ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് നടക്കുമ്പോള്‍ വിരാട് കോഹ്‌ലിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
അദ്ദേഹത്തിന് ചെറിയ രീതിയില്‍ ചുമയുണ്ടായിരുന്നെന്നും എന്നാല്‍ മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും രോഹിത് പറഞ്ഞു. മത്സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിരാടിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രോഹിത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ കോഹ്‌ലി അസുഖം വകവെക്കാതെയാണ് കളിച്ചതെന്ന് ഭാര്യ അനുഷ്‌ക ശര്‍മ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ 241 പന്തുകളില്‍ നിന്നാണ് കോഹ്‌ലി സെഞ്ച്വറിയടിച്ചത്. ഇതോടെ കരിയറിലെ 75ാം സെഞ്ച്വറിയാണ് താരം നേടിയിരിക്കുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷമുള്ള താരത്തിന്റെ ആദ്യ സെഞ്ചറിയാണ് കോഹ്‌ലി അഹമ്മദാബാദില്‍ നേടിയത്. ടെസ്റ്റ് മത്സരങ്ങളില്‍ നിന്നുള്ള താരത്തിന്റെ 28ാം സെഞ്ച്വറി കൂടിയാണിത്.
കോഹ്‌ലി ഇത്രയും കാലം സെഞ്ച്വറി നേടാതിരുന്നത് വലിയ ബാധ്യതയൊന്നുമായിരന്നില്ലെന്നും രോഹിത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോഹ്‌ലിയെ പോലൊരു കളിക്കാരന്‍ ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം വലിയ ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ടെന്നും വര്‍ഷങ്ങളായി അദ്ദേഹം അത് ചെയ്യുന്നുണ്ടെന്നും രോഹിത് പറഞ്ഞു.
‘ഓരോ തവണയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ലക്ഷ്യമിട്ടാണ് കോഹ്‌ലി ക്രീസിലിറങ്ങുന്നത്. അദ്ദേഹത്തിന്റെ ക്ലാസിനെക്കുറിച്ച് ഞങ്ങള്‍ക്കാര്‍ക്കും സംശയമില്ല. ടെസ്റ്റില്‍ സെഞ്ച്വറി നേടിയതില്‍ സന്തോഷമുണ്ട്.
അദ്ദേഹത്തിന് പ്രത്യേകിച്ച് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുള്ളതായി തോന്നുന്നില്ല. ചെറുതായൊരു ചുമ മാത്രമെ ഉണ്ടായിരുന്നുള്ളു. അതത്ര വലിയ പ്രശ്‌നമായിരുന്നു എന്ന് തോന്നുന്നില്ല,’ രോഹിത് പറഞ്ഞു.
അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകായാണ് ടീം ഇന്ത്യ. ന്യൂസിലാന്‍ഡ് ശ്രീലങ്കക്കെതിരെ രണ്ട് വിക്കറ്റിന് വിജയിച്ചതോടെയാണ് ഇന്ത്യക്ക് ഓസീസിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ അവസരമൊരുങ്ങിയത്.
ലങ്ക കിവീസിന് മുന്നില്‍ അടിപതറിയതോടെ ഓസീസിനെതിരെയുള്ള പരമ്പര സമനിലയില്‍ അവസാനിപ്പിക്കുന്ന ടീം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാനായി അവസരമൊരുങ്ങുന്നത്.
ആദ്യ ഇന്നിങ്‌സില്‍ 480 റണ്‍സിന് പുറത്തായ ഓസീസിനെതിരെ വിരാട്, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ 571 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് എന്ന നിലയിലാണ്.