| Tuesday, 28th March 2023, 7:31 pm

ഹാട്രിക്കടക്കം നാല് വിക്കറ്റ് നേടി മുംബൈയെ തകര്‍ത്ത രോഹിത്തിനെ അറിയാമോ? സീസണില്‍ 11 വിക്കറ്റ് വീഴ്ത്തിയ ആ ഓള്‍റൗണ്ടറെ നിങ്ങള്‍ മിസ് ചെയ്യുന്നുണ്ടോ?

ആദര്‍ശ് എം.കെ.

ഐ.പി.എല്ലില്‍ ഏറ്റവും സക്‌സസ്ഫുള്ളായ ക്യാപ്റ്റനാണ് രോഹിത് ശര്‍മ. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിച്ച താരം മുംബൈയിലെത്തുന്നതിന് മുമ്പ് തന്നെ കിരീടം നേടിയ ഒരു ടീമിന്റെ ഭാഗമായിരുന്നു.

2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് കിരീടം നേടിയപ്പോള്‍ രോഹിത് ശര്‍മ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു. ഫൈനലില്‍ നേടിയ 23 റണ്‍സടക്കം മികച്ച പ്രകടനമാണ് രോഹിത് നടത്തിയത്.

യുവനിരയിലെ വെടിക്കെട്ട് താരം എന്നതിലുപരി ഡെക്കാന്‍ പ്രവിശ്യയിലെ കാളക്കൂറ്റനൊപ്പമുണ്ടായിരുന്നപ്പോള്‍ രോഹിത് ശര്‍മ ഒരു മികച്ച ബൗളര്‍ കൂടിയായിരുന്നു. സീസണില്‍ ഒരു ഹാട്രിക്കടക്കം 11 വിക്കറ്റാണ് താരം വീഴ്ത്തിയത്. ആ ഹാട്രിക് നേടിയതാകട്ടെ മുംബൈ ഇന്ത്യന്‍സിനെതിരെയും.

2009 മെയ് ആറിന് സെഞ്ചൂറിയനില്‍ വെച്ച് നടന്ന മത്സരത്തിലായിരുന്നു രോഹിത് ശര്‍മയെന്ന യുവതാരത്തിന്റെ ബൗളിങ് മികവ് ലോകമൊന്നാകെ കണ്ടത്. മത്സരത്തില്‍ ആറ് റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് രോഹിത് വിഴ്ത്തിയത്.

ടോസ് നേടിയ ഡെക്കാന്‍ നായകന്‍ ആദം ഗില്‍ക്രിസ്റ്റ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അത്ര മോശമല്ലാത്ത തുടക്കമായിരുന്നു മത്സരത്തില്‍ ഡെക്കാന് ലഭിച്ചത്.

ടീം സ്‌കോര്‍ എട്ടില്‍ നില്‍ക്കവെ ഓപ്പണര്‍ ഹെര്‍ഷല്‍ ഗിബ്‌സിനെ പൂജ്യത്തിന് ടീമിന് നഷ്ടമായി. വണ്‍ ഡൗണായെത്തിയ തിരുമലസെട്ടി സുമനെ കൂട്ടുപിടിച്ച് ഗില്ലി സ്‌കോര്‍ ഉയര്‍ത്തി. 37ല്‍ സുമനെ നഷ്ടമായ ഡെക്കാന്‍ പതറാന്‍ തുടങ്ങിയപ്പോഴായിരുന്നു രോഹിത് ശര്‍മ ക്രീസിലെത്തിയത്. 38 റണ്‍സ് നേടി ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയ രോഹിത് ശര്‍മയുടെയും പിന്നാലെയെത്തിയവരുടെ ചെറിയ തോതിലുള്ള സംഭാവനകളുടെയും കരുത്തില്‍ ഡെക്കാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 145 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കും മികച്ച തുടക്കമായിരുന്നില്ല. സനത് ജയസൂര്യയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും പത്ത് റണ്‍സിനകം പുറത്തായപ്പോള്‍ മുംബൈ അപകടം മണത്തു. എന്നാല്‍ പിന്നാലെയെത്തിയ പിനാല്‍ സിങ്ങും ജെ.പി. ഡുമ്‌നിയും ചേര്‍ന്ന് ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ചു. 19 പന്തില്‍ നിന്നും 29 റണ്‍സുമായി സിങ് തിളങ്ങിയപ്പോള്‍ അര്‍ധ സെഞ്ച്വറി തികച്ചായിരുന്നു ഡുമ്‌നിയുടെ ആറാട്ട്.

ടീം സ്‌കോര്‍ 60ല്‍ നില്‍ക്കവെ പിനാല്‍ സിങ്ങിനെ ടീമിന് നഷ്ടമായി. പിന്നാലെയെത്തിയ ബ്രാവോയെ കൂട്ടുപിടിച്ചായി ശേഷം ഡുമ്‌നിയുടെ വെടിക്കെട്ട്. 97ന് ബ്രാവോയും പുറത്തായപ്പോള്‍ അഭിഷേക് നായകായിരുന്നു ക്രീസിലെത്തിയത്.

ടീം സ്‌കോര്‍ 103ല്‍ നില്‍ക്കവെ 16ാം ഓവറിലെ അഞ്ചാം പന്തില്‍ അഭിഷേക് നായരെ ബൗള്‍ഡാക്കി രോഹിത് ശര്‍മ വിക്കറ്റ് വേട്ട ആരംഭിച്ചു. പകരമെത്തിയ ഹര്‍ഭജനെയും അതേരീതിയില്‍ പുറത്താക്കി രോഹിത് ശര്‍മ വീണ്ടും മുംബൈയെ ഞെട്ടിച്ചു.

18ാം ഓവറിലെ ആദ്യ പന്തില്‍ തന്റെ ഐ.പി.എല്‍ കരിയറിലെ ആദ്യ ഹാട്രിക് ലക്ഷ്യമിട്ട് രോഹിത് ശര്‍മ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക്. ഭാവിയില്‍ താന്‍ കിരീടത്തിലേക്ക് നയിക്കേണ്ട ടീമിനെതിരെ അന്നത്തെ തന്റെ ക്യാപ്റ്റനൊപ്പം നടത്തിയ മിന്നല്‍ നീക്കത്തില്‍ ഡുമ്‌നി പുറത്ത്. ഐ.പി.എല്ലിലെ തന്റെ ആദ്യ ഹാട്രിക്കും ഏക ഹാട്രിക്കും തികച്ച രോഹിത് ശര്‍മ ഡെക്കാന്‍ ആരാധകരുടെ മനസിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. ആ ഓവറില്‍ തന്നെ സൗരഭ് തിവാരിയെയും പുറത്താക്കി രോഹിത് നാല് വിക്കറ്റ് നേട്ടവും ആഘോഷിച്ചു.

ഒടുവില്‍ നിശ്ചിത ഓവറില്‍ 126ന് എട്ട് എന്ന നിലയില്‍ മുംബൈ പോരാട്ടം അവസാനിപ്പിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ രോഹിത് മത്സരത്തിലെ താരവുമായി തെരഞ്ഞെടുക്കപ്പെട്ടു.

ഐ.പി.എല്ലില്‍ രോഹിത് ശര്‍മ ആകെ നേടിയ 15 വിക്കറ്റില്‍ 11ഉം പിറന്നത് രണ്ടാം സീസണിലായിരുന്നു. ആദ്യ സീസണില്‍ ഒരു വിക്കറ്റ് വീഴ്ത്തിയ രോഹിത് മൂന്നാം സീസണില്‍ രണ്ട് വിക്കറ്റും വീഴ്ത്തി. 2014ലാണ് രോഹിത് ശര്‍മ ഐ.പി.എല്ലില്‍ അവസാനമായി പന്തെറിഞ്ഞ് വിക്കറ്റ് നേടിയത്.

2021ലടക്കം താരം പന്തുമായി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് എത്തിയിരുന്നെങ്കിലും കാര്യമുണ്ടായിരുന്നില്ല. കൈവരിലിനേറ്റ പരിക്ക് താരത്തെ ബൗളിങ്ങില്‍ നിന്നും വിലക്കിയപ്പോള്‍ നമുക്ക് നഷ്ടമായത് ഒരു തകര്‍പ്പന്‍ ഓള്‍ റൗണ്ടറെയായിരുന്നു. എന്നാല്‍ മധ്യനിരയില്‍ നിന്നും ഓപ്പണിങ്ങിലേക്ക് പ്രമോഷന്‍ ലഭിച്ചപ്പോള്‍ നമുക്ക് ലഭിച്ചതാകട്ടെ പകരം വെക്കാനില്ലാത്ത ഹിറ്റ്മാനെയും.

Content Highlight: Rohit Sharma’s bowling performance in IPL 2009

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more