| Thursday, 8th August 2024, 3:02 pm

ഏകദിന പരമ്പര നഷ്ടപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി രോഹിത് ശര്‍മ!

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ശ്രീലങ്ക വിജയം സ്വന്തമാക്കിയിരുന്നു. 110 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ലങ്ക സ്വന്തമാക്കിയത്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 26.1 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ ഏകദിന പരമ്പര 2-0ന് ലങ്കസ്വന്തമാക്കുകയായിരുന്നും.

എന്നിരുന്നാലും പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കാഴ്ചവെച്ചത്. സമനിലയില്‍ കലാശിച്ച ആദ്യ മത്സരത്തില്‍ 58 റണ്‍സും രണ്ടാം മത്സരത്തില്‍ 64 റണ്‍സും അവസാന മത്സരത്തില്‍ 35 റണ്‍സുമാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്‌കോററും രോഹിത്താണ്. അഗ്രസീവായി കളിച്ചെങ്കിലും നിര്‍ണായകമത്സരത്തില്‍ നേരത്തെ വിക്കറ്റാവുകയായിരുന്നു രോഹിത്. എന്നാല്‍ രോഹിത്ത് തന്റെ അഗ്രസീവ് ശൈലിയില്‍ വിക്കറ്റ് നഷ്ടപ്പെടുത്താന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അങ്ങനെ കളിച്ചതിന് കാരണമുണ്ടെന്നും മത്സര ശേഷം പറഞ്ഞിരുന്നു. മാത്രമല്ല മത്സരത്തിലെ തോല്‍വിയുടെ കാരണവും താരം വെളിപ്പെടുത്തി.

‘എന്റെ ലക്ഷ്യം കഴിയുന്നത്ര റണ്‍സ് നേടുക എന്നതായിരുന്നു. പവര്‍പ്ലേയ്ക്ക് ശേഷം എന്റെ വിക്കറ്റ് നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചില്ല, അഗ്രസീവ് നിലനിര്‍ത്താനാണ് ഞാന്‍ ശ്രമിച്ചത്. നിര്‍ഭാഗ്യവശാല്‍ ഒരു ആക്രമണ ഷോട്ടിന് ശ്രമിക്കുന്നതിനിടെ ഞാന്‍ പുറത്തായി.

പവര്‍പ്ലേ സമയത്ത് നേടിയ റണ്‍സ് നിര്‍ണായകമാണെന്ന് എനിക്ക് ഉറപ്പായിരുന്നു. പിച്ച് മന്ദഗതിയിലാകുമെന്നും ആ സമയം പന്ത് തിരിയുമെന്നും ഫീല്‍ഡ് മാറുമെന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നു.
ബൗളറെ സമ്മര്‍ദത്തിലാക്കാന്‍ കഴിയുമെന്ന് തോന്നിയപ്പോഴെല്ലാം ഞാന്‍ അവസരങ്ങള്‍ മുതലെടുത്തു.

എല്ലാത്തിനുമുപരി, സംഭവിച്ച തെറ്റുകള്‍ സമ്മതിക്കേണ്ടതുണ്ട്. ഈ പിച്ചുകളില്‍ സ്പിന്നിന് ആധിപത്യം സ്ഥാപിക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ പരമ്പരയിലുടനീളം ഞങ്ങളെ സമ്മര്‍ദത്തിലാക്കി,’ രോഹിത് പറഞ്ഞു.

Content Highlight: Rohit Sharma revealed the reason for losing ODI series Against Sri Lanka

We use cookies to give you the best possible experience. Learn more