| Friday, 9th December 2022, 3:17 pm

മൂന്നാം മത്സരത്തിന് മുമ്പ് രോഹിത് മുംബൈയിലേക്ക് മടങ്ങി; സൂപ്പര്‍ താരത്തെ വിളിച്ചുവരുത്തി ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ മൂന്നാം മത്സരം നാളെ (ഡിസംബര്‍ പത്ത്) നടക്കാനിരിക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോല്‍ക്കുകയും പരമ്പര അടിയറ വെക്കുകയും ചെയ്താണ് ഇന്ത്യന്‍ ടീം ഒരിക്കല്‍ക്കൂടി ബംഗ്ലാദേശിന് മുമ്പില്‍ നാണം കെട്ടിരിക്കുന്നത്.

നാളെ നടക്കാനിരിക്കുന്ന മത്സരത്തില്‍ പരിക്കേറ്റ രോഹിത് ശര്‍മ കളിക്കില്ല എന്ന കാര്യം ഉറപ്പായിട്ടുണ്ട്. രണ്ടാം ഏകദിനത്തിനിടെ കൈക്ക് പരിക്കേറ്റ ഇന്ത്യന്‍ നായകന്‍ ഫീല്‍ഡിങ്ങില്‍ നിന്നും വിട്ടുനില്‍ക്കുകയും ബാറ്റിങ്ങില്‍ ഒമ്പതാമനായി കളത്തിലിറങ്ങുകയും ചെയ്തിരുന്നു.

അവസാന ഓവറുകളില്‍ രോഹിത് ഒരു ആളിക്കത്തലിന് ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അഞ്ച് റണ്‍സിന് ഇന്ത്യ രണ്ടാം ഏകദിനവും പരമ്പരയും അടിയറ വെച്ചു.

രോഹിത് ശര്‍മക്ക് പുറമെ കുല്‍ദീപ് സെന്നിനും ദീപക് ചഹറിനും പരിക്കേറ്റിരിക്കുകയാണ്. ഇവരും മൂന്നാം ഏകദിനം കളിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ബി.സി.സി.ഐ പുതുക്കിയ സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നാം ഏകദിനത്തില്‍ ഇടംകയ്യന്‍ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് സ്‌ക്വാഡില്‍ മാത്രം ഉള്‍പ്പെട്ടിരുന്ന കുല്‍ദീപ് യാദവിനോട് എത്രയും പെട്ടെന്ന് തന്നെ ടീമിനൊപ്പം ചേരാനും ആവശ്യപ്പെട്ടിട്ടുണ്ട്.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ.എല്‍. രാഹുല്‍ തന്നെയാകും ഇന്ത്യയെ നയിക്കുക.

പരിക്കേറ്റ മൂവരുടെയും ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ ബി.സി.സി.ഐ പുറത്തുവിട്ടിട്ടുണ്ട്. രണ്ടാം മത്സരത്തിനിടെ കൈക്ക് പരിക്കേറ്റ രോഹിത് ശര്‍മ ചികിത്സക്കായി മുംബൈയിലേക്ക് മടങ്ങിയിരിക്കുകയാണ്. വിദഗ്ധ പരിശോധനക്ക് ശേഷം മാത്രമേ താരത്തിന് ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത ലഭിക്കൂ.

പരിക്കേറ്റ കുല്‍ദിപ് സെന്നിനെയും ദീപ്ക് ചഹറിനെയും എന്‍.സി.എയിലേക്ക് മാറ്റിയിരിക്കുകയാണ്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഇന്ത്യക്ക് മുഖം രക്ഷിക്കാന്‍ വേണ്ടിയെങ്കിലും ഡെഡ് റബ്ബര്‍ മാച്ചില്‍ ജയിച്ചേ മതിയാകൂ. 2022ലെ ഇന്ത്യയുടെ മൂന്നാമത് ഏകദിന പരമ്പര തോല്‍വിയാണിത്.

നേരത്തെ ദക്ഷിണാഫ്രിക്കയോടെ 3-0ന് പരമ്പര തോറ്റ ഇന്ത്യ ന്യൂസിലാന്‍ഡിനോട് 1-0നും ഏകദിന പരമ്പര അടിയറ വെച്ചിരുന്നു.

ഡിസംബര്‍ 14നാണ് ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ZAC സ്‌റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്.

Content highlight: Rohit Sharma returned to Mumbai for medical checkups , Kuldeep Yadav in the team for the third match

We use cookies to give you the best possible experience. Learn more