ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. താരം കൊവിഡില്‍ നിന്നും മുക്തനായതോടെയാണ് ആദ്യ മത്സരം മുതല്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് എത്തുമെന്ന് ഉറപ്പായിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരെ ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. ഇതോടെ താരത്തിന് അഞ്ചാം ടെസ്റ്റ് നഷ്ടമാവുകയായിരുന്നു.
രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്. ക്യാപ്റ്റനായി ഇന്ത്യയെ നയിക്കുന്ന ആദ്യ ടെസ്റ്റ് തന്നെ വിജയിക്കാനും 2007ന് ശേഷം ആദ്യമായി ഇംഗ്ലണ്ട് മണ്ണില്‍ പരമ്പര നേടാനുമാണ് ബുംറയും സംഘവും ഒരുങ്ങുന്നത്.
താരം കൊവിഡില്‍ നിന്നും മുക്തനാവും എന്ന് മുന്നില്‍ കണ്ടുകൊണ്ട് തന്നെയായിരുന്നു ബി.സി.സി.ഐ ടി-20 സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡ് പര്യടനത്തില്‍ തിളങ്ങിയ യുവതാരങ്ങളെയും പരിഗണിച്ചിരുന്നു.
സഞ്ജു സാംസണാണ് ആദ്യ മത്സരത്തിലെ സ്‌ക്വാഡിലെ പ്രധാന ഹൈലൈറ്റ്. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടി-20 പരമ്പരയ്ക്ക് മുമ്പായി നടന്ന സന്നാഹ മത്സരത്തിലും സഞ്ജു മികച്ച പ്രകടനമായിരുന്നു നടത്തിയത്.
നൊര്‍താംപ്റ്റണ്‍ ഷെയറുമായി നടക്കുന്ന രണ്ടാം സന്നാഹമത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാനും ആദ്യ ഇലവനില്‍ ഉള്‍പ്പെടാനുമാണ് സഞ്ജു ഒരുങ്ങുന്നത്.
ജൂലൈ ഏഴിനാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ ടി-20 മത്സരം നടക്കുന്നത്. ടെസ്റ്റ് കഴിഞ്ഞ് കൃത്യം രണ്ടാം ദിവസം ടി-20 പരമ്പര ആരംഭിക്കുന്നതിനാല്‍ ക്യാപ്റ്റന്‍ ബുംറയടക്കമുള്ള താരങ്ങള്‍ രണ്ടാം ടി-20 മുതലാവും ടീമിനൊപ്പം ചേരുക.
മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇനി ബാക്കിയുള്ളത്.
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി-20ക്കുള്ള സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്
ഇംഗ്ലണ്ടിനെതിരെയുള്ള 2, 3 ടി-20ക്കുള്ള സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യൂസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്
ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, യൂസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, ജസപ്രീത് ബംറ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.
Content Highlight: Rohit Sharma’s 2nd test also negative, will join in the T20 squad