|

രണ്ടാം സൈക്കിളില്‍ ഒരിക്കല്‍ പോലുമില്ലാത്ത ആ നാണക്കേട് ഈ സൈക്കിളില്‍ ഇതുവരെ 12 തവണ; എന്നാലും രോഹിത്തേ...

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് ഫോര്‍മാറ്റില്‍ മോശം പ്രകടനം തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ തുടരെ തുടരെ മോശം പ്രകടനം പുറത്തെടുത്താണ് രോഹിത് ആരാധകരെ നിരാശരാക്കുന്നത്.

വ്യക്തിപരമായ കാരണങ്ങളാല്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റ് കളിക്കാതിരുന്ന രോഹിത് അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റിലാണ് തിരിച്ചെത്തിയത്. ആദ്യ മത്സരത്തില്‍ രാഹുലും ജെയ്‌സ്വാളും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ രോഹിത് ഓപ്പണിങ് സ്ഥാനം രാഹുലിന് നല്‍കി തന്റെ ആദ്യ കാല പൊസിഷനായ ആറാം നമ്പറിലേക്ക് മാറി.

എന്നാല്‍ ആ പൊസിഷനില്‍ തിളങ്ങാന്‍ രോഹിത്തിനായില്ല. അഡ്‌ലെയ്ഡിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി വെറും ഒമ്പത് റണ്‍സ് മാത്രമെടുത്ത രോഹിത് ഗാബയില്‍ പത്ത് റണ്‍സിനും പുറത്തായി.

ആറാം നമ്പറില്‍ തുടര്‍പരാജയമായതോടെ നാച്ചുറല്‍ പൊസിഷനായ ഓപ്പണറുടെ റോളിലേക്ക് മാറാന്‍ രോഹിത് നിര്‍ബന്ധിതനായി. നിര്‍ണായകമായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ജെയ്‌സ്വാളിനൊപ്പം രോഹിത് കളത്തിലെത്തി.

എന്നാല്‍ സ്ഥാനം മാറിയിട്ടും താരത്തിന് രക്ഷയുണ്ടായിരുന്നില്ല. അഞ്ച് പന്ത് നേരിട്ട് വെറും മൂന്ന് റണ്‍സുമായി രോഹിത് പുറത്തായി.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ നിലവിലെ സൈക്കിളില്‍ ഇത് 12ാം തവണയാണ് രോഹിത് ഇരട്ടയക്കം കാണാതെ പുറത്താകുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനമാണിത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ സീസണായ 2019-21ല്‍ മൂന്ന് തവണ മാത്രം ഒറ്റയക്കത്തിന് പുറത്തായ താരം രണ്ടാം സീസണായ 2021-23ല്‍ ഒരിക്കല്‍ പോലും ഒറ്റയക്കത്തിന് പുറത്തായിരുന്നില്ല. ഇത്തവണ ഇതുവരെ 12 തവണയും രോഹിത് ഇരട്ടയക്കം കാണാതെ മടങ്ങി.

ഈ സീസണില്‍ ഇനിയും മൂന്ന് ഇന്നിങ്‌സുകള്‍ രോഹിത്തിന് ബാക്കിയുണ്ട്. വരും മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ബാറ്റിങ് ശരാശരി വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് രോഹിത് ഇനി നടത്തേണ്ടത്.

അതേസമയം, മെല്‍ബണില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്. നിലവില്‍ 38 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് ഇന്ത്യ നേടിയത്. 106 പന്തില്‍ 70 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും 77 പന്തില്‍ 34 റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍. രോഹിത്തിന് പുറമെ 42 പന്തില്‍ 24 റണ്‍സ് നേടിയ കെ.എല്‍. രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

മത്സരത്തില്‍ നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ 474 റണ്‍സ് നേടി. സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിന്റെ കരുത്തിലാണ് ഓസീസ് മികച്ച ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 197 പന്തില്‍ നിന്നും 140 റണ്‍സാണ് സ്മിത് അടിച്ചെടുത്തത്.

സൂപ്പര്‍ താരം മാര്‍നസ് ലബുഷാന്‍ (145 പന്തില്‍ 72), അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റസ് (65 പന്തില്‍ 60), ഉസ്മാന്‍ ഖവാജ (121 പന്തില്‍ 57), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (63 പന്തില്‍ 49) എന്നിവരുടെ കരുത്തിലാണ് ഓസീസ് മികച്ച ആദ്യ ഇന്നിങ്സ് ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി. ആകാശ് ദീപ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റുമായി ഓസ്ട്രേലിയന്‍ പതനം പൂര്‍ത്തിയാക്കി.

Content Highlight: Rohit Sharma out for single digit for 12th time in WTC 2023-25