അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരക്ക് വ്യാഴാഴ്ച തുടക്കമാവുകയാണ്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടിലാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്.
2022ലെ ഏഷ്യാ കപ്പിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ 20 ഓവര്‍ ഫോര്‍മാറ്റില്‍ കളിക്കുന്നത്. അന്ന് ദുബായില്‍ നടന്ന മത്സരത്തില്‍ 101 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. വിരാട് കോഹ്‌ലിയുടെ ടി-20 കരിയറിലെ ആദ്യ സെഞ്ച്വറി പിറന്ന മത്സരം എന്ന നിലയിലാണ് ആരാധകര്‍ക്കിടയില്‍ ആ മത്സരം ഓര്‍മിക്കപ്പെടുന്നത്.
ടി-20യില്‍ ഇതുവരെ ഇന്ത്യ അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടിട്ടില്ല. ഇതേ പതിവ് ഈ പരമ്പരയിലും ആവര്‍ത്തിച്ചാല്‍ നായകന്‍ രോഹിത് ശര്‍മയെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് കാത്തിരിക്കുന്നത്. ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയെ ഏറ്റവുമധികം വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കുക.
നിലവില്‍ 39 മത്സരത്തിലാണ് രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 41 ടി-20കളില്‍ അമരത്തിരുന്ന് ഇന്ത്യയെ വിജയതീരത്തേക്ക് നയിച്ച മുന്‍ നായകന്‍ എം.എസ്. ധോണിയുടെ പേരിലാണ് നിലവില്‍ ഈ റെക്കോഡുള്ളത്. അഫ്ഗാനെതിരായ പരമ്പര 3-0ന് വിജയിച്ചാല്‍ രോഹിത്തിന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും.
ടി-20യില്‍ ഇന്ത്യയെ ഏറ്റവുമധികം മത്സരത്തില്‍ വിജയിപ്പിച്ച ക്യാപ്റ്റന്‍മാര്‍
എം.എസ്. ധോണി – 41
രോഹിത് ശര്‍മ – 39*
വിരാട് കോഹ് ലി – 30
ഈ വര്‍ഷം നടക്കുന്ന ടി-20 ലോകകപ്പിലും രോഹിത് ശര്‍മ തന്നെ ഇന്ത്യയെ നയിച്ചേക്കുമെന്ന സൂചനകളാണ് അപെക്‌സ് ബോര്‍ഡ് നല്‍കുന്നത്. അങ്ങനെയെങ്കില്‍ ഒരുപക്ഷേ ഈ പരമ്പരയില്‍ ഈ നേട്ടത്തിനൊപ്പമെത്താന്‍ സാധിച്ചില്ലെങ്കിലും ലോകകപ്പില്‍ രോഹിത് ധോണിയെ മറികടക്കുമെന്നത് ഉറപ്പാണ്.
ഇതിന് പുറമെ പല വ്യക്തിഗത നേട്ടങ്ങളും രോഹിത്തിന് മുമ്പിലുണ്ട്. ടി-20യില്‍ 200 സിക്‌സര്‍ സ്വന്തമാക്കുന്ന ആദ്യ താരം, ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ക്യാപ്റ്റന്‍ എന്നിങ്ങനെ നിരവധി റെക്കോഡുകള്‍ രോഹിത്തിന്റെ കയ്യെത്തും ദൂരത്തുണ്ട്.
അതേസമയം, ആദ്യ മത്സരത്തില്‍ വിരാട് കോഹ്‌ലി കളിക്കില്ല എന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യക്തിഗത കാരണങ്ങളാലാണ് വിരാട് ആദ്യ മത്സരത്തില്‍ നിന്നും ഒഴിവായിരിക്കുന്നത്. പരമ്പരയുടെ രണ്ടാം മത്സരത്തിലും മൂന്നാം ടി-20യിലും വിരാട് ടീമിനൊപ്പം ചേരും.
ഇന്ത്യ സ്‌ക്വാഡ്
റിങ്കു സിങ്, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, വിരാട് കോഹ്‌ലി, യശസ്വി ജെയ്സ്വാള്‍, അക്സര്‍ പട്ടേല്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, രവി ബിഷ്ണോയ്.
അഫ്ഗാനിസ്ഥാന്‍ സ്‌ക്വാഡ്
ഹസ്രത്തുള്ള സസായ്, ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), നജിബുള്ള സദ്രാന്‍, അസ്മത്തുള്ള ഒമര്‍സായ്, ഗുലാബ്ദീന്‍ നയീബ്, കരിം ജന്നത്, മുഹമ്മദ് നബി, റഹ്‌മത് ഷാ, ഷറഫുദ്ദീന്‍ അഷ്റഫ്, ഇക്രം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഫരീദ് അഹമ്മദ്, ഫസലാഖ് ഫാറൂഖി, മുഹമ്മദ് സലീം, മുജീബ് ഉര്‍ റഹ്‌മാന്‍, നവീന്‍ ഉള്‍ ഹഖ്, നൂര്‍ അഹമ്മദ്, ഖായിസ് അഹമ്മദ്, റാഷിദ് ഖാന്‍.
Content Highlight: Rohit Sharma needs 3 wins to surpass MS Dhoni in a great record