| Thursday, 28th September 2023, 4:36 pm

ഗെയ്ല്‍ നേരത്തെ വീണു, ഒപ്പമുണ്ടായിരുന്ന ഗപ്ടില്ലിന്റെ റെക്കോഡും സ്വാഹ; ഇനി ഒന്നാം സ്ഥാനത്ത് ഹിറ്റ്മാന്‍ ഒറ്റയ്ക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ഏകദിനം നടന്നത്. സൗരാഷ്ട്രയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 66 റണ്‍സിന് പരാജയപ്പെട്ടിരുന്നു. മൂന്നാം മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ആദ്യ രണ്ട് മത്സരത്തിലും വിജയിച്ചതിനാല്‍ ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.4 ഓവറില്‍ 286 റണ്‍സിന് ഓള്‍ ഔട്ടായി.

ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഏകദിനത്തില്‍ ടി-20 ഫോര്‍മാറ്റില്‍ ബാറ്റ് വീശിയാണ് രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി നേടിയത്. 57 പന്തില്‍ നിന്നും 81 റണ്‍സാണ് രോഹിത് നേടിയത്. ആറ് സിക്‌സറും അഞ്ച് ബൗണ്ടറിയും അടക്കം 142.11 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് റണ്ണടിച്ചുകൂട്ടിയത്.

ഈ വെടിക്കെട്ടിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും രോഹിത്തിനെ തേടിയെത്തിയിരുന്നു. സ്വന്തം മണ്ണില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം എന്ന റെക്കോഡാണ് രോഹിത്തിനെ തേടിയെത്തിയത്.

ഈ മത്സരത്തിന് മുമ്പ് എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി 256 സിക്‌സറാണ് രോഹിത് നേടിയിരുന്നത്. 256 സിക്‌സറുമായി ന്യൂസിലാന്‍ഡ് ഇതിഹാസ താരം മാര്‍ട്ടിന്‍ ഗപ്ടില്ലിനൊപ്പമായിരുന്നു രോഹിത് ഒന്നാം സ്ഥാനം പങ്കിട്ടിരുന്നത്.

മൂന്നാം ഏകദിനത്തില്‍ ഒറ്റ സിക്‌സര്‍ മാത്രം നേടിയാല്‍ ഗപ്ടില്ലിനെ മറികടന്ന് ഒന്നാം സ്ഥാനം നേടാന്‍ സാധിക്കുമെന്നിരിക്കെ ആറ് സിക്‌സറുകളാണ് ഹിറ്റ്മാന്‍ അടിച്ചുകൂട്ടിയത്.

ഹോം കണ്ടീഷനില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

(താരം – രാജ്യം – സിക്‌സറുകളുടെ എണ്ണം എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 262

മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 256

ബ്രണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – 230

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 228

മഹേന്ദ്ര സിങ് ധോണി – ഇന്ത്യ – 179

ഇതിന് പുറമെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയൊരു റെക്കോഡിന് തൊട്ടടുത്തെത്തയിരിക്കുകയാണ് ഹിറ്റ്മാന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ താരം എന്ന റെക്കോഡിനടുത്താണ് താരമെത്തിയത്.

നിലവില്‍ 551 സിക്സറുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രോഹിത് ശര്‍മ. 553 സിക്സറുമായി വെസ്റ്റ് ഇന്‍ഡീസ് ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റര്‍ ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ ഒന്നാമന്‍.

ഇനി രണ്ട് സിക്സര്‍ നേടിയാല്‍ രോഹിത് ശര്‍മക്ക് ഗെയ്‌ലിനൊപ്പമെത്താനും മറ്റൊരു സിക്സര്‍ കൂടി നേടിയാല്‍ ഗെയ്ലിനെ മറികടക്കാനും സാധിക്കും.

ഏകദിനത്തില്‍ 292 സിക്സറാണ് രോഹിത്തിന്റെ പേരിലുള്ളത്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 77 തവണ സിക്സര്‍ നേടിയ രോഹിത് ടി-20യില്‍ 182 തവണയും അതിര്‍ത്തി കടത്തിയിട്ടുണ്ട്.

Content Highlight: Rohit Sharma owns the record of most sixes in home condition

We use cookies to give you the best possible experience. Learn more