ശ്രീലങ്കയുമായുള്ള പരമ്പരപയിലെ ആദ്യ മത്സരത്തിനിറങ്ങുന്നതിന് മുന്‍പേ സഞ്ജുവിനെ പ്രശംസകൊണ്ടുമൂടി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. സഞ്ജുവിന്റെ സ്‌കില്ലുകള്‍ അപാരമാണെന്നും ഐ.പി.എല്ലിലെ അവന്റെ ഇന്നിംഗ്‌സുകള്‍ കണ്ട് ഏറെ സന്തോഷിച്ചിട്ടുണ്ടെന്നും രോഹിത് പറയുന്നു.
ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്‍പേ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രോഹിത് ഇക്കാര്യം പറഞ്ഞത്.
‘അവന്റെ കഴിവുകള്‍ അപാരമാണ്. ഐ.പി.എല്ലിലെ അവന്റെ ഇന്നിംഗ്‌സുകള്‍ കണ്ട് എല്ലാവരും ഏറെ സന്തോഷിക്കാറുണ്ട്. ജയിക്കാനും ജയിപ്പിക്കാനുമുള്ള കഴിവ് അവന് വേണ്ടുവോളം ഉണ്ട്. അതാണ് പ്രധാനവും. സഞ്ജുവിനെ പോലെ പല താരങ്ങള്‍ക്കും കഴിവും സ്‌കില്ലുകളും ഉണ്ട്, അത് എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിലാണ് കാര്യം,’ രോഹിത് പറയുന്നു.
ഈ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയാല്‍ താരം ടി-20 ലോകകപ്പ് ടീം സ്‌ക്വാഡിലും ഉള്‍പ്പെടുമെന്നും രോഹിത് സൂചന നല്‍കുന്നു.
സഞ്ജുവിന്റെ ബാക്ക് ഫൂട്ടിലേക്കിറങ്ങിയുള്ള കളിമികവും ഷോട്ട് മേക്കിംഗിലുള്ള വൈദഗ്ദ്യവും ഓസീസ് മണ്ണില്‍ ഇന്ത്യയെ ഏറെ സഹായിക്കുമെന്നും രോഹിത് കരുതുന്നു.
‘ഇനിയെല്ലാം സഞ്ജുവിന്റെ കൈകളിലാണ്. അവന്റെ കഴിവ് എങ്ങനെ ഉപയോഗപ്പെടുത്തുമെന്നാണ് നോക്കേണ്ടത്. കാരണം ടീമും മാനേജ്‌മെന്റും അവനില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്.
ടീമില്‍ അവസരം ലഭിക്കുമ്പോഴെല്ലാം ഞങ്ങള്‍ അവന് വേണ്ട പിന്തുണ നല്‍കാറുണ്ട്. തുടര്‍ന്നും അവന്‍ പരിഗണനയിലുണ്ട്. അതാണ് അവന്‍ ഇപ്പോള്‍ ടീമിന്റെ ഭാഗമായിരിക്കുന്നത്.
അവന്റെ ബാക്ഫൂട്ടിലിറങ്ങിയുള്ള കളിമികവ് ഗംഭീരമാണ്. അവന്റെ ഷോട്ട് മേക്കിംഗ് സ്‌കില്ലുകളും അപാരമാണ്. ഓസ്‌ട്രേലിയയിലേക്ക് പോകുമ്പോള്‍ ഇന്ത്യയ്ക്ക് ആ ഷോട്ട് കളിക്കുന്ന ഒരാള്‍ ആവശ്യമാണ്. സഞ്ജുവില്‍ ആ കഴിവുണ്ട്. അവന്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കുമെന്ന് ഞാന്‍ കരുതുന്നു,’ രോഹിത് ശര്‍മ പറയുന്നു.
ടെസ്റ്റ്, ഏകദിനം, ടി-20 മത്സരങ്ങള്‍ അടങ്ങുന്നതാണ് ശ്രീലങ്കയ്ക്കെതിരായ പരമ്പര. വ്യാഴാഴ്ചയാണ് ടി-20 പരമ്പരയിലെ ആദ്യ മത്സരം. ഫെബ്രുവരി 26ന് രണ്ടാം മത്സരവും തൊട്ടടുത്ത ദിവസം തന്നെ പരമ്പരയിലെ മൂന്നാം മത്സരം നടക്കും.
ടി-20 രാജാക്കന്‍മാരായ വിന്‍ഡീസിനെ 3-0ന് വൈറ്റ്വാഷ് ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് പരമ്പരയ്ക്ക് ഇന്ത്യയിറങ്ങുന്നത്.
Content Highlight: Rohit Sharma Praises Sanju Samson