ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇരുടീമും ഓരോ ജയം വീതം സ്വന്തമാക്കി സമനിലയില്‍ തുടരുകയാണ്.
പരമ്പരയിലെ രണ്ട് മത്സരത്തിലും സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തിയിരുന്നു. ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും താരം ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്.
ആദ്യ മത്സരത്തിലേതിന് സമാനമായി മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഇന്‍സ്വിങ്ങര്‍ നേരിടവെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് രണ്ടാം മത്സരത്തിലും സൂര്യ പുറത്തായത്.
സൂര്യയുടെ മോശം പ്രകടനത്തിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിരുന്നു. ടി-20യില്‍ മാത്രം മികച്ച പ്രകടനം നടത്തുന്ന സൂര്യകുമാറിനെ ഏകദിനത്തില്‍ കളിപ്പിക്കരുതെന്നായിരുന്നു ആരാധകര്‍ ഒന്നടങ്കം പറഞ്ഞത്.
രണ്ട് മത്സരത്തിലും പരാജയമായ സൂര്യകുമാറിന് മൂന്നാം ഏകദിനത്തില്‍ അവസരമുണ്ടായിരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് രോഹിത് ശര്‍മ. മത്സര ശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
ശ്രേയസ് അയ്യര്‍ ടീമിനൊപ്പമില്ലാത്തതിനാല്‍ നാലാം നമ്പറില്‍ സൂര്യകുമാര്‍ ഉണ്ടാകുമെന്നാണ് രോഹിത് നല്‍കുന്ന വിശദീകരണം.
‘ശ്രേയസ് അയ്യരിന്റെ മടങ്ങിവരവിനെ കുറിച്ച് ഇപ്പോഴൊന്നും അറിയില്ല. ഒരു സ്‌പോട്ട് അവൈലബിളായ ഈ സാഹചര്യത്തില്‍ അവനെ (സൂര്യകുമാര്‍) കളിപ്പിക്കണം. വൈറ്റ്‌ബോളില്‍ തന്നെക്കൊണ്ട് എന്തെല്ലാം സാധിക്കുമെന്ന് അവന്‍ നേരത്തെ തെളിയിച്ചതാണ്. മികച്ച പൊട്ടെന്‍ഷ്യലുള്ള താരങ്ങള്‍ക്ക് ലോങ് റണ്‍ നല്‍കുമെന്ന് ഞാനും നേരത്തെ പറഞ്ഞിട്ടുള്ളതാണ്,’ രോഹിത് പറഞ്ഞു.
‘ഗെയിമിന്റെ ലോങ് ഫോര്‍മാറ്റിലും മികച്ച പ്രകടനം കാഴ്ചവെക്കേണ്ടരുണ്ടെന്ന കാര്യം അവനും അറിയാവുന്നതാണ്. അവന്റെ മനസിലും ഇക്കാര്യങ്ങളുണ്ടെന്നാണ് ഞാന്‍ കരുതുന്നത്,’ രോഹിത് കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 22നാണ് പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം എന്നിരിക്കെ ഇരു ടീമും ഏറെ പ്രതീക്ഷയോടെയാണ് മൂന്നാം മത്സരത്തിനിറങ്ങുക.