അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. നായകന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടി-20 ഫോര്‍മാറ്റില്‍ വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ പരമ്പരയെ ഏറെ സ്‌പെഷ്യലാക്കുന്നത്. 2022ല്‍ നടന്ന ടി-20 ലോകകപ്പിന് ശേഷം ഇരുവരും ഒന്നിച്ച് ഇന്ത്യക്കായി ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ബാറ്റേന്തിയിട്ടില്ല.
ഈ വര്‍ഷം ടി-20 ലോകകപ്പ് നടക്കുന്നു എന്നതിനാലും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ പരമ്പരയെ നോക്കിക്കാണുന്നത്. ഇത്തവണ വിന്‍ഡീസും അമേരിക്കയും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ രോഹിത്തും വിരാടും ഒന്നിക്കും എന്നതിന്റെ ആദ്യ സൂചനകള്‍ കൂടിയാണ് അപെക്‌സ് ബോര്‍ഡ് നല്‍കുന്നത്.
അഫ്ഗാനെതിരായ പരമ്പരയില്‍ രോഹിത് ശര്‍മയെ ഒരു അത്യപൂര്‍വ റെക്കോഡും കാത്തിരിപ്പുണ്ട്. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ക്യാപ്റ്റന്‍ എന്ന നേട്ടമാണ് രോഹിത്തിന് മുമ്പിലുള്ളത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ അഞ്ച് തവണ കൂടി പന്ത് ഗ്യാലറിയിലെത്തിച്ചാല്‍ രോഹിത്തിന് ഈ നേട്ടം സ്വന്തമാക്കാം.
നിലവില്‍ 86 സിക്‌സര്‍ നേടിയ മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. നിലവില്‍ ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള രോഹിത് ശര്‍മ ആകെ നേടിയത് 182 സിക്‌സറുകളാണ്. ഇതില്‍ 82 സിക്‌സറുകളും ക്യാപ്റ്റന്റെ റോളിലിരിക്കവെയാണ് രോഹിത് സ്വന്തമാക്കിയത്.
ടി-20യില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം എന്ന റെക്കോഡിനൊപ്പം ടി-20യില്‍ ഏറ്റവുമധികം സിക്‌സറടിച്ച ക്യാപ്റ്റന്‍ എന്ന റെക്കോഡും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. രോഹിത്.