2013ന് ശേഷം ഐ.സി.സി ഇവന്റുകളില്‍ ഇന്ത്യന്‍ ടീമിന്റെ തുടര്‍ പരാജയങ്ങളുടെ കാരണം തുറന്ന് പറഞ്ഞ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ബി.സി.സി.ഐ ടി.വിയോടായിരുന്നു താരം ഇക്കാര്യം പറയുന്നത്.
2013ല്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച് ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കിയതിന് ശേഷം ഇന്ത്യയ്ക്ക് ഒരു ഐ.സി.സി ടൂര്‍ണമെന്റുകളില്‍ പോലും വിജയിക്കാനായിട്ടില്ല. ഇതിന് മുന്‍പ് 2011 ലോകകപ്പും, 2007 ടി-20 ലോകകപ്പുമായിരുന്നു ഇന്ത്യ നേടിയത്. മൂന്ന് തവണയും ധോണി തന്നെയായിരുന്നു ഇന്ത്യയെ നയിച്ചത്.
2013ന് ശേഷം 2 ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും ടി-20 ലോകകപ്പുമടക്കം 6 മേജര്‍ ഐ.സി.സി ടൂര്‍ണമെന്റുകളായിരുന്നു നടന്നിരുന്നത്. 2015, 2019 വര്‍ഷത്തെ ലോകകപ്പിലെ സെമിയും 2017 ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാം സ്ഥാനവുമായിരുന്നു ഇന്ത്യയുടെ മികച്ച പ്രകടനങ്ങള്‍.
എന്നാല്‍, ഇന്ത്യയുടെ പരാജയത്തിനുള്ള കാരണം വ്യക്തമാക്കുകയാണ് പുതുതായി ചുമതലയേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പ്രതീക്ഷിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതാണ് തങ്ങളുടെ പരാജയ കാരണമെന്നാണ് രോഹിത്തിന്റെ കണ്ടെത്തല്‍.
‘2013 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി നമ്മള്‍ സ്വന്തമാക്കി. എന്നാല്‍ അതിന് ശേഷം തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ആ ടൂര്‍ണമെന്റിന് ശേഷം ഒരു ടീം എന്ന നിലയിലായിരുന്നു നമ്മുടെ എല്ലാ പ്രകടനവും. എന്നാല്‍ മുന്നോട്ട് പോവാനുള്ള പ്രതീക്ഷക്കൊത്ത് നമ്മുടെ പ്രകടനം ഉയരുന്നില്ല,’ രോഹിത് പറയുന്നു.
ഇനിയും ഒരുപാട് ഐ.സി.സി ടൂര്‍ണമെന്റുകള്‍ സമീപ കാലത്ത് തന്നെ വരാനുണ്ടെന്നും എല്ലാ ടൂര്‍ണമെന്റുകളിലും കിരീടം തന്നെയാണ് ലക്ഷ്യമിടുന്നതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
അടുത്തിടെയാണ് രോഹിത് ഇന്ത്യന്‍ വൈറ്റ്‌ബോള്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത്.
വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഒരു നായകന്‍ മതിയെന്ന സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും കോഹ്‌ലിയെ മാറ്റുകയും പകരം രോഹിത്തിനെ നിയമിച്ചതും എന്ന് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി മുന്‍പേ വ്യക്തമാക്കിയിരുന്നു.
‘ടി-20യിലും ഏകദിനത്തിലും വെവ്വേറെ ക്യാപ്റ്റന്‍മാരെ നിയമിക്കുന്നതില്‍ ബി.സി.സി.ഐയ്ക്ക് താല്‍പര്യമില്ലായിരുന്നു. നമ്മളെ സംബന്ധിച്ച് നേതൃപാടവത്തില്‍ സ്ഥിരത വേണം. വലിയ ടൂര്‍ണമെന്റുകളില്‍ കഴിഞ്ഞ കുറച്ചുനാളുകളായി നമുക്ക് ജയിക്കാനാകുന്നില്ലെന്ന് എല്ലാവര്‍ക്കുമറിയാം,’ ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു.
സെലക്ടര്‍മാര്‍ രോഹിത് ശര്‍മയില്‍ വിശ്വാസമര്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കോഹ്‌ലിയെക്കൂടാതെ പരിശീലകനായ രാഹുല്‍ ദ്രാവിഡുമായും ബി.സി.സി.ഐ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.