| Sunday, 10th September 2023, 7:22 pm

വിന്റേജ് രോഹിത്തിന് മാര്‍ക് ചെയ്യാന്‍ പറ്റാത്ത ഏത് തീയുണ്ട ബൗളറാടോ ഉള്ളത്! പാകിസ്ഥാനെതിരെ ഏഷ്യാ കപ്പ് റെക്കോഡുമായി ഹിറ്റ്മാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ മത്സരം മഴമൂലം ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഇന്നിങ്‌സിലെ 24.1 ഓവറില്‍ മഴയെത്തുകയായിരുന്നു. ഇതോടെ നിര്‍ത്തിവെച്ച മത്സരം കാലാവസ്ഥ അനുകൂലമാകാത്തതിനാല്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

മത്സരത്തിന് നാളെ റിസര്‍വ് ഡേയും പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 11ന് കാലാവസ്ഥ അനുകൂലമാവുകയും മത്സരം നടത്താനുള്ള സാഹചര്യം ഉടലെടുക്കുകയും ചെയ്യുകയാണെങ്കില്‍ ഇപ്പോള്‍ നിര്‍ത്തി വെച്ചിടത്ത് നിന്നും മത്സരം പുനരാരംഭിക്കും.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നല്‍കിയത്. ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ പാകിസ്ഥാന്‍ ബൗളര്‍മാരെ ആക്രമിച്ചു കളിച്ചാണ് ഇരുവരും ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്.

ഷഹീന്‍ അഫ്രിദിയെ ആദ്യ ഓവറില്‍ തന്നെ സിക്‌സറിന് പറത്തി രോഹിത് ശര്‍മയാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. ഇതാദ്യമായാണ് ഏകദിനത്തിലെ ആദ്യ ഓവറില്‍ ഒരു ബാറ്റര്‍ ഷഹീന്‍ അഫ്രിദിയെ സിക്‌സറടിക്കുന്നത്.

ഒമ്പതാം ഓവറില്‍ ടീം സ്‌കോര്‍ 50ഉം 14ാം ഓവറില്‍ ടീം സ്‌കോര്‍ 100ഉം കടന്നിരുന്നു. രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ സ്‌കോറിങ്ങിനെ മുമ്പില്‍ നിന്നും നയിച്ചത്.

42ാം പന്തിലാണ് രോഹിത് ശര്‍മ ഫിഫ്റ്റി പൂര്‍ത്തിയാക്കുന്നത്. താരത്തിന്റെ 50ാം അന്താരാഷ്ട്ര ഏകദിന അര്‍ധ സെഞ്ച്വറിയാണിത്.

ഈ ഹാഫ് സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും രോഹിത് ശര്‍മയെ തേടിയെത്തിയിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ ഒരു ടീമിനെതിര ഏറ്റവുമധികം 50+ സ്‌കോര്‍ നേടുന്ന താരം എന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്.

ഇത് ആറാം തവണയാണ് രോഹിത് പാകിസ്ഥാനെതിരെ 50+ സ്‌കോര്‍ നേടുന്നത്. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും സനത് ജയസൂര്യയെയും അടക്കം മറികടന്നുകൊണ്ടാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്.

ഏഷ്യാ കപ്പില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം 50+ റണ്‍സ് സ്‌കോര്‍ ചെയ്ത താരങ്ങള്‍

(താരം – രാജ്യം – നേടിയ 50+ സ്‌കോറുകള്‍ – എതിരാളികള്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 6 – പാകിസ്ഥാന്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 5 – ശ്രീലങ്ക

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 5 – ഇന്ത്യ

സനത് ജയസൂര്യ – ശ്രീലങ്ക – 5 – ബംഗ്ലാദേശ്

മുഹമ്മദ് അസറുദ്ദീന്‍ – ഇന്ത്യ – 4 – ശ്രീലങ്ക

സനത് ജയസൂര്യ – ശ്രീലങ്ക – 4 – ഇന്ത്യ

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 4 – ഇന്ത്യ

മിസ്ബ ഉള്‍ ഹഖ് – പാകിസ്ഥാന്‍ – 4 – ശ്രീലങ്ക

മര്‍വന്‍ അട്ടപ്പട്ടു – ശ്രീലങ്ക – 3 – പാകിസ്ഥാന്‍

മര്‍വന്‍ അട്ടപ്പട്ടു – ശ്രീലങ്ക – 3 – ഇന്ത്യ

സൗരവ് ഗാംഗുലി – ഇന്ത്യ – 3 – ബംഗ്ലാദേശ്

ഹസ്മത്തുള്ള ഷാഹിദി – അഫ്ഗാനിസ്ഥാന്‍ – 3 – ബംഗ്ലാദേശ്

ഇന്‍സമാം ഉള്‍ ഹഖ് – പാകിസ്ഥാന്‍ – 3 – ബംഗ്ലാദേശ്

മുഷ്ഫിഖര്‍ റഹീം – ബംഗ്ലാദേശ് – 3 – പാകിസ്ഥാന്‍

അര്‍ജുന രണതുംഗ – ശ്രീലങ്ക – 3 – ബംഗ്ലാദേശ്

അതേസമയം, 24.1 ഓവറില്‍ 147 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. 49 പന്തില്‍ 56 റണ്‍സ് നേടിയ രോഹിത് ശര്‍മയും 52 പന്തില്‍ 58 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലുമാണ് പുറത്തായത്.

16 പന്തില്‍ എട്ട് റണ്‍സുമായി വിരാട് കോഹ്‌ലിയും 28 പന്തില്‍ 17 റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസില്‍.

പാകിസ്ഥാനായി ഷദാബ് ഖാനും ഷഹീന്‍ അഫ്രിദിയും ഓരോ വിക്കറ്റ് വീഴ്ത്തി.

Content highlight: Rohit Sharma’s 6th half century against Pakistan in Asia Cup

Latest Stories

We use cookies to give you the best possible experience. Learn more