| Friday, 1st September 2023, 1:27 pm

ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ കംപ്ലീറ്റ് ഡോമിനേഷന്‍; ഒറ്റ പേര്, രോഹിത് ഗുരുനാഥ് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ ഇന്ത്യ -പാകിസ്ഥാന്‍ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. സെപ്റ്റംബര്‍ രണ്ടിന് കാന്‍ഡിയിലെ പല്ലേക്കലെ സ്റ്റേഡിയമാണ് ക്രിക്കറ്റ് ലോകത്തെ ക്ലാസിക് റൈവല്‍റിക്ക് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്.

വിജയം മാത്രം മുമ്പില്‍ കണ്ടുകൊണ്ടായിരിക്കും ഇരു ടീമുകളും ലങ്കയിലേക്ക് പറക്കുക. കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കിരീടം നേടിയെടുക്കാന്‍ പാകിസ്ഥാന്‍ ഇറങ്ങുമ്പോള്‍ ഏകദിന ഫോര്‍മാറ്റില്‍ അവസാന ടൂര്‍ണമെന്റ് നടന്ന 2018ലെ ചരിത്രം ആവര്‍ത്തിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

2018ല്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ കപ്പുയര്‍ത്തുകയായിരുന്നു. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഏഴാമത് ടൈറ്റില്‍ നേട്ടമായിരുന്നു അത്.

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യ ഏറെ പ്രതീക്ഷവെച്ചുപുലര്‍ത്തുന്ന താരങ്ങളില്‍ പ്രധാനിയാണ് രോഹിത് ശര്‍മ. താരത്തിന്റെ കണക്കുകള്‍ തന്നെയാണ് അതിന് കാരണവും.

ആക്ടീവ് താരങ്ങളുടെ ഇടയില്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങളില്‍ ഏറ്റവുമധികം ഏകദിന റണ്‍സ് നേടിയ ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ. അമ്പതിലധികം ആവറേജുമായി 720 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം.

ഇന്ത്യ – പാകിസ്ഥാന്‍ ഏകദിന മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍ (ആക്ടീവ് പ്ലെയേഴ്‌സ്)

(താരം – റണ്‍സ് – അവറേജ് – അര്‍ധ സെഞ്ച്വറി – സെഞ്ച്വറി എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 720 – 51.42 – 6 – 2

വിരാട് കോഹ്‌ലി – 536 – 48.72 – 2 – 2

ശിഖര്‍ ധവാന്‍ – 380 – 54.28 – 2 – 1

ഹര്‍ദിക് പാണ്ഡ്യ – 122 – 61.0 – 1 – 0

ഇതിന് പുറമെ മറ്റൊരു കരിയല്‍ മൈല്‍ സ്റ്റോണ്‍ നേട്ടവും രോഹിത് ശര്‍മക്ക് മുമ്പിലുണ്ട്. അതില്‍ പ്രധാനം ഏകദിനത്തിലെ 10,000 റണ്‍സ് മാര്‍ക്കാണ്. 9,837 റണ്‍സാണ് നിലവില്‍ ഏകദിനത്തില്‍ രോഹിത് ശര്‍മക്കുള്ളത്. 167 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ 10,000 എന്ന മാജിക്കല്‍ നമ്പറിലെത്താന്‍ ഇന്ത്യന്‍ നായകന് സാധിക്കും.

അങ്ങനെയെങ്കില്‍ ഈ നേട്ടം കൈവരിക്കുന്ന 15ാമത് മാത്രം താരമാകാനും ആറാമത് ഇന്ത്യന്‍ താരമാകാനും രോഹിത് ശര്‍മക്ക് സാധിക്കും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എം.എസ്. ധോണി എന്നിവരാണ് ഇതിന് മുമ്പ് 10സ ക്ലബ്ബിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.

2007ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച രോഹിത് ശര്‍മ 244 മത്സരത്തിലെ 237 ഇന്നിങ്സില്‍ നിന്നുമാണ് 9,837 റണ്‍സ് നേടിയത്. 48.69 എന്ന ശരാശരിയിലും 89.97 എന്ന സ്ട്രൈക്ക് റേറ്റിലുമാണ് രോഹിത് റണ്‍സടിച്ചുകൂട്ടിയത്. 30 സെഞ്ച്വറിയും 48 അര്‍ധ സെഞ്ച്വറിയുമുള്ള രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 264 ആണ്.

ഇതിന് പുറമെ മറ്റൊരു നേട്ടവും രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. ഏഷ്യാ കപ്പില്‍ (ഏകദിന ഫോര്‍മാറ്റില്‍) ഏറ്റവുമധികം റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയുടെ റെക്കോഡാണ് രോഹിത്തിന് തകര്‍ക്കാനുള്ളത്.

579 റണ്‍സോടെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി പട്ടികയില്‍ ഒന്നാമതുള്ളത്. ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്റെ റോളില്‍ ഇന്ത്യയെ നയിച്ച 14 മത്സരത്തില്‍ നിന്നുമാണ് ഈ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 82.71 എന്ന മികച്ച ശരാശരിയിലാണ് ധോണി ഏഷ്യാ കപ്പില്‍ റണ്‍സടിച്ചുകൂട്ടിയത്. മൂന്ന് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

Content Highlight: Rohit Sharma’s batting performance against Pakistan

We use cookies to give you the best possible experience. Learn more