ഇന്ത്യ-പാകിസ്ഥാന്‍ മാച്ചുകളെ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമെന്ന നിലയില്‍ ചിത്രീകരിക്കുന്നതിനെതിരെ വായടപ്പിക്കുന്ന മറുപടി നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
ടി-20 ലോകകപ്പില്‍ ഒക്ടോബര്‍ 23ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാക് മത്സരവുമായി ബന്ധപ്പെട്ട് വലിയ സമ്മര്‍ദം സൃഷ്ടിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാകുന്നതിലായിരുന്നു രോഹിത് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയത്.
ലോകകപ്പിന് മുന്നോടിയായി 16 ടീമുകളുടെയും ക്യാപ്റ്റന്മാര്‍ ഒന്നിച്ച് പങ്കെടുത്ത ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു രോഹിത്. ഇന്ത്യ-പാക് ഹൈ വോള്‍ട്ടേജ് മത്സരത്തിനുള്ള തയ്യാറെടുപ്പുകള്‍ എവിടെ വരെയായി എന്നായിരുന്നു അദ്ദേഹത്തോടുള്ള ചോദ്യം.
‘പാകിസ്ഥാനെതിരെയുള്ള മത്സരമാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നുവെച്ച് ഓരോ ഇന്ത്യ-പാക് മത്സരത്തിന് മുമ്പും ഇത് തന്നെ ചോദിച്ച് ഞങ്ങള്‍ക്കുള്ളില്‍ തന്നെ സമ്മര്‍ദമുണ്ടാക്കിയിട്ട് ഒരു കാര്യവുമില്ല. പാകിസ്ഥാന്‍ കളിക്കാരെ എപ്പോള്‍ കണ്ടാലും അവര്‍ എങ്ങനെയിരിക്കുന്നു എന്നൊക്കെയാണ് ഞങ്ങള്‍ ചോദിക്കാറുള്ളത്.
നമ്മുടെ കുടുംബങ്ങളെ കുറിച്ച് സംസാരിക്കും. ജീവിതമെങ്ങനെ പോകുന്നുവെന്നും മൊത്തത്തില്‍ കാര്യങ്ങള്‍ എങ്ങനെയുണ്ട് എന്നൊക്കെ തന്നെയാണ് ഞങ്ങളും സംസാരിക്കാറുള്ളത്. പുതിയതായി വാങ്ങിയ കാര്‍ ഏതാണ്, അല്ലേല്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന കാര്‍ ഏതാണ് എന്നെല്ലാമായിരിക്കും പരസ്പരം ചോദിക്കുന്നത്,’ രോഹിത് ശര്‍മ പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങളെ വിദ്വേഷപരമായ രീതിയില്‍ ചിത്രീകരിക്കുന്നതിനെ ഇരു രാജ്യങ്ങളിലെയും കളിക്കാര്‍ പല തവണ അപലപിച്ചിട്ടുണ്ട്. ഇരു ടീമുകളുടെയും കളിക്കാര്‍ തമ്മില്‍ മികച്ച സ്‌പോര്‍ട്‌സ്മാന്‍ഷിപ്പും സൗഹൃദവും പങ്കുവെക്കാറുണ്ട് എന്നത് ഓരോ മാച്ചിലും പ്രകടമാകാറുമുണ്ട്.
എന്നാല്‍ വാര്‍ത്താചാനലുകളും സോഷ്യല്‍ മീഡിയയിലെ ചില ഗ്രൂപ്പുകളും ഇന്നും ഇന്ത്യ-പാക് മത്സരങ്ങളെ ഒട്ടും ആരോഗ്യപരമായ രീതിയിലല്ല സമീപിക്കാറുള്ളത്.
2013ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അവസാനമായി പരമ്പര നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയപ്രശ്നങ്ങള്‍ രൂക്ഷമായതിന് പിന്നാലെയാണ് നേരിട്ടുള്ള ടൂര്‍ണമെന്റുകള്‍ നിര്‍ത്തിവെച്ചത്. അതേസമയം ഐ.സി.സി ഇവന്റുകളില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയിരുന്നു.
ഒടുവില്‍ നടന്ന ഏഷ്യാ കപ്പില്‍ രണ്ട് തവണയാണ് ഇന്ത്യ-പാക് മത്സരം നടന്നത്. ഗ്രൂപ്പ് സ്റ്റേജില്‍ ഇന്ത്യ ജയിച്ചപ്പോള്‍ സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തി.
Content Highlight: Rohit Sharma’s befitting reply to people who makes India-Pak matches more than a match