ഐ.സി.സി ടി-20 ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് ആദ്യ സെമി ഫൈനല്‍ മത്സരം നടക്കുന്നത്. ആദ്യ സെമിയില്‍ ഗ്രൂപ്പ് വണ്ണിലെ ചാമ്പ്യന്‍മാരായ ന്യൂസിലാന്‍ഡ് ഗ്രൂപ്പ് ടുവിലെ രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാനെ നേരിടുകയാണ്.
നവംബര്‍ പത്തിനാണ് ഇന്ത്യ തങ്ങളുടെ സെമി ഫൈനല്‍ മത്സരത്തിനിറങ്ങുന്നത്. അഡ്‌ലെയ്ഡില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.
ഇംഗ്ലണ്ട് – ഇന്ത്യ സെമി ഫൈനലിന് മുമ്പ് ഇന്ത്യന്‍ ടീം അഡ്‌ലെയ്ഡില്‍ എത്തുകയും പിച്ചിന്റെ സ്വഭാവവും മറ്റും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.
ബാറ്റര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണ് അഡ്‌ലെയ്ഡിലേത്. മുന്‍ ഇന്ത്യന്‍ നായകനും ബാറ്റിങ്ങില്‍ ഇന്ത്യയുടെ നെടുംതൂണുകളിലൊന്നുമായ വിരാട് കോഹ്‌ലിയുടെ ഭാഗ്യ ഗ്രൗണ്ടില്‍ ഒന്നുമാണ് അഡ്‌ലെയ്ഡ്.
സൂപ്പര്‍ 12 മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ഇന്ത്യ അഡ്‌ലെയ്ഡില്‍ കളിച്ചത്. അഞ്ച് റണ്‍സിന് ഇന്ത്യ വിജയിച്ച മത്സരത്തിലെ ഇന്ത്യന്‍ ടീമിന്റെ ടോപ് സ്‌കോററും മാന്‍ ഓഫ് ദി മാച്ചും വിരാട് കോഹ്‌ലി തന്നെയായിരുന്നു. 44 പന്തില്‍ നിന്നും പുറത്താകാതെ 64 റണ്‍സാണ് വിരാട് നേടിയത്.
സൂപ്പര്‍ 12ല്‍ നിരവധി മത്സരങ്ങള്‍ അഡ്‌ലെയ്ഡില്‍ നടന്നതിനാല്‍ തന്നെ ഒരിക്കലും ഒരു ഫ്രഷ് പിച്ചിലായിരിക്കില്ല ഇന്ത്യ – ഇംഗ്ലണ്ട് മത്സരം അരങ്ങേറുന്നത് എന്നത് ചില ബാറ്റര്‍മാര്‍ക്ക് നല്‍കുന്ന ആനുകൂല്യവും വളരെ വലുതാണ്.
ബാറ്റര്‍മാരെ തുണക്കുന്ന പിച്ചാണെങ്കില്‍ കൂടിയും സൂപ്പര്‍ 12ലെ 12 മത്സരത്തില്‍ ആറ് തവണ മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത ടീം 150 റണ്‍സ് കടന്നത്. ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ നിരന്തരമായ കാലാവസ്ഥ വ്യതിയാനങ്ങള്‍ കൊണ്ടാണിത് എന്നാണ് വിലിയിരുത്തപ്പെടുന്നത്.
ഈ സാഹചര്യത്തിലാണ് ക്യാപ്റ്റന്‍ രോഹിത്തും രാഹുല്‍ ദ്രാവിഡും ക്യൂറേറ്ററുമായി സംസാരിച്ചത്. പിച്ചിനെ കുറിച്ചുള്ള കൃത്യമായ ധാരണ ലഭിക്കുന്നതിനായാണ് ഇവര്‍ ക്യൂറേറ്ററുമായി സംസാരിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
സെമിക്ക് മുമ്പ് ഇന്ത്യയുടെ ഓപ്ഷണല്‍ പ്രാക്ടീസ് സെഷനിടെ രോഹിത്തും ദ്രാവിഡും സെന്‍ട്രല്‍ സ്ട്രിപ് പരിശോധിക്കുകയും ശേഷം ക്യൂറേറ്ററുമായി ദീര്‍ഘനേരം സംസാരിക്കുകയുമായിരുന്നു.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പിച്ചിന്റെ അവസ്ഥയറിയാന്‍ ആരാധകരും അക്ഷമരായിരിക്കുകയാണ്. പിച്ചിന്റെ അവസ്ഥയെന്താണെന്നും വിരാടിനും സൂര്യകുമാറിനും തകര്‍ത്തടിക്കാന്‍ സാധിക്കുമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.
അഡ്‌ലെയ്ഡില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ചാല്‍ രണ്ടാം കിരീടം എന്ന മോഹത്തിനടുത്തേക്ക് ഇന്ത്യ ഒരടി കൂടി വെക്കും.
ഇന്ത്യ സ്‌ക്വാഡ്:
കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍) വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ആര്‍. അശ്വിന്‍, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, രവി ബിഷ്ണോയ്, ഷര്‍ദുല്‍ താക്കൂര്‍, യൂസ്വേന്ദ്ര ചഹല്‍
ഇംഗ്ലണ്ട് സ്‌ക്വാഡ്:
അലക്സ് ഹേല്‍സ്, ഡേവിഡ് മലന്‍, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്സ്, ക്രിസ് വോക്സ്, ലിയാം ഡോവ്സണ്‍, ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി, സാം കറന്‍, ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ക്രിസ് ജോര്‍ദന്‍, ഡേവിഡ് വില്ലി, ലൂക് വുഡ്, മാര്‍ക് വുഡ്, റിച്ചാര്‍ഡ് ഗ്ലീസണ്‍, ടൈമല്‍ മില്‍സ്
Content highlight: Rohit Sharma, Rahul Dravid’s long chat with Adelaide pitch curator before semi-final