ക്രിക്കറ്റില്‍ ബാറ്റിങ് ചെയ്യുന്നതില്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇംഗ്ലണ്ട് യുവതാരം സാക്ക് ക്രൊളിയുടെയും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെയും ബാറ്റിങാണ് താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചിട്ടുള്ളത് എന്നാണ് രോഹിത് പറഞ്ഞത്.
‘ഈ സീസണില്‍ ഞാന്‍ സാക്ക് ക്രാളിയുടെ ബാറ്റിങ് നന്നായി വീക്ഷിക്കുകയും അവന്റെ ബാറ്റിങ് നന്നായി ആസ്വദിക്കുകയും ചെയ്തു. സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ്ങും ഞാന്‍ വളരെയധികം ആസ്വദിച്ചു. മത്സരത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സ്വന്തമായി ഒരു കഴിവുണ്ട്. അവന്‍ അതില്‍ വളരെയധികം വിജയിച്ചൊരു താരമാണ്,’ ദുബായ് ഐ 103.8 യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രോഹിത് ശര്‍മ പറഞ്ഞു.
ഐ.പി.എല്ലിന് മുന്നോടിയായി നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ മിന്നും പ്രകടനമാണ് ക്രോളി നടത്തിയത്. ഇന്ത്യക്കെതിരെ 407 റണ്‍സാണ് ക്രോളി അടിച്ചെടുത്തത്.
ഓസ്‌ട്രേലിയന്‍ താരം സ്മിത്ത് ക്രിക്കറ്റില്‍ അവിസ്മരണീയമായ ഒരു കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്തിയ താരമാണ്. ടെസ്റ്റ് കെട്ടിലെ ഓസ്‌ട്രേലിയ കണ്ട ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് സ്മിത്ത്. 32 സെഞ്ച്വറികളും 41 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 9685 റണ്‍സാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരത്തിന്റെ അക്കൗണ്ടില്‍ ഉള്ളത്.
അതേസമയം ഐപിഎല്ലില്‍ ഈ സീസണില്‍ നിരാശാജനകമായ പ്രകടനമാണ് മുംബൈ ഇന്ത്യന്‍സ് നടത്തിയത്. 13 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ നാലു വിജയവും ഒമ്പത് തോല്‍വിയും അടക്കം എട്ട് പോയിന്റുമായി അവസാന സ്ഥാനത്താണ് മുംബൈ. ഇന്ന് നടക്കുന്ന അവസാന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ആണ് മുംബൈയുടെ എതിരാളികള്‍.
ഐ.പി.എല്‍ അവസാനിച്ചാല്‍ ഉടന്‍ ടി-20 ലോകകപ്പിനാണ് തുടക്കം കുറിക്കുന്നത്. രോഹിത്തിന്റെ കീഴില്‍ ഇന്ത്യ മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Rohit Sharma reveals who is his favorite cricketers