| Thursday, 22nd February 2018, 9:51 am

'നാണക്കേടിന്റെ ഈ റെക്കോര്‍ഡ് ഇനി ഹിറ്റ്മാനു സ്വന്തം'; നിര്‍ഭാഗ്യം പിന്തുടര്‍ന്ന് രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

സെഞ്ചൂറിയന്‍: ഇന്ത്യന്‍ ക്രിക്കറ്റിലെയും ലോക ക്രിക്കറ്റിലെയും ഒരുപിടി ബാറ്റിങ്ങ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ താരമാണ് ഓപ്പണര്‍ രോഹിത് ശര്‍മ. നിലയുറപ്പിച്ചാല്‍ പന്തിനെ മൈതാനത്തിന്റെ ഏത് ദിശയിലേക്കും പറത്തുന്ന രോഹിത്തിനെ ആരാധകര്‍ “ഹിറ്റ്മാന്‍” എന്ന പേരുചൊല്ലിയാണ് വിളിക്കുന്നത്.

ഏകദിന ക്രിക്കറ്റിലും കുട്ടിക്രിക്കറ്റിലും ഏറ്റവും അപകടകാരിയായി കത്തിപ്പടരാറുള്ള രോഹിത് കഴിഞ്ഞ കുറച്ച മത്സരങ്ങളായി ഫോം നഷ്ടത്തില്‍ ഉഴലുകയാണ്. ഏകദിനത്തിലെ മൂന്നു ഡബിള്‍ സെഞ്ച്വറികളും ട്വി-20യിലെ വേഗതയാര്‍ന്ന സെഞ്ച്വറി എന്ന ലോക റെക്കോഡ് പങ്കിടുകയും ചെയ്യുന്ന രോഹിത്തിനു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി ട്വന്റിയിലെ മോശം പ്രകടനം മറ്റൊരു റെക്കോര്‍ഡ് കൂടി നല്‍കിയിരിക്കുകയാണ്.

എന്നാല്‍ ഇത്തവണ അത്ര നല്ല റെക്കോര്‍ഡ് അല്ല താരത്തിനു ലഭിച്ചിരിക്കുന്നത്. ഇന്നലത്തെ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി “ഗോള്‍ഡന്‍ ഡക്കാ”യ രോഹിത് ടി ട്വന്റിയില്‍ ഏറ്റവും അധികം തവണ പൂജ്യത്തിനു പുറത്താകുന്ന ഇന്ത്യന്‍ താരമെന്ന വിശേഷണത്തിനാണ് അര്‍ഹനായിരിക്കുന്നത്.

മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റയുടെയും ഓള്‍റൗണ്ടര്‍ യൂസഫ് പത്താന്റെയും പേരിലുള്ള റെക്കോര്‍ഡാണ് ഇന്നലത്തെ മത്സരത്തോടെ രോഹിത്തിന്റെ പേരിലായിരിക്കുന്നത്. രോഹിത് ശര്‍മ നാലു മത്സരങ്ങളിലാണ് ഇത് വരെ പൂജ്യത്തിനു പുറത്തായിരിക്കുന്നത് നെഹ്‌റയും യൂസഫ് പത്താനും മൂന്നു തവണയും.

We use cookies to give you the best possible experience. Learn more