ഐ.പി.എല്‍ 2022 മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഏറ്റവും മോശം സീസണായിരുന്നു. ഐ.പി.എല്‍ ആരംഭിച്ച 2008 മുതല്‍ ഇക്കാലം വരെ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും മോശം പ്രകടനവും 15ാം സീസണിലേത് തന്നെയായിരുന്നു.
മുംബൈ ഇന്ത്യന്‍സും ടീമിനെ പല തവണ കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മയും ഈ സീസണെ കുറിച്ച് ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കുന്നുണ്ടാവില്ല. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും രോഹിത് ശര്‍മ ഒരുപോലെ പരാജയപ്പെട്ട സീസണായിരുന്നു 2022ലേത്.
തന്റെ ഹാര്‍ഡ് ഹിറ്റിങ് പ്രകടനം ഒരിക്കല്‍ പോലും പുറത്തെടുക്കാന്‍ സാധിക്കാതെയാണ് ഹിറ്റ്മാന്‍ ഉഴറിയത്. കളിച്ച 14 മത്സരത്തില്‍ നിന്നും 268 റണ്‍സ് മാത്രമാണ് രോഹിത് ശര്‍മക്ക് സ്വന്തമാക്കാന്‍ സാധിച്ചത്.
ഒരു സെഞ്ച്വറിയോ ഫിഫ്റ്റിയോ പോലും ഇല്ലാതെയാണ് രോഹിത് ശര്‍മ 2022 ഐ.പി.എല്‍ അവസാനിപ്പിച്ചത്. 48 ആണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 19.14 എന്ന തന്റെ ഐ.പി.എല്‍ കരിയറിലെ തന്നെ മോശം ശരാശരിയായിരുന്നു 2022ല്‍ രോഹിത് ശര്‍മക്കുണ്ടായിരുന്നത്.
ഈ കണക്കുകള്‍ക്കൊപ്പം തന്നെ രസകരമായ മറ്റൊരു കണക്കാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. താരത്തിന്റെ സാലറി vs റണ്‍സ് കംപാരിസണാണ് ചര്‍ച്ചാ വിഷയം.
താരം നേടുന്ന ഓരോ റണ്ണിനും എത്ര വിലയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 2022ല്‍ 16 കോടിക്ക് ടീം നിലനിര്‍ത്തിയ രോഹിത് ശര്‍മ 268 റണ്‍സ് മാത്രമാണ് നേടിയത്. സാലറി vs റണ്‍സ് കംപെയര്‍ ചെയ്യുമ്പോള്‍ രോഹിത് ശര്‍മയുടെ ഒരു റണ്‍സിന് 5.97 ലക്ഷം രൂപ വിലയുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ ഏറ്റവുമയുയര്‍ന്ന തുകയും മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഏറ്റവും മോശം പ്രകടനവുമായിരുന്നു 2022ലേത്.
അതേസമയം, ഐ.പി.എല്‍ 2023ല്‍ മികച്ച പ്രകടനം നടത്താനാണ് മുംബൈ ഇറങ്ങുന്നത്. ജസ്പ്രീത് ബുംറയും പരിക്ക് ഭേദമായി ടീമിലെത്തിയ ജോഫ്രാ ആര്‍ച്ചറും വമ്പന്‍ തുകക്ക് ടീമിലെത്തിച്ച കാമറൂണ്‍ ഗ്രീന്‍ അടക്കമുള്ള താരങ്ങളാണ് 2023ല്‍ മുംബൈയുടെ കരുത്ത്.
Content Highlight: Rohit Sharma Runs vs Salary comparison