ഇന്ത്യ-സൗത്ത് ആഫ്രിക്ക രണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളൂ. ആവേശകരമായ ഈ മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍ രാഹുലിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.
ഇന്ത്യന്‍ ടീമില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയിലേക്കുള്ള രാഹുലിന്റെ വളര്‍ച്ച ടീമിന് വളരെയധികം ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും കീപ്പറായും ബാറ്ററായും രാഹുല്‍ മികച്ച പ്രകടനം നടത്തുന്നത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമെന്നുമാണ് രോഹിത് പറഞ്ഞത്.
‘ഓരോ ക്രിക്കറ്റ് താരങ്ങളും അവരുടെ കരിയറില്‍ പുതിയ റോളുകള്‍ സ്വീകരിക്കുകയും മാറ്റുകയും ചെയ്യുന്നു. എന്നാല്‍ ഇതില്‍ കുറച്ചു താരങ്ങള്‍ മാത്രമേ അവരുടെ ഒറ്റ പൊസിഷനില്‍ ഉറച്ചു നില്‍ക്കുകയുള്ളൂ. അവരില്‍ ഒരാളാണ് കെ.എല്‍ രാഹുല്‍. കഴിഞ്ഞ ലോകകപ്പില്‍ ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ രാഹുല്‍ കാഴ്ചവച്ച മികച്ച പ്രകടനങ്ങള്‍ എനിക്കിഷ്ടപ്പെട്ടു. ഇന്ത്യന്‍ ടീമില്‍ 5,6,7 എന്നീ പൊസിഷനുകളില്‍ കൃത്യമായി ബാറ്റ് ചെയ്യാന്‍ രാഹുലിന് സാധിക്കുന്നത് ഇന്ത്യന്‍ ടീമിന് അനുകൂലമാണ്,’ രോഹിത് ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതിനുമുമ്പ് ദക്ഷിണാഫ്രിക്കെതിരെ നടന്ന പരമ്പരയില്‍ രാഹുല്‍ നേടിയ സെഞ്ച്വറിയെകുറിച്ചും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.
‘ ഞങ്ങള്‍ അവസാനമായി സൗത്ത് ആഫ്രിക്കയില്‍ കളിച്ചപ്പോള്‍ രാഹുല്‍ മികച്ച ഒരു സെഞ്ച്വറി നേടി. അന്ന് അവന്‍ ഓപ്പണിങ്ങില്‍ ആണ് ഇറങ്ങിയത്. എന്നാല്‍ ഇത്തവണ രാഹുല്‍ മിഡില്‍ ഓര്‍ഡര്‍ ആയിരിക്കും കളിക്കുക. കളിക്കളത്തില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് എന്താണ് കൃത്യമായി വേണ്ടത് എന്ന് അറിയാം. അവന്‍ നന്നായി എത്ര സമയം ഗ്രീസില്‍ ബാറ്റ് ചെയ്യുമെന്ന് എനിക്കുറപ്പില്ല എന്നാല്‍ നിലവില്‍ ടീമില്‍ ആ സ്ഥാനം ഏറ്റെടുക്കുന്നതില്‍ രാഹുല്‍ വളരെ ആവേശഭരിതനാണ്,’ രോഹിത് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പര 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഏകദിന പരമ്പര 2-1ന് ഇന്ത്യ വിജയിക്കുകയും ആയിരുന്നു.