| Monday, 13th November 2023, 10:52 am

4,284 ദിവത്തിന് ശേഷം പന്തെറിഞ്ഞപ്പോള്‍ നേടിയത് 40 വര്‍ഷത്തെ റെക്കോഡ്; ക്യാപ്റ്റന്‍ ന്നാ സുമ്മാവാ...

സ്പോര്‍ട്സ് ഡെസ്‌ക്

നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലെ ഇന്ത്യന്‍ ടീമിന്റെ ബൗളിങ് യൂണിറ്റാണ് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയത്. 11 പേരുള്ള ടീമില്‍ ഒമ്പത് പേരും കഴിഞ്ഞ മത്സരത്തില്‍ പന്തെറിഞ്ഞിരുന്നു. വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലും ശ്രേയസ് അയ്യരും മാത്രമാണ് നെതര്‍ലന്‍ഡ്‌സിനെതിരെ ചിന്നസ്വാമിയില്‍ പന്തെറിയാതിരുന്നത്.

നായകന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോഹ്‌ലി, ഓപ്പണറായ ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് കഴിഞ്ഞ മത്സരത്തില്‍ പന്തെടുത്ത മറ്റ് താരങ്ങള്‍. ഇതില്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും വിക്കറ്റ് നേടുകയും ചെയ്തിരുന്നു.

വിരാട് മൂന്ന് ഓവറില്‍ 13 റണ്‍സ് വഴങ്ങിയ ഡച്ച് ക്യാപ്റ്റന്‍ സ്‌കോട് എഡ്വാര്‍ഡ്‌സിനെ പുറത്താക്കിയപ്പോള്‍ 0.5 ഓവറില്‍ ഏഴ് റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. ഇന്ത്യന്‍ വംശജനും ഡച്ച് നിരയില്‍ മികച്ച ബാറ്റിങ് കാഴ്ചവെക്കുകയും ചെയ്ത തേജ നിദാമാനുരുവിനെയാണ് രോഹിത് പുറത്താക്കിയത്.

ഈ വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും രോഹിത് ശര്‍മയെ തേടിയെത്തിയിരുന്നു. കഴിഞ്ഞ 40 വര്‍ഷ കാലയളവില്‍ ലോകകപ്പിലെ ഒരു മത്സരത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും വിക്കറ്റ് നേടുകയും ചെയ്യുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോഡ് നേട്ടമാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. 1983 ലോകകപ്പില്‍ കപില്‍ ദേവ് ആണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയ ഇന്ത്യന്‍ നായകന്‍.

ഇതിന് പുറമെ 20 വര്‍ഷക്കാലയളവില്‍ ലോകകപ്പില്‍ ഇന്ത്യക്കായി വിക്കറ്റ് നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടവും രോഹിത് ശര്‍മ നേടിയിരുന്നു. 2003 ലോകകപ്പില്‍ സൗരവ് ഗാംഗുലിയാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ നായകന്‍.

നെതര്‍ലന്‍ഡ്‌സിനായി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ തേജ നിദാമാനുരുവിനെയാണ് രോഹിത് മടക്കിയത്. 48ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ഇന്ത്യന്‍ നായകന്റെ വിക്കറ്റ് നേട്ടം. ഓവറിലെ നാലാം പന്തില്‍ രോഹിത്തിനെതിരെ സിക്‌സര്‍ നേടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ തേജയെ തൊട്ടടുത്ത പന്തില്‍ പുറത്താക്കിയാണ് ഇന്ത്യന്‍ നായകന്റെ റെക്കോഡ് നേട്ടത്തില്‍ മുത്തമിട്ടത്.

നേരത്തെ, മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് രോഹിത്തും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് പടുത്തുയര്‍ത്തിയിരുന്നു. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഇരുവരും തിരികെ കയറിയത്. വണ്‍ ഡൗണായെത്തിയ വിരാട് കോഹ്‌ലിയും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി.

ശേഷമെത്തിയ ശ്രേയസ് അയ്യരും കെ.എല്‍. രാഹുലും സെഞ്ച്വറി പൂര്‍ത്തിയാക്കി ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തി. ശ്രേയസ് അയ്യര്‍ 94 പന്തില്‍ നിന്നും പുറത്താകാതെ 128 റണ്‍സ് നേടിയപ്പോള്‍ 64 പന്തില്‍ 102 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. രോഹിത് ശര്‍മ 61 റണ്‍സടിച്ചപ്പോള്‍ ശുഭ്മന്‍ ഗില്ലും വിരാടും 51 റണ്‍സ് വീതവും നേടി.

ഇവരുടെ ബാറ്റിങ് കരുത്തില്‍ ഇന്ത്യ 410 റണ്‍സടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡച്ച് പട 250 റണ്‍സിന് ഓള്‍ ഔട്ടായി.

Content highlight: Rohit Sharma’s bowling record

We use cookies to give you the best possible experience. Learn more