വിരാടിന്റെ കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരുപാട് നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ലോക കീരീടങ്ങള്‍ മാത്രം സ്വന്തമാക്കാന്‍ സാധിച്ചില്ലായിരുന്നു. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച അറ്റാക്കിങ് ക്യാപ്റ്റന്മാരില്‍ ഒരാളാണ് വിരാട് കോഹ്‌ലി.
2021ല്‍ യു.എ.ഇയില്‍ അരങ്ങേറിയ ട്വന്റി-20 ലോകകപ്പില്‍ ഒരുപാട് പ്രതീക്ഷകളുമായെത്തിയ ഇന്ത്യന്‍ ടീം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. പാകിസ്ഥാനെതിരെയും ന്യൂസിലാന്‍ഡിനെതിരെയുമാണ് ഇന്ത്യ തോറ്റത്. ലോകകപ്പ് വേദിയില്‍ ആദ്യമായി പാകിസ്ഥാനെതിരെ തോല്‍വി ഏറ്റുവാങ്ങി എന്ന മോശം റെക്കോഡും ഇന്ത്യന്‍ ടീം സ്വന്തമാക്കിയിരുന്നു.
ഈ ലോകകപ്പ് തോല്‍വിക്ക് ശേഷം ഒരുപാട് ആരാധകരും മുന്‍ താരങ്ങളും ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അറ്റാക്കിങ് മനോഭാവത്തിലല്ല ടീം കളിച്ചതെന്നും വിക്കറ്റ് സൂക്ഷിച്ചുകൊണ്ട് പേടിച്ചാണ് കളിച്ചതെന്നുമാണ് ആരാധകര്‍ ഇന്ത്യക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍.
എന്നാല്‍ ഇതിനെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. പ്രതീക്ഷിച്ച റിസള്‍ട്ട് കിട്ടാത്തത് ടീം വലിഞ്ഞ് കളിച്ചത് കൊണ്ടല്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
‘ലോകകപ്പില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷിച്ച റിസള്‍ട്ട് ലഭിച്ചിട്ടില്ല; അതിനര്‍ത്ഥം ഞങ്ങള്‍ മോശം ക്രിക്കറ്റ് കളിക്കുകയായിരുന്നു എന്നല്ല. ഞങ്ങള്‍ പേടിച്ചുള്ള ക്രിക്കറ്റ് കളിക്കുകയായിരുന്നുവെന്ന് ഞാന്‍ സമ്മതിക്കുന്നില്ല. ലോകകപ്പില്‍ ഞങ്ങള്‍ ഒന്നുരണ്ട് മത്സരങ്ങള്‍ തോറ്റാല്‍, ഞങ്ങള്‍ അവസരങ്ങള്‍ ഉപയോഗിച്ചില്ലെന്ന് പറയാന്‍ സാധിക്കില്ല. ലോകകപ്പിന് മുമ്പ് ഞങ്ങള്‍ കളിച്ച കളികള്‍ പരിശോധിച്ചാല്‍ അതില്‍ 80 ശതമാനവും വിജയിച്ചിരുന്നു. ഞങ്ങള്‍ പേടിച്ച് സൂക്ഷിച്ച് കളിച്ചാല്‍ ഇത്രയധികം മത്സരങ്ങള്‍ എങ്ങനെ ജയിക്കുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല,’ രോഹിത് പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ട്വന്റി-20 പരമ്പരക്ക് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു രോഹിത് ശര്‍മ. അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പര വെള്ളിയാഴ്ചയാണ് ആരംഭിക്കുന്നത്. നേരത്തെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.