ഇതിപ്പോള്‍ അടുപ്പിച്ച് മൂന്ന് ഡക്ക്; സാധ്യത മങ്ങുന്നു, അമേരിക്കയിലേക്ക് രോഹിത് ഉണ്ടാകില്ലേ?
Sports News
ഇതിപ്പോള്‍ അടുപ്പിച്ച് മൂന്ന് ഡക്ക്; സാധ്യത മങ്ങുന്നു, അമേരിക്കയിലേക്ക് രോഹിത് ഉണ്ടാകില്ലേ?
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th January 2024, 5:52 pm

ടി-20 ഫോര്‍മാറ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മോശം ഫോമാണ് ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തുന്നത്. അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ രണ്ട് ഇന്നിങ്‌സിലും ‘സംപൂജ്യനായാണ്’ രോഹിത് മടങ്ങിയത്.

മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ സില്‍വര്‍ ഡക്കായാണ് രോഹിത് പുറത്താകുന്നത്. സഹ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലുമായുള്ള മിസ് കമ്മ്യൂണിക്കേഷന്‍ രോഹിത്തിന്റെ റണ്‍ ഔട്ടില്‍ കലാശിക്കുകയായിരുന്നു.

ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തിലും രോഹിത് ശര്‍മയുടെ വിധി മറ്റൊന്നായിരുന്നില്ല. നേരിട്ട ആദ്യ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് രോഹിത് പുറത്തായത്. ഫസലാഖ് ഫാറൂഖിയാണ് രോഹിത്തിനെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നാണംകെടുത്തി വിട്ടത്.

ഇതോടെ അവസാനം കളിച്ച മൂന്ന് അന്താരാഷ്ട്ര ടി-20യിലും രോഹിത് ശര്‍മ പൂജ്യത്തിന് പുറത്താവുകയായിരുന്നു. ഇതിന് മുമ്പ് 2022ല്‍ സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലെ അവസാന മത്സരത്തിലാണ് രോഹിത് പൂജ്യത്തിന് പുറത്തായത്. രണ്ട് പന്ത് നേരിട്ട് നില്‍ക്കവെ സൂപ്പര്‍ താരം കഗീസോ റബാദയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് രോഹിത്തിന്റെ മടക്കം.

അഫ്ഗാനെതിരായ രണ്ടാം മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതോടെ പല മോശം റെക്കോഡുകളും രോഹിത് ശര്‍മയെ തേടിയെത്തി. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരം, രണ്ടാമത് താരം തുടങ്ങിയ മോശം റെക്കോഡുകളാണ് താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

 

ടി-20യില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍

രോഹിത് ശര്‍മ – 12 തവണ

കെ.എല്‍. രാഹുല്‍ – 5

വിരാട് കോഹ്‌ലി – 4

ശ്രേയസ് അയ്യര്‍ – 4

വാഷിങ്ടണ്‍ സുന്ദര്‍ – 4

ടി-20യില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങള്‍

(താരം – രാജ്യം – ഡക്ക് എന്നീ ക്രമത്തില്‍)

പോള്‍ സ്‌റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – 13

രോഹിത് ശര്‍മ – ഇന്ത്യ – 12*

കെവിന്‍ ഒബ്രയന്‍ – അയര്‍ലന്‍ഡ് – 12

കെവിന്‍ ഇരാകോസെ – റുവാണ്ട – 12

ഡാനിയല്‍ അനെഫി – ഘാന – 11

അഫ്ഗാനെതിരായ പരമ്പരയില്‍ മോശം പ്രകടനം പുറത്തെടുത്തതോടെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള രോഹിത് ശര്‍മയുടെ ഭാവിയും ത്രിശങ്കുവിലായിരിക്കുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം രോഹിത് ടി-20 ടീമിന്റെ ഭാഗമായതോടെ ആരാധകര്‍ക്കും പ്രതീക്ഷയേറിയിരുന്നു. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളോടെ ആ പ്രതീക്ഷകളെല്ലാം തന്നെ വെള്ളത്തില്‍ വരച്ച വരയായി മാറുകയാണ്.

ടി-20 ലോകകപ്പിന് മുമ്പ് ഇന്ത്യ ഇനിയൊരു ടി-20 പരമ്പര കളിക്കില്ല. ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ഈ വര്‍ഷം അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് രോഹിത് ശര്‍മക്ക് സാധ്യതയുള്ളൂ.

 

Content Highlight: Rohit Sharma out for a duck in 3 consecutive matches