ശ്രീലങ്കക്കെതിരെ ഞങ്ങൾ ആ കാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു: രോഹിത് ശർമ
Cricket
ശ്രീലങ്കക്കെതിരെ ഞങ്ങൾ ആ കാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു: രോഹിത് ശർമ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th August 2024, 7:49 am

ഇന്ത്യ-ശ്രീലങ്ക മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കി ശ്രീലങ്ക. കഴിഞ്ഞ ദിവസം നടന്ന അവസാന മത്സരത്തില്‍ 110 റണ്‍സിന്റെ വിജയമായിരുന്നു ശ്രീലങ്ക സ്വന്തമാക്കിയത്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 26.1 ഓവറില്‍ 138 റണ്‍സിന് പുറത്താവുകയായിരുന്നു.

ഈ തോല്‍വിക്ക് പിന്നാലെ മത്സരത്തിലെ ഇന്ത്യയുടെ മോശം പ്രകടനങ്ങളിലെ നിരാശ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പ്രകടിപ്പിച്ചു.

‘നല്ല ക്രിക്കറ്റ് കളിക്കുന്നവര്‍ക്ക് ക്രെഡിറ്റ് നല്‍കണം. ശ്രീലങ്ക ഞങ്ങളെക്കാള്‍ നന്നായി കളിച്ചു. ഞങ്ങള്‍ സാഹചര്യങ്ങളില്‍ നോക്കി കളിക്കണമായിരുന്നു. അതിനുവേണ്ട വ്യത്യസ്തമായ കോമ്പിനേഷനുകള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ ടീമില്‍ മാറ്റങ്ങള്‍ വരേണ്ട ഒരുപാട് മേഖലകളുണ്ട്. ഈ സീരീസില്‍ നിന്നും ലഭിച്ച പോസിറ്റീവുകള്‍ മറ്റു പല കാര്യങ്ങളുമാണ് നോക്കേണ്ടത്. അടുത്ത തവണ ഇത്തരത്തില്‍ ഒരു സാഹചര്യം വരുമ്പോള്‍ ഞങ്ങള്‍ നന്നായി തയ്യാറാകേണ്ടതുണ്ട്,’ രോഹിത് ശര്‍മ മത്സരശേഷം പറഞ്ഞു.

മത്സരത്തില്‍ ഇന്ത്യ നേരിട്ട പ്രധാന പ്രശ്‌നങ്ങളെക്കുറിച്ചും രോഹിത് സംസാരിച്ചു.

‘മത്സരത്തില്‍ ഞങ്ങളെല്ലാവരും എവിടെയാണ് തെറ്റ് ചെയ്തിട്ടുള്ളതെന്ന് അംഗീകരിക്കണം. സ്പിന്നര്‍മാര്‍ക്കെതിരെ കൂടുതല്‍ ആക്രമണത്തോടെ കളിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അവര്‍ ഞങ്ങളെ നിരന്തരം സമ്മര്‍ദത്തിലാക്കി,’ ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കന്‍ ബൗളിങ്ങില്‍ ദുനിത് വെല്ലലഗെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. ക്യാപ്റ്റന്‍ ചരിത് അസലങ്ക, മഹേഷ് തീക്ഷണ എന്നിവര്‍ രണ്ട് വീതം വിക്കറ്റും അസിത ഫെര്‍ണാണ്ടൊ ഒരു വിക്കറ്റും നേടി ലങ്കയുടെ വിജയത്തില്‍ നിര്‍ണായകമായി.

ഇന്ത്യയ്ക്കായി 20 പന്തില്‍ 35 റണ്‍സ് നേടിയ രോഹിത് മാത്രമാണ് മികച്ച ചെറുത്തുനില്‍പ്പ് നടത്തിയത്. 18 പന്തില്‍ 20 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറര്‍. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി ആവിഷ്‌ 102 പന്തില്‍ 96 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഒമ്പത് ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 82 പന്തില്‍ 59 റണ്‍സ് നേടി കുശാല്‍ മെന്‍ഡീസും 65 പന്തില്‍ 45 റണ്‍സും നേടി പാത്തും നിസങ്കയും മികച്ച പ്രകടനം നടത്തി.

ഇന്ത്യന്‍ ബൗളിങ്ങില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ റിയാന്‍ പരാഗ് മൂന്ന് വിക്കറ്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനം നടത്തി. മുഹമ്മദ് സിറാജ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

Content Highlight: Rohit Sharma React on India Loss Against Srilanka