ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും നിരാശനാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ആദ്യ ഇന്നിങ്‌സില്‍ ഒറ്റയക്കത്തിന് മടങ്ങിയ രോഹിത് രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിനാണ് പുറത്തായത്.
ആദ്യ ഇന്നിങ്‌സില്‍ പ്രോട്ടിയാസ് സ്റ്റാര്‍ പേസര്‍ കഗീസോ റബാദക്ക് വിക്കറ്റ് സമ്മാനിച്ച രോഹിത് രണ്ടാം ഇന്നിങ്‌സിലും റബാദയോട് തോറ്റാണ് പുറത്തായത്.
ടീം സ്‌കോര്‍ അഞ്ചില്‍ നില്‍ക്കവെയാണ് രോഹിത് പുറത്താകുന്നത്. മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ റബാദയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടായിരുന്നു ഹിറ്റ്മാന്റെ മടക്കം.
രണ്ടാം ഇന്നിങ്‌സിലും റബാദക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ ഒരു മോശം റെക്കോഡാണ് രോഹിത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്. ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരങ്ങളില്‍ ഏറ്റവുമധികം തവണ ഒരു ബൗളര്‍ക്ക് തന്നെ വിക്കറ്റ് സമ്മാനിക്കുന്ന താരം എന്ന മോശം റെക്കോഡാണ് രോഹിത്തിനെ തേടിയെത്തിയത്. ഇത് 14ാം തവണയാണ് രോഹിത് റബാദക്ക് വിക്കറ്റ് സമ്മാനിക്കുന്നത്.
സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ താരം ഗ്രെയം സ്മിത്തിന്റെ പേരിലാണ് നേരത്തെ ഈ റെക്കോഡുണ്ടായിരുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ സഹീര്‍ ഖാന് മുമ്പില്‍ 14 തവണ സ്മിത് വീണിട്ടുണ്ട്.
ഇതിന് പുറമെ ആദ്യ ഇന്നിങ്‌സിലും റബാദ തന്നെയായിരുന്നു രോഹിത്തിനെ മടക്കിയത്. ഈ ഡിസ്മിസ്സലിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും റബാദയെ തേടിയെത്തിയിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം തവണ രോഹിത് ശര്‍മയെ പുറത്താക്കുന്ന താരം എന്ന നേട്ടമാണ് റബാദ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ 13ാം തവണ രോഹിത്തിനെ പുറത്താക്കിയ റബാദ ആ നേട്ടം ഇപ്പോള്‍ 14 ആയി ഉയര്‍ത്തിയിരിക്കുകയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിത് ശര്‍മയെ ഏറ്റവുമധികം തവണ പുറത്താക്കിയ താരങ്ങള്‍
(താരം – രാജ്യം – വിക്കറ്റ് എന്നീ ക്രമത്തില്‍)
കഗീസോ റബാദ – സൗത്ത് ആഫ്രിക്ക – 14
ടിം സൗത്തി – ന്യൂസിലാന്‍ഡ് – 12
ഏയ്ഞ്ചലോ മാത്യൂസ് – ശ്രീലങ്ക – 10
നഥാന്‍ ലിയോണ്‍ – ഓസ്‌ട്രേലിയ – 9
ട്രെന്റ് ബോള്‍ട്ട് – ന്യൂസിലാന്‍ഡ് – 8
അതേസമയം, രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇന്ത്യ മറ്റൊരു വിക്കറ്റ് നഷ്ടപ്പെടാതെ മുന്നേറുകയാണ്. നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ 44 റണ്‍സിന് രണ്ട് എന്ന നിലയിലാണ് സന്ദര്‍ശകര്‍. 31 പന്തില്‍ 18 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 21 പന്തില്‍ 14 റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ കെ.എല്‍. രാഹുലിന്റെ സെഞ്ച്വറി കരുത്തില്‍ 245 റണ്‍സ് നേടിയിരുന്നു. രാഹുലിന്റെ സെഞ്ച്വറിക്ക് ഡീന്‍ എല്‍ഗറിലൂടെയാണ് സൗത്ത് ആഫ്രിക്ക മറുപടി നല്‍കിയത്. 185 റണ്‍സാണ് എല്‍ഗര്‍ സ്വന്തമാക്കിയത്.
മാര്‍കോ യാന്‍സെന്‍ (147 പന്തില്‍ പുറത്താകാതെ 84) ഡേവിഡ് ബെഡ്ഡിങ്ഹാം (87 പന്തില്‍ 56) എന്നിവരുടെ ഇന്നിങ്‌സും പ്രോട്ടിയാസിന് തുണയായി. ഒടുവില്‍ 408 റണ്‍സാണ് ആതിഥേയര്‍ സ്‌കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തത്.
Content highlight: Rohit Sharma out for a duck in 2nd innings of Centurion test