അവന് ആവേശകരമായ ഒരു ഭാവിയുണ്ട്, ലോകകപ്പ് പ്ലാനില്‍ അവനുണ്ട്; യുവതാരത്തെ പുകഴ്ത്തി ഇന്ത്യന്‍ നായകന്‍
Cricket
അവന് ആവേശകരമായ ഒരു ഭാവിയുണ്ട്, ലോകകപ്പ് പ്ലാനില്‍ അവനുണ്ട്; യുവതാരത്തെ പുകഴ്ത്തി ഇന്ത്യന്‍ നായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th July 2022, 8:43 am

ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. താരസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ ആരൊക്കെ കളിക്കുമെന്നൊ കളിക്കില്ലയെന്നൊ പ്രവചിക്കാന്‍ സാധിക്കാത്തയൊന്നാണ്.

ലോകകപ്പിനുള്ള ടീമിനെ ഇിതുവരെ തയാറക്കിയിട്ടില്ലെങ്കിലും ചില യുവതാരങ്ങള്‍ ഇതിനോടകം തന്നെ ഇന്ത്യന്‍ സെല്‍ക്റ്റര്‍മാരെയും ക്യാപ്റ്റനെയും ഇമ്പ്രസ് ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍ പ്രമുഖനാണ് ഐ.പി.എല്‍ ഹീറോയായിരുന്ന ഉമ്രാന്‍ മാലിക്ക്.

ഐ.പി.എല്ലില്‍ തന്റെ പേസ്‌കൊണ്ട് ക്രിക്കറ്റ് ആരാധകരെയും എതിര്‍ ടീമിലെ ബാറ്റര്‍മാരെയും ഞെട്ടിച്ച താരമാണ് ഉമ്രാന്‍ മാലിക്ക്. തുടര്‍ച്ചയായി എറിയുന്ന എക്‌സ്ട്രാ പേസ് ബോള്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.

അദ്ദേഹത്തെ ലോകകപ്പില്‍ കളിപ്പിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് രോഹിത് ശര്‍മയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ഉമ്രാന്‍ തീര്‍ച്ചയായും ലോകകപ്പ് പ്ലാനിലുണ്ടെന്നും അദ്ദേഹത്തില്‍ നിന്നും എന്താണ് ടീം പ്രതീക്ഷിക്കുന്നതെന്ന് മനസിലാക്കി കൊടുക്കുകയാണെന്നും രോഹിത് പറഞ്ഞു.

‘ലോകകപ്പിനുള്ള ഞങ്ങളുടെ പദ്ധതികളിലൊരാളാണ് അദ്ദേഹം. ഒരു ബൗളര്‍ എന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് ടീം എന്താണ് ആവശ്യപ്പെടുന്നതെന്ന് ഞങ്ങള്‍ അവനെ മനസ്സിലാക്കി കൊടുക്കുകയാണ്. ഞങ്ങള്‍ കുറച്ച് ആളുകളെ പരീക്ഷിക്കുന്ന സമയമാണിത് അവരില്‍ ഒരാളാണ് ഉമ്രാന്‍,’ രോഹിത് പറഞ്ഞു.

 

ഇന്നാരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി-20 പരമ്പരക്ക് മുന്നോടിയായാണ് രോഹിത് സംസാരിച്ചത്. ഉമ്രാന്‍ മാലിക്ക് അവേശകരമായ ഒരു പ്രതീക്ഷയാണന്നും പന്തെറിയുന്ന വേഗതയാണ് അദ്ദേഹത്തിന്റെ റോള്‍ തീരുമാനിക്കുന്നതെന്നും രോഹിത് പറഞ്ഞു.

‘ഉമ്രാന് തീര്‍ച്ചയായും വളരെ ആവേശമുള്ള ഭാവിയുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അദ്ദേഹത്തിന്റെ ബൗളിംഗ് നമ്മള്‍ കണ്ടു. ഉമ്രാന് വേഗത്തില്‍ പന്തെറിയാന്‍ കഴിയും, അത് അവന്റെ റോള്‍ തീരുമാനിക്കുന്നതാണ്. അവന്‍ ന്യൂ ബോളില്‍ മികച്ചതാണോ അതോ കളിയുടെ പിന്നീടുള്ള ഘട്ടങ്ങളില്‍ അവനെ ബൗള്‍ ചെയ്യിക്കുന്നതാണോ ബുദ്ധി? അതൊക്കെ മനസിലാക്കേണ്ടതുണ്ട്. ദേശീയ ടീമില്‍ കളിക്കുമ്പോള്‍ ഒരു ഫ്രാഞ്ചൈസ് ടീമില്‍ കളിക്കുന്ന റോളില്‍ നിന്ന് വ്യത്യസ്തമാണ്,’ രോഹിത് കൂട്ടിച്ചേര്‍ത്തു.

നേരത്തെ അയര്‍ലന്‍ഡിനെതിരെയുള്ള രണ്ട് ടി-20 മത്സരത്തില്‍ ഉമ്രാന്‍ കളിച്ചിരുന്നു. ആ മത്സരങ്ങളില്‍ കാര്യമായ പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. രണ്ട് മത്സരത്തില്‍ നിന്നം ഒരു വിക്കറ്റ് മാത്രമാണ് അദ്ദേഹം നേടിയത്. 11 റണ്ണിന് മുകളിലായിരുന്നു അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ്.

Content Highlights: Rohit Sharma Praises Umran Malik