| Wednesday, 23rd February 2022, 4:56 pm

അവനതിനുള്ള തലയുണ്ട്, ബൗളര്‍ക്കെന്താ ക്യാപ്റ്റനായിക്കൂടെ; ബുംറയെ നായകനാക്കിയതിനെ കുറിച്ച് രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഫെബ്രുവരി അവസാനം ശ്രീലങ്കയോടേറ്റുമുട്ടാനൊരുങ്ങുന്ന ഇന്ത്യയുടെ ഉപനായകന്‍ ജസ്പ്രീത് ബുംറയെ കുറിച്ചുള്ള വിലയിരുത്തലുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ടെസ്റ്റിലും ടി-20യിലുമാണ് ബുംറ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്റെ റോളില്‍ തിളങ്ങാനൊരുങ്ങുന്നത്.

ജസ്പ്രീത് ബുംറ സഹനായകനായി വരുന്നതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും രോഹിത് പറയുന്നു. എല്ലാ ഫോര്‍മാറ്റിലും ബുംറ ഇന്ത്യന്‍ ടീമിന്റെ അത്യന്താപേക്ഷിത ഘടകമാണെന്നും ഉപനായക സ്ഥാനത്തിലേക്ക് പരിഗണിക്കപ്പെടുന്നതിലൂടെ അവന്റെ ആത്മവിശ്വാസം വര്‍ധിക്കുമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

‘ബൗളറാണോ ബാറ്ററാണോ എന്നുള്ളത് ഒരു വിഷയമല്ല. ക്രിക്കറ്റിനെ കുറിച്ചുള്ള അറിവാണ് പ്രധാനം. അവന് ആ അറിവുണ്ട്. എനിക്കവനെ നന്നായി അറിയാം. അവന്റെ കഴിവുകളെ കുറിച്ചും മൈതാനത്തിലെ അവന്റെ മികവിനെ കുറിച്ചും എനിക്ക് വ്യക്തമായ ബോധ്യമുണ്ട്,’ രോഹിത് പറയുന്നു.

സഹനായകന്റെ റോളിലേക്ക് പരിഗണിക്കപ്പെട്ടത് ബുംറയ്ക്ക് ഏറെ ഉപകാരമാവുമെന്നും ഇത് അവന്റെ സ്‌കില്ലുകളെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും രോഹിത് പറയുന്നു. പുതിയ റോള്‍ അവന് ആത്മവിശ്വാസം നല്‍കുമെന്നും രോഹിത് കൂട്ടിച്ചേര്‍ക്കുന്നു.

കെ.എല്‍. രാഹുലിന് പരിക്കേറ്റതോടെയാണ് ബുംറ വൈസ് ക്യാപ്റ്റന്റെ കുപ്പായത്തിലേക്കെത്തിയത്.

ടെസ്റ്റ്, ഏകദിനം, ടി-20 മത്സരങ്ങള്‍ അടങ്ങുന്നതാണ് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

വ്യാഴാഴ്ചയാണ് ടി-20 പരമ്പരയിലെ ആദ്യമത്സരം. ഫെബ്രുവരി 26ന് രണ്ടാം മത്സരവും തൊട്ടടുത്ത ദിവസം തന്നെ പരമ്പരയിലെ മൂന്നാം മത്സരം നടക്കും.

ടി-20 രാജാക്കന്‍മാരായ വിന്‍ഡീസിനെ 3-0ന് വൈറ്റ്‌വാഷ് ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് പരമ്പരയ്ക്ക് ഇന്ത്യയിറങ്ങുന്നത്.

Content Highlight: Rohit Sharma rates Jasprit Bumrah’s leadership abilities

We use cookies to give you the best possible experience. Learn more