| Tuesday, 9th January 2024, 10:34 am

സ്വന്തം മണ്ണില്‍ രോഹിത് ചരിത്രമെഴുതുമോ? വേണ്ടത് വെറും അഞ്ച് സിക്‌സര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. നായകന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടി-20 ഫോര്‍മാറ്റില്‍ വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ പരമ്പരയെ ഏറെ സ്‌പെഷ്യലാക്കുന്നത്. 2022ല്‍ നടന്ന ടി-20 ലോകകപ്പിന് ശേഷം ഇരുവരും ഒന്നിച്ച് ഇന്ത്യക്കായി ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ബാറ്റേന്തിയിട്ടില്ല.

ഈ വര്‍ഷം ടി-20 ലോകകപ്പ് നടക്കുന്നു എന്നതിനാലും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ പരമ്പരയെ നോക്കിക്കാണുന്നത്. ഇത്തവണ വിന്‍ഡീസും അമേരിക്കയും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ രോഹിത്തും വിരാടും ഒന്നിക്കും എന്നതിന്റെ ആദ്യ സൂചനകള്‍ കൂടിയാണ് അപെക്‌സ് ബോര്‍ഡ് നല്‍കുന്നത്.

അഫ്ഗാനെതിരായ പരമ്പരയില്‍ രോഹിത് ശര്‍മയെ ഒരു അത്യപൂര്‍വ റെക്കോഡും കാത്തിരിപ്പുണ്ട്. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ക്യാപ്റ്റന്‍ എന്ന നേട്ടമാണ് രോഹിത്തിന് മുമ്പിലുള്ളത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ അഞ്ച് തവണ കൂടി പന്ത് ഗ്യാലറിയിലെത്തിച്ചാല്‍ രോഹിത്തിന് ഈ നേട്ടം സ്വന്തമാക്കാം.

നിലവില്‍ 86 സിക്‌സര്‍ നേടിയ മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. നിലവില്‍ ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള രോഹിത് ശര്‍മ ആകെ നേടിയത് 182 സിക്‌സറുകളാണ്. ഇതില്‍ 82 സിക്‌സറുകളും ക്യാപ്റ്റന്റെ റോളിലിരിക്കവെയാണ് രോഹിത് സ്വന്തമാക്കിയത്.

ടി-20യില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം എന്ന റെക്കോഡിനൊപ്പം ടി-20യില്‍ ഏറ്റവുമധികം സിക്‌സറടിച്ച ക്യാപ്റ്റന്‍ എന്ന റെക്കോഡും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. രോഹിത്.

ജനുവരി 11നാണ് പരമ്പരയിലെ ആദ്യ മത്സരം. മൊഹാലിയാണ് വേദി.

ഇന്ത്യ സ്‌ക്വാഡ്

റിങ്കു സിങ്, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, വിരാട് കോഹ്‌ലി, യശസ്വി ജെയ്‌സ്വാള്‍, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, രവി ബിഷ്‌ണോയ്.

അഫ്ഗാനിസ്ഥാന്‍ സ്‌ക്വാഡ്

ഹസ്രത്തുള്ള സസായ്, ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), നജിബുള്ള സദ്രാന്‍, അസ്മത്തുള്ള ഒമര്‍സായ്, ഗുലാബ്ദീന്‍ നയീബ്, കരിം ജന്നത്, മുഹമ്മദ് നബി, റഹ്‌മത് ഷാ, ഷറഫുദ്ദീന്‍ അഷ്‌റഫ്, ഇക്രം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഫരീദ് അഹ്‌മദ്, ഫസലാഖ് ഫാറൂഖി, മുഹമ്മദ് സലീം, മുജീബ് ഉര്‍ റഹ്‌മാന്‍, നവീന്‍ ഉള്‍ ഹഖ്, നൂര്‍ അഹമ്മദ്, ഖായിസ് അഹമ്മദ്, റാഷിദ് ഖാന്‍.

Content highlight: Rohit Sharma needs five sixes to hold the record for most sixes by a captain in T20Is.

We use cookies to give you the best possible experience. Learn more