| Friday, 3rd May 2024, 11:46 am

നമ്മള്‍ ആഗ്രഹിക്കുന്നത് എപ്പോഴും ജീവിതത്തില്‍ ലഭിക്കണമെന്നില്ല: മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും പുറത്തായതില്‍ പ്രതികരിച്ച് രോഹിത്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും തന്നെ നീക്കം ചെയ്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് രോഹിത് ശര്‍മ. വരാനിരിക്കുന്ന ടി- 20 ലോകകപ്പിന് മുന്നോടിയായി ചീഫ് സെലക്ടര്‍ അജിത്ത് അഗാര്‍ക്കറിനൊപ്പമുള്ള പത്രസമ്മേളനത്തിലൂടെ പ്രതികരിക്കുകയായിരുന്നു രോഹിത്.

‘നിങ്ങള്‍ക്ക് ആഗ്രഹിക്കുന്നത് എപ്പോഴും ലഭിക്കണമെന്നില്ല. എന്നാലും ഞാന്‍ സന്തോഷവാനാണ്. മുമ്പ് പല ക്യാപ്റ്റന്‍മാരുടെ കീഴിലും ഞാന്‍ കളിച്ചിട്ടുണ്ട്, ഇപ്പോള്‍ എന്റെ കളിയിലും ടീമിനു വേണ്ടി എനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നുമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത്.

മുമ്പ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. എന്നാല്‍ പിന്നീട് ക്യാപ്റ്റന്‍സി മാറി വീണ്ടും ക്യാപ്റ്റനായി നിയമിക്കപ്പെട്ടു. ഇത് ജീവിതത്തിന്റെ ഭാഗമാണ്, ഇത് എന്നെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ ഒരു കാര്യമല്ല. മുംബൈ ഇന്ത്യന്‍സിനൊപ്പം ഉള്ള ക്യാപ്റ്റന്‍സി ഏറ്റവും മികച്ച ഒരു അനുഭവമായിരുന്നു എന്നാല്‍ ഇപ്പോള്‍ ഒരു കളിക്കാരന്‍ എന്ന നിലയില്‍ എനിക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നാണ് ഇപ്പോള്‍ ഞാന്‍ ശ്രദ്ധിക്കുന്നത്,’ രോഹിത് ശര്‍മ പറഞ്ഞു.

2013ലാണ് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. രോഹിത്തിന്റെ കീഴില്‍ അഞ്ച് കിരീടങ്ങളാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. എന്നാല്‍ ഈ സീസണില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു മുംബൈ മാനേജ്മെന്റ് ഹര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി നിയമിക്കുന്നത്.

ഹര്‍ദിക് 2015 മുതല്‍ 2021 വരെ മുംബൈയില്‍ കളിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ നാല് കിരീടങ്ങളില്‍ പങ്കാളിയാവാന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ താരം ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറുകയും ആദ്യ സീസണില്‍ തന്നെ ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിക്കാനും രണ്ടാം സീസണില്‍ ഗുജറാത്തിനെ ഫൈനലില്‍ എത്തിക്കാനും ഹര്‍ദിക്കിന് സാധിച്ചിരുന്നു.

എന്നാല്‍ ഗുജറാത്തിനൊപ്പം ഉള്ള മികച്ച പ്രകടനങ്ങള്‍ മുംബൈ ഇന്ത്യന്‍സ് നായികസ്ഥാനത്തുനിന്നും നടത്താന്‍ ഹാര്‍ദിക്കിന് ഈ സീസണില്‍ കഴിഞ്ഞിരുന്നില്ല. പത്തു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ വെറും മൂന്നു മത്സരങ്ങള്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.

ഏഴു തോല്‍വി അടക്കം അവരും ആറ് പോയിന്റ് മാത്രമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ. വരാനിരിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചാല്‍ മാത്രമേ കൂട്ടര്‍ക്കും ടൂര്‍ണമെന്റില്‍ നിലനില്‍ക്കാന്‍ സാധിക്കൂ.

Content Highlight: Rohit Sharma reacts to being removed from the captaincy of Mumbai Indians

We use cookies to give you the best possible experience. Learn more