കിവീസിനെതിരായ പരമ്പര വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് പോരാട്ടത്തിനിറങ്ങുകയാണ് ടീം ഇന്ത്യ. ഫെബ്രുവരി നാലിനാണ് ഓസീസിനെതിരെയുള്ള ചതുര്‍ദിന ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. പരമ്പര വിജയിക്കാനായാല്‍ ഇന്ത്യന്‍ ടീമിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ സാധിക്കും.
എന്നാല്‍ റിഷബ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടെസ്റ്റ് പരമ്പരക്കില്ല. ഇവരുടെ അഭാവം നികത്തുക ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദനയാവും. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും പരമ്പര സ്വന്തമാക്കാനായില്ലെങ്കില്‍ അത് വലിയ നാണക്കേടായി മാറും. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരാത്ത പക്ഷം ഇന്ത്യക്ക് പരമ്പര നേട്ടം കടുപ്പമായിരിക്കും.
മത്സരങ്ങള്‍ക്ക് മുമ്പ് താന്‍ നടത്തുന്ന മുന്നൊരുക്കത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഓരോ മത്സരത്തിന് മുമ്പും ഇഷ്ട ടി.വി ഷോ കാണുന്ന ശീലമുണ്ടെന്ന് രോഹിത് പറഞ്ഞു. ഹൈലന്‍ഡറിന്റെ റാപ്പിഡ് ഫയര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
പ്രശസ്ത അമേരിക്കന്‍ ടി.വി സീരീസായ എന്റൊറേജ് കാണാറുണ്ടെന്നും അത് സമ്മര്‍ദം കുറക്കാന്‍ സഹായിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ മാനസിക ഉല്ലാസം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യാറുണ്ടെന്നും രോഹിത് വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ രണ്ട് തവണയും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഒരു തവണ വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലും രണ്ടാം തവണ അജിന്‍ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലുമാണ് ഇന്ത്യ ഈ നേട്ടത്തിലെത്തിയത്.
കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയയിലാണ് മത്സരം നടന്നത്. എന്നാല്‍ ഇത്തവണ ഇന്ത്യയുടെ തട്ടകത്തിലാണ് മത്സരം നടക്കുന്നതെന്നതിനാല്‍ തോറ്റാല്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയടക്കം തെറിച്ചേക്കുമെന്നതില്‍ സംശയമില്ല.