പ്രധാനമന്ത്രിമാർ നൽകിയ ക്യാപ്പ് അണിഞ്ഞ് രോഹിത്തും സ്റ്റീവ് സ്മിത്തും; അഹമ്മദാബാദിൽ ആവേശപ്പോര്
Cricket news
പ്രധാനമന്ത്രിമാർ നൽകിയ ക്യാപ്പ് അണിഞ്ഞ് രോഹിത്തും സ്റ്റീവ് സ്മിത്തും; അഹമ്മദാബാദിൽ ആവേശപ്പോര്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th March 2023, 12:40 pm

ഇന്ത്യ-ഓസീസ് ബോർഡർ ഗവാസ്ക്കർ സീരിസിലെ അവസാന മത്സരം അഹമ്മദാബാദിൽ പുരോഗമിക്കുകയാണ്. ഇന്ത്യക്ക് ജയം അനിവാര്യമായ മത്സരത്തിന്റെ ആദ്യ ദിനത്തിൽ ടോസ് നേടി ബാറ്റിങ്‌ തെരെഞ്ഞെടുത്ത ഓസീസ് രണ്ട് വിക്കറ്റിന് 75 റൺസെടുത്ത് ലഞ്ച് ബ്രേക്കിന് പിരിഞ്ഞിരിക്കുകയാണ്.

ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ട്രാവിസ് ഹെഡും 31 റൺസെടുത്ത് പുറത്താകാതെ ബാറ്റിങ്‌ തുടരുന്ന ഉസ്മാൻ ഖവാജയുമാണ് ഓസീസിന്റെ ബാറ്റിങ്‌ നിരക്ക് നേതൃത്വം വഹിക്കുന്നത്.

മുഹമ്മദ്‌ ഷമിയും അശ്വിനും ഇതുവരെ ഓരോ വിക്കറ്റ് എടുത്ത മത്സരത്തിൽ കാര്യമായൊന്നും ചെയ്യാൻ ഇന്ത്യൻ ബോളിങ്‌ നിരക്കായില്ല.


എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസീസ് പ്രധാനമന്ത്രി ആന്റണി ആൽബനീസും കളി വീക്ഷിക്കാനെത്തിയ മത്സരത്തിൽ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാരെ  മാച്ച് ക്യാപ്പ് അണിയിച്ചത് അവരവരുടെ രാജ്യത്തിന്റെ പ്രധാന മന്ത്രിമാരായിരുന്നു.

മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് നരേന്ദ്ര മോദി ടെസ്റ്റ് ക്യാപ്പ് അണിയിച്ചപ്പോൾ ഓസീസ് പ്രധാന മന്ത്രി ആന്റണി ആൽബനീസ് ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് ടെസ്റ്റ് ക്യാപ്പ് കൈമാറി.

പരമ്പരയിലെ നിർണായകമായ അവസാന മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ മാത്രമേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ എന്തെങ്കിലും സാധ്യതയുള്ളൂ.

നിലവില്‍ 18 ടെസ്റ്റുകളില്‍ നിന്നും 68.52 പോയിന്റുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്താണ്. 60.29 പോയിന്റ് ശരാശരിയുമായി ഇന്ത്യ രണ്ടാം സ്ഥാനത്തും 53.33 പോയിന്റ് ശരാശരിയുള്ള ശ്രീലങ്ക മൂന്നാം സ്ഥാനത്തുമാണ്.

ഇന്ത്യക്ക് ഇനി ഒരു ടെസ്റ്റ് മാത്രമാണ് ബാക്കി എന്നാല്‍ ലങ്കക്ക് രണ്ട് മത്സരങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ട്.

Content Highlights:Rohit Sharma receives his cap from Narendra Modi, while Steven Smith gets it from Australia PM Anthony Albanese