല്ലാ മത്സരത്തിലും രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു.

2023ല്‍ നടന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനവും ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനവും ക്ലീന്‍ സ്വീപ് ചെയ്തുകൊണ്ടാണ് രോഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

ജനുവരി പത്തിന് നടന്ന ഇന്ത്യ-ശ്രീലങ്ക പരമ്പരയില്‍ 67 റണ്‍സിന് ഇന്ത്യ വിജയിച്ചപ്പോള്‍ ജനുവരി 12ന് നടന്ന രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യ വിജയച്ചത്.

തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ വെച്ച് നടന്ന പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരത്തില്‍ ചരിത്രം സൃഷ്ടിക്കാനും ഇന്ത്യക്കായി. വിരാട് കോഹ്‌ലിയുടെയും ശുഭ്മന്‍ ഗില്ലിന്റെയും സെഞ്ച്വറിയുടെ ബലത്തില്‍ കെട്ടിപ്പൊക്കിയ 390 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ലങ്കന്‍ പടയെ ബൗളര്‍മാര്‍ 73 റണ്‍സന് എറിഞ്ഞിട്ടു.

317 റണ്‍സിന്റെ വിജയമാണ് ഇന്ത്യ കാര്യവട്ടത്ത് സ്വന്തമാക്കിയത്. റണ്‍ അടിസ്ഥാനത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം.

ശ്രീലങ്കക്കെതിരായ പരമ്പര വിജയത്തിന് ശേഷം കൃത്യം മൂന്നം ദവസം ഇന്ത്യ സ്വന്തം മണ്ണില്‍ അടുത്ത പരമ്പരക്കറങ്ങി. ഐ.സി.സി ഇവന്റുകളില്‍ ഇന്ത്യയുടെ ‘കണ്ടക ശനി’യായിരുന്ന ന്യൂസിലാന്‍ഡായിരുന്നു എതിരാളികള്‍.

ടോം ലാഥമന്റെ നേതൃത്വത്തില്‍ കളത്തിലിറങ്ങിയ കിവികളെ കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നിലും അടിച്ചൊതുക്കിയും എറിഞ്ഞിട്ടുമാണ് ഇന്ത്യ വിജയം കൈപ്പിടിയിലതുക്കിയത്.

സ്വന്തം മണ്ണില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി കണ്ടു പഠിക്കാനാണ് 2022ല്‍ മാത്രം പാകിസ്ഥാനെ റെക്കോഡ് തോല്‍വിയിലേക്ക് തള്ളിവിട്ട നായകന്‍ ബാബര്‍ അസമിനോട് ആരാധകര്‍ ആവശ്യപ്പെടുന്നത്.

സ്വന്തം മണ്ണില്‍ മറ്റൊരു പരമ്പരക്കാണ് ഇന്ത്യ ഇനിയിറങ്ങുന്നത്. ഹര്‍ദിക് പണ്ഡ്യയുടെ നേതൃത്വത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ടി-20 പരമ്പരയാണ് ഇന്ത്യ ഇനി കളിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ജനുവരി 27ന് റാഞ്ചിയില്‍ വെച്ച് നടക്കും.

Content Highlight: Rohit Sharma’s captaincy

We use cookies to give you the best possible experience. Learn more